കലവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
കലവൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
Friday, January 30, 2015 12:23 AM IST
ആലപ്പുഴ: കലവൂരില്‍ ബിജെപി നേതാവ് വെട്ടേറ്റുമരിച്ചു. ബിജെപി ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് പുതുവേലിച്ചിറ വെളിയില്‍ വേണുഗോപാല്‍ (46) ആണ് ഇന്നലെ രാവിലെ ആറോടെ വെട്ടേറ്റുമരിച്ചത്. വീടിനു സമീപം റോഡിനോട് ചേര്‍ന്നു തുണി കഴുകിക്കൊണ്ട് നില്‍ക്കുമ്പോഴാണ് വേണുഗോപാലിന് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ഇയാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. തല കഴുത്തില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.

മൃതദേഹത്തിനു സമീപത്തുനിന്നു വെള്ള സോക്സില്‍ പൊതിഞ്ഞ കഠാരയും സ്റീല്‍ വളയും ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷ സാധ്യതകളൊന്നും തന്നെ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സംശയമാണ് പോലീസിനുള്ളത്. മൂന്നു ബൈക്കുകളിലെത്തിയ ഏഴംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക സംഘത്തില്‍ മണ്ണഞ്ചേരി സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്െടന്ന സംശയമുണ്ട്. ഭാര്യ മരിച്ചതിനുശേഷം സഹോദരിയോടൊപ്പം താമസിക്കുകയായിരുന്ന വേണുഗോപാല്‍ ദിവസവും രാവിലെ തുണികഴുകുന്നതിനും നനയ്ക്കുന്നതിനുമായി സ്വന്തം സ്ഥലത്ത് എത്തുമായിരുന്നു. അത്തരത്തില്‍ ഇന്നലെ രാവിലെ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് കരുതുന്നു.

ഒച്ചയോ മറ്റു ബഹളങ്ങളോ ഉണ്ടാകാത്തതിനാല്‍ ആക്രമണം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. നാട്ടുകാരാണ് വേണുഗോപാല്‍ വെട്ടേറ്റു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയതിനുശേഷമാണ് പരിസരവാസികള്‍ പോലും കൊലപാതകവിവരം അറിഞ്ഞത്. ഇന്‍ക്വസ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. വിദേശത്ത് ജോലി നോക്കുന്ന മകന്‍ വിഷ്ണു ഇന്നു നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്കരിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ ആലപ്പുഴ മണ്ഡലത്തില്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലാചരിച്ചു.


രാവിലെ പത്തോടെ ദേശീയ പാതയില്‍ എക്സല്‍ ഗ്ളാസസിന് സമീപം ബൈക്കിലെത്തിയ ഹര്‍ത്താലനുകൂലികളായ രണ്ടംഗസംഘം കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ചെങ്ങന്നൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസിന്റെ മുന്‍ ചില്ലുകളാണ് തകര്‍ത്തത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും യാത്രക്കാരനായ മട്ടാഞ്ചേരി സ്വദേശി മാര്‍ട്ടിന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ജില്ലാ കോടതിക്കു മുന്‍വശത്തെ കടകമ്പോളങ്ങള്‍ പത്തരയോടെ ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. ഹര്‍ത്താല്‍ വിവരമറിഞ്ഞ് രാവിലെ തുറന്ന കടകള്‍ പലതും പതിനൊന്നോടെ തന്നെ അടച്ചിരുന്നു. കലവൂര്‍, മണ്ണഞ്ചേരി, പാതിരപ്പള്ളി, റോഡുമുക്ക്് എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ ബസ് തടഞ്ഞതിനെത്തുടര്‍ന്ന് പത്തിന് കലവൂരില്‍ നിന്നും മണ്ണഞ്ചേരിയില്‍ നിന്നുമുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിലച്ചു.

2013 മാര്‍ച്ച് 20ന് പുലര്‍ച്ചെ ഏഴോടെ കെഎസ്ഇബി ജീവനക്കാരനായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് പന്നിശേരി വെളിയില്‍ ചന്ദ്രലാലിനെ വലിയകലവൂര്‍ ജംഗ്ഷന് കിഴക്കുവശം വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട വേണുഗോപാല്‍. ഈ കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കെതിരേ കാപ്പാ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരവെയാണ് കൊലപാതകം. സംഭവം സംബന്ധിച്ച് ചേര്‍ത്തല ഡിവൈഎസ്പി എ.ജി. ബാബുകുമാര്‍, മാരാരിക്കുളം സിഐ കെ.ജി. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.