അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് ദീപിക ജീവനക്കാരന്‍ മരിച്ചു
അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് ദീപിക ജീവനക്കാരന്‍ മരിച്ചു
Friday, January 30, 2015 12:14 AM IST
കോട്ടയം: അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ചു സ്കൂട്ടര്‍ യാത്രക്കാരനായ ദീപിക സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം ചെങ്ങളത്തുകാവ് കോമരത്തുംപറമ്പില്‍ സക്കറിയ മാത്യു (സക്കറിയാച്ചന്‍-56) ആണു മരിച്ചത്. ഇന്നലെ രാവിലെ 9.05നു കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ ജംഗ്ഷനിലെ ബസ് സ്റോപ്പിലായിരുന്നു അപകടം. കോട്ടയം-മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നട ത്തുന്ന ഗുരുദേവ് ബസാണു സ്കൂട്ടറില്‍ ഇടിച്ചത്.

മകളുടെ മകന്‍ ഡിയോണുമൊത്ത് മകളുടെ ചിങ്ങവനത്തുള്ള ഭര്‍തൃവസതിയിലേക്കു പോകുംവ ഴിയാണ് അപകടം. ബസ് സ്കൂട്ടറില്‍ ഇടിച്ച് റോഡിലേക്കു വീണ സക്കറിയയുടെ തലയിലൂടെ ബസിന്റെ പിന്നിലെ ടയറുകള്‍ കയറിയിറങ്ങി. തത്ക്ഷണം മരണം സംഭവിച്ചുവെന്നു പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിനുശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദാരുണമായ അപകടം കണ്ട് ഓടിയെത്തിയ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി. കുമരകം പോലീസ് എത്തിയാണു മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. പരിക്കേറ്റ ഡിയോണിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു.


സക്കറിയായുടെ സംസ്കാരം ചെങ്ങളം സെന്റ് മേരീസ് സെഹിയോന്‍ ക്നാനായ യാക്കോബായ പള്ളിയില്‍ പിന്നീട്. ഭാര്യ ചിന്നമ്മ ചെങ്ങളം മാരാമ്പറമ്പ് കുടുംബാഗം. മക്കള്‍: മനോ (ദുബായി), മോന്‍സി (മസ്കറ്റ്), സൌമ്യ (സൌദി). മരുമക്കള്‍: ആശ (കുറ്റൂര്‍), ദീപു തകിടിയേല്‍ ചിങ്ങവനം (ഖത്തര്‍).

ബസിന്റെ ഡ്രൈവര്‍ വേളൂര്‍ പുളിക്കമറ്റം മാലിയില്‍ ഗിരീഷ്കുമാര്‍ (43) ഒളിവിലാണ്. അശ്രദ്ധമായി അമിതവേഗത്തില്‍ ബസോടിച്ച് അപകടമുണ്ടാക്കിയതിനു ഡ്രൈവര്‍ക്കെതിരേ നരഹത്യക്കു കേസെടുത്തതായി പോലീസ് പറഞ്ഞു. പോലീസ് കസ്റഡിയിലുള്ള ബസ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ഇന്നു പരിശോധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.