അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്നാട് മേഖലയില്‍ മാവോയിസ്റുകളെ കണ്െടത്തി
അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്നാട് മേഖലയില്‍ മാവോയിസ്റുകളെ കണ്െടത്തി
Friday, January 30, 2015 12:16 AM IST
എടക്കര (മലപ്പുറം): കേരള, തമിഴ്നാട്, കര്‍ണാടക പോലീസ് സേനകള്‍ ഊര്‍ജിത തെരച്ചില്‍ നടത്തുമ്പോള്‍ അതിര്‍ത്തിവനങ്ങളില്‍ മാവോയിസ്റുകള്‍ നിര്‍ബാധം സഞ്ചരിക്കുന്നതിന്റെ തെളിവ് പുറത്തുവന്നു. മലപ്പുറം-പാലക്കാട് വനാതിര്‍ത്തിയോട് ചേര്‍ന്ന തമിഴ്നാട്ടിലെ ബെങ്കിത്തപാല്‍ വനമേഖലയില്‍ വിശ്രമിക്കുന്ന മാവോയിസ്റുകളുടെ ചിത്രം തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിനു ലഭിച്ചു. മഹാലിംഗം, ജയേഷ്, കന്യാകുമാരി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇതെന്ന് ക്യൂ ബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുക്കുറുത്തി വനമേഖലയില്‍പ്പെട്ട ബെങ്കിത്തപാല്‍ കുന്നിന്‍പുറത്തെ പുല്‍മേട്ടില്‍ പാറപ്പുറത്ത് വിശ്രമിക്കുന്ന ആയുധധാരികളായ അഞ്ചുപേരാണ് ചിത്രത്തിലുള്ളത്. മാവോയിസ്റുകളുടെ പക്കലുള്ള ആയുധങ്ങള്‍ ചിത്രത്തില്‍ അവ്യക്തമായി കാണാം. വലിയ ബാഗുകളും കൂട്ടിവച്ചിട്ടുണ്ട്. സംഘം തങ്ങിയ പലയിടങ്ങളിലും തീ കൂട്ടിയതിന്റെ അവശിഷ്ടങ്ങളും കണ്െടത്തിയിട്ടുണ്ട്.

കഴിഞ്ഞ 25ന് വനമേഖലയില്‍ ചിത്രങ്ങളെടുക്കാന്‍ പോയ വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫര്‍മാരാണ് ചിത്രം പകര്‍ത്തിയത്. വളരെ ദൂരെനിന്നു കാമറ സൂം ചെയ്ത് എടുത്തവയാണ് ചിത്രങ്ങള്‍.


ഇതുസംബന്ധിച്ച അന്വേഷണത്തിനായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ എത്തിയിരുന്നു. ന്യൂ അമരമ്പലം റിസര്‍വ് വനത്തിന് മുകളിലും മുക്കുറുത്തി ഡാമിന് താഴെയുമായാണ് ബെങ്കിത്തപാല്‍ പുല്‍മേടുകള്‍.

ഊട്ടി നടുവട്ടം പോലീസ് സ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. ഇവിടെനിന്നു മഞ്ചൂര്‍ ഭാഗത്തേക്കും കേരള വനമേഖലകളിലേക്കും സഞ്ചരിക്കാന്‍ കഴിയും. സംഭവവുമായി ബന്ധപ്പെട്ട് നടുവട്ടം പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.

മാവോയിസ്റുകള്‍ വിശ്രമിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതായാണ് സൂചന. വിവരമറിഞ്ഞ് കേരള രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മരുതയില്‍ ആയുധധാരികള്‍ എത്തിയെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.