നിര്‍മാണം നിര്‍ത്തി; ബോര്‍ഡിനെ മുള്‍മുനയിലാക്കി കരാറുകാര്‍
Friday, January 30, 2015 12:16 AM IST
ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായപ്പോള്‍ വൈദ്യുതി ബോര്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി കോടികള്‍ തട്ടിയെടുക്കാന്‍ കരാറുകാരുടെ ശ്രമം.

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവച്ച് വിലപേശി വന്‍തുക തട്ടാനാണ് സ്വകാര്യ കരാറുകാര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ നീക്കത്തിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ നിര്‍മാണം തുടങ്ങിയിട്ട് ഇപ്പോള്‍ത്തന്നെ എട്ടു വര്‍ഷം പിന്നിട്ടു.

മുംബൈ ആസ്ഥാനമായുള്ള എസ്ആര്‍ ഗ്രൂപ്പും ചൈനീസ് കമ്പനിയായ ഡിഇസിയും ഹൈദരാബാദിലെ സിപിപിഎല്‍ കമ്പനിയും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് 268.01 കോടി രൂപയ്ക്കു പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ കരാര്‍ എടുത്തിരിക്കുന്നത്.

എസ്ആര്‍ ഗ്രൂപ്സ് പിന്നീട് എസ്ആര്‍ പ്രോജക്ട്സ് ആയി മാറി. ചൈനീസ് കമ്പനിയായ ഡിഇസി കണ്‍സോര്‍ഷ്യം വിട്ടു. 178 കോടിയോളം രൂപ ഇപ്പോള്‍ത്തന്നെ കരാറുകാര്‍ കൈപ്പറ്റിക്കഴിഞ്ഞു. 88 ബില്ലുകള്‍ മാറിക്കൊടുത്തിട്ടുണ്ട്. കരാര്‍ പ്രകാരം നല്‍കേണ്ടതിലും കൂടുതല്‍ തുകയാണ് ഇപ്പോള്‍ കരാറുകാര്‍ക്കു നല്‍കിയിരിക്കുന്നത്.

75 ശതമാനം പൂര്‍ത്തിയായ പദ്ധതി ഇനി മറ്റാരും ഏറ്റെടുക്കില്ല എന്ന ധൈര്യത്തിലാണ് കരാറുകാരുടെ വിലപേശല്‍. വൈദ്യുതി ബോര്‍ഡിനെ ബ്ളാക്മെയില്‍ ചെയ്ത് അടങ്കല്‍ തുക വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. ഡെപ്പോസിറ്റ് തുകയില്‍നിന്നും ഒരു വിഹിതംകൂടി നല്‍കി എങ്ങനെയെങ്കിലും പ്രശ്നം തീര്‍ക്കാന്‍ ബോര്‍ഡ് അധികൃതര്‍ ശ്രമിക്കുന്നുണ്ട്.


ഡെപ്പോസിറ്റ് തുകയായ 10 കോടിയില്‍നിന്നും രണ്ടരക്കോടി നല്‍കാന്‍ ബോര്‍ഡ് ഒരുക്കമാണെങ്കിലും കരാറുകാര്‍ വഴങ്ങിയിട്ടില്ല. ഇറക്ഷന്‍, ഫാബ്രിക്കേഷന്‍ തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. പവര്‍ ഹൌസിന്റെ പണി 90 ശതമാനവും കഴിഞ്ഞിട്ടുണ്ട്.

മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളില്‍ നിന്നുള്ള വെള്ളം മൂന്നാറിലെ രാമസ്വാമി അയ്യര്‍ ഹെഡ്വര്‍ക്സ് ഡാമില്‍ ശേഖരിച്ച് ടണല്‍ വഴി പള്ളിവാസലില്‍ എത്തിച്ചാണ് സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്നത്. ആര്‍എ ഹെഡ്വര്‍ക്സ് ഡാമില്‍നിന്നും പാഴായിപ്പോകുന്ന വെള്ളം വൈദ്യുതോത്പാദനത്തിനായി തിരിച്ചുവിടുകയാണു പള്ളിവാസല്‍ എക്സ്റന്‍ഷന്‍ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ പള്ളിവാസല്‍ പവര്‍ ഹൌസിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിനു സമാനമായി 3.5 കിലോമീറ്റര്‍ നീളവും 3.5 മീറ്റര്‍ വ്യാസവുമുള്ള മറ്റൊരു തുരങ്കം നിര്‍മിച്ച് പെന്‍സ്റോക്ക് പൈപ്പുവഴി പുതിയ പവര്‍ഹൌസിലേക്ക് എത്തിക്കുകയാണ് പദ്ധതി.

പള്ളിവാസലില്‍ പൂതിയ പദ്ധതി യാഥാര്‍ഥ്യമായാല്‍ 60 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് അധികം ഉത്പാദിപ്പിക്കാന്‍ കഴിയും. ഉത്പാദനച്ചെലവ് ആദ്യവര്‍ഷം യൂണിറ്റിന് 8.68 രൂപയായിരിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. എട്ടു വര്‍ഷത്തിനു ശേഷം ഇത് 78 പൈസയായി കുറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.