സിലിണ്ടറിലെ ഗ്യാസ് ചോര്‍ന്നു തീപിടിച്ച് അച്ഛനും രണ്ടു കുട്ടികളും വെന്തുമരിച്ചു
Thursday, January 29, 2015 12:45 AM IST
കൊല്ലങ്കോട്: പല്ലശ്ശനയില്‍ സിലിണ്ടറിലെ ഗ്യാസ് ചോര്‍ന്നു തീപിടിച്ച് അച്ഛനും രണ്ടു പിഞ്ചുകുട്ടികളും മരിച്ചു. പല്ലശന കൂടല്ലൂരിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

കൂടല്ലൂര്‍ ഏരിക്കാട് പരേതനായ രാമന്റെ മകന്‍ ബാബു (45), മക്കളായ അബിത(5), അക്ഷയ(2) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നാണു പോലീസും സ്ഥലവാസികളും പറയുന്നത്.

ഗ്യാസിന്റെ പൈപ്പ് അഴിഞ്ഞുകിടക്കുകയായിരുന്നു. വീട് അകത്തുനിന്നു പൂട്ടിയിരുന്നു. അപകടമാണോ എന്ന കാര്യം കൂടുതല്‍ പരിശോധനയിലേ വ്യക്തമാകൂ എന്നു പോലീസ് പറഞ്ഞു. വീട് ഏകദേശം പൂര്‍ണമായും കത്തിനശിച്ചു. ഒറ്റമുറിവീടായിരുന്നു. ഉടന്‍ സമീപവാസികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ മൂന്നും കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു.

പാലക്കാട്- വാളയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണു ബാബു. ഭാര്യ പ്രമീള ഇവരുടെ മൂത്തമകന്‍ അജിത്തിനെ കൂട്ടിക്കൊണ്ടുവരാന്‍ തറവാട്ടുവീട്ടില്‍ പോയ സമയത്താണു ദുരന്തമുണ്ടായത്. കൊല്ലങ്കോട് പോലീസും ആലത്തൂരില്‍നിന്നും ചിറ്റൂരില്‍നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.


വി.ചെന്താമരാക്ഷന്‍ എംഎല്‍എ, ചിറ്റൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

പല്ലശ്ശന ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് അജിത്ത്. എല്‍കെജി വിദ്യാര്‍ഥിനിയാണു മരിച്ച അബിത. അപകടത്തില്‍ ദുരൂഹതയുണ്െടന്നാ ണു പോലിസിന്റെ പ്രാഥമിക നിഗമനം. ജീവനൊടുക്കിയതാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.