മദ്യപാനത്താല്‍ എന്തു സംഭവിച്ചാലും വേണ്ടില്ല വരുമാനം മതിയെന്നാണു ചിലരുടെ ചിന്ത: സുധീരന്‍
മദ്യപാനത്താല്‍ എന്തു സംഭവിച്ചാലും വേണ്ടില്ല വരുമാനം മതിയെന്നാണു ചിലരുടെ ചിന്ത:  സുധീരന്‍
Friday, January 30, 2015 12:25 AM IST
പുന്നമൂട്: മദ്യപാനമുള്‍പ്പടെയുള്ള ലഹരിക്കടിപ്പെട്ടു സമൂഹത്തിനു എന്തു സംഭവിച്ചാലും വേണ്ടില്ല അതിലൂടെയുള്ള സാമ്പത്തിക വരുമാനത്തെക്കുറിച്ചാണ് ചിലരുടെ ചിന്തയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ നാമഹേതുക തിരുന്നാളിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരേ പൊതുസമൂഹം ശക്തമായി രംഗത്തു വരികയും ലഹരി വിരുദ്ധ അന്തരീക്ഷം സംസ്ഥാനത്തു രൂപപ്പെടുകയുമുണ്ടായി എന്നാല്‍ മദ്യ ലോബിയുടെ വിവിധ തലത്തില്‍പ്പെട്ട മാഫിയ സംഘങ്ങള്‍ ഉള്‍പ്പെടുന്ന കറുത്ത ശക്തികള്‍ ഇതിനെ തകര്‍ക്കാന്‍ ഇന്ന് ശ്രമിക്കുകയാണ.് ഇത്തരം കറുത്ത ശക്തികള്‍ക്കെതിരേ ജനശക്തി ഉയരണമെന്നും സുധീരന്‍ പറഞ്ഞു. സമൂഹത്തെ സാമൂഹ്യ തിന്മകളില്‍ നിന്നും ലഹരിയുടെ വിപത്തില്‍ നിന്നും രക്ഷിക്കാനുള്ള ദൌത്യത്തില്‍ കത്തോലിക്കാ സഭയുടെ പങ്കും പുരോഹിതന്മാരുടെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനവും മറ്റുള്ളവര്‍ക്ക് മാതൃക പകരുന്നതാണെന്നും സുധീരന്‍ പറഞ്ഞു. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളെയും ദേശീയ മൂല്യങ്ങളെയും വിസ്മരിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ രാജ്യം ഭരിക്കുന്നവര്‍ വെല്ലുവിളിക്കുകയാണ്. റിപ്പബ്ളിക് ദിനത്തില്‍ നല്‍കിയ പരസ്യത്തില്‍ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയതു ഇതിനു തെളിവാണ്. നിയമസഭയുടെ പ്രവര്‍ത്തനത്തിനു കീഴ്വഴക്കവും പെരുമാറ്റച്ചട്ടവും നിലനില്‍ക്കെ കായികശക്തി ഉപയോഗിച്ച് സഭയില്‍ പ്രശ്നങ്ങളെ നേരിടുമെന്ന പ്രതിപക്ഷ നേതാവിന്റെ ആഹ്വാനവും സമീപനവും ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.


മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ഭാരതം എല്ലാ അര്‍ഥത്തിലും ഭാരതമായതു കൊണ്ടാണ് ലോകം അംഗീകരിക്കുന്നതെന്നും അതിനാല്‍ അന്തസത്തയറിഞ്ഞ് ഭാരതത്തിന്റെ പൈതൃകവും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ ക്ഷേമ വിഭാഗമായ ചേതനയുടെ ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പുല്‍ക്കൂട് ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഒരു ക്രെെസ്തവ വിശ്വാസിക്ക് വേണ്ടത് സമര്‍പ്പണത്തോടെയുള്ള ജീവിതമാണ് വേണ്ടത്. മദ്യം ഉള്‍പ്പടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരേ അതി ശക്തമായ നിലപാടാണ് സഭയ്ക്കുള്ളതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി, ഇമാം അബ്ദുല്‍ വാഹിദ്, ബഥനി സീനിയര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോസ് കുരുവിള ഒഐസി, മോണ്‍. ജോര്‍ജ് ചരുവിള കോര്‍ എപ്പിസ്കോപ്പ, ജോണ്‍പുത്തന്‍ വിളകോര്‍ എപ്പിസ്കോപ്പ , ജോസ് കടകമ്പള്ളില്‍ കോര്‍ എപ്പിസ്കോപ്പ, സജി ജോണ്‍ പായിക്കാട്ട്, സിസ്റര്‍ ദീപ, ഫാ. ബെനഡിക്ട് കുര്യന്‍, ഫാ. മാത്യുസ് കുഴിവിള, ഫാ ബിന്നി നെടുമ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.