കയര്‍കേരളയ്ക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
Friday, January 30, 2015 12:26 AM IST
ആലപ്പുഴ: കയര്‍ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ-വ്യാപാര-പ്രദര്‍ശന മേളയായ കയര്‍കേരള അഞ്ചാംപതിപ്പിനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴ ഇഎംഎസ് സ്റേഡിയത്തില്‍ അന്തിമഘട്ടത്തിലെത്തി. 53 രാജ്യങ്ങളില്‍ നിന്നും 170 വിദേശ വ്യാപാരികളാണു കയര്‍ ഉത്പന്നങ്ങള്‍ തേടി മേളയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സൌത്ത് ആഫ്രിക്ക, കെനിയ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഇക്കുറി ഏറ്റവുമധികം പ്രതിനിധികള്‍ മേളയിലെത്തുകയെന്ന് റവന്യു-കയര്‍ മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരള കയറിന്റെ പരമ്പരാഗത വിപണികളായ അമേരിക്ക, റഷ്യ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാപാര പ്രതിനിധികള്‍ ആലപ്പുഴയിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 വ്യാപാരികളും പുതിയ ഉത്പന്നങ്ങളും സാധ്യതകളും തേടി മേളയിലെത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിനു കയര്‍ തൊഴിലാളികളുടെ സാന്നിധ്യവും മേളയിലുണ്ടാകും. പ്രതിനിധികള്‍ക്കു മാത്രമായുള്ള വ്യാപാര പ്രദര്‍ശനത്തിനായി ഒരുക്കുന്ന രാജ്യാന്തര പവലിയനില്‍ 100 സ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റാളുകളും ഉണ്ടാകും. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പടെ 275 പ്രദര്‍ശകരായിരിക്കും ഉണ്ടാകുക. കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ഒന്നേമുക്കാല്‍ കോടിരൂപയടക്കം നാലുകോടിയില്‍പരം രൂപയാണ് മേളയ്ക്കു ചെലവു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പറഞ്ഞു.


മേളയില്‍ നൂതന കയറുത്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും മികച്ച ശേഖരവും പ്രദര്‍ശിപ്പിക്കും. ആക്കൊയര്‍ എന്ന പേരില്‍ ശബ്ദ നിയന്ത്രണ സംവിധാനത്തോടെയുള്ള നൂതന കയറുത്പന്നം ഇക്കുറി മേളയില്‍ പുറത്തിറക്കും. ഈ ഉല്പന്നം തീയടക്കമുള്ളവയില്‍ നിന്നും സംരക്ഷണമുള്ളതുമാണ്. ഇതിന്റെ പേറ്റന്റിനുവേണ്ടി അപേക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കയറും മറ്റ് ഓര്‍ഗാനിക് കോമ്പൌണ്ടുകളും ചേര്‍ത്താണ് ഉത്പന്നം നിര്‍മിച്ചിരിക്കുന്നത്. മേള ഒന്നിനു വൈകുന്നേരം നാലിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. അഞ്ചിനു നടക്കുന്ന സമാപനസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുക. രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന രാജ്യാന്തര സെമിനാറുകളിലും നാലിലെ ദേശീയ സെമിനാറിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ബയര്‍-സെല്ലര്‍ സംഗമം മൂന്നിനു നടക്കും. ഇത്തവണ 200 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറുകളാണ് പ്രതീക്ഷിക്കുന്നത്. സമാപനദിനത്തില്‍ കയര്‍മന്ത്രി തൊഴിലാളികളുമായി നേരിട്ടു ആശയവിനിമയം നടത്തും. പത്രസമ്മേളനത്തില്‍ കാര്‍ഷിക മെഷിനറി ഫാക്ടറി ചെയര്‍മാന്‍ ഡി. സുഗതന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ്, ഡോ. അനില്‍, ടി.എന്‍. നായര്‍, പി.വി. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.