കണ്‍വന്‍ഷന്‍ 31ന്
Thursday, January 29, 2015 12:44 AM IST
കൊച്ചി: റോഡ് സുരക്ഷാ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ 31ന് എറണാകുളം തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ ചേരുമെന്നു കേരള സ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റോഡ് ഗതാഗതമേഖലയില്‍ കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, ടാക്സി, ടൂര്‍ പാക്കേജ് വാഹനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തെയും പ്രതികൂലമായി ബാധിക്കുന്നതാണു സുരക്ഷാ ബില്ല്. ഇതു നടപ്പാക്കിയാല്‍ യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിക്കും. നിസാരമായ റോഡ് അപകടങ്ങള്‍ക്കും ഗതാഗത നിയമലംഘനത്തിനും വളരെ കടുത്ത ശിക്ഷയും പിഴയുമാണു ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലൈസന്‍സിന്റെയും പെര്‍മിറ്റിന്റെയും വിതരണവും നികുതിപിരിവുമെല്ലാം കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അഥോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. ഇതോടെ മോട്ടോര്‍വാഹന വകുപ്പു തന്നെ ഇല്ലാതാകും. മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിനു തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും ജീവിതം വഴിമുട്ടും. റോഡ് സുരക്ഷാ ബില്ല് പിന്‍വലിക്കാനുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു സംസ്ഥാന കണ്‍വന്‍ഷന്‍ രൂപം നല്‍കുമെന്നു സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി കണ്‍വീനര്‍ കെ.എ. അലി അക്ബര്‍, ആര്‍. രഘുരാജ്, എം.എസ്. രാജു, മനോജ് പെരുമ്പിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.