ദര്‍ശന പുസ്തകമേള നാളെ മുതല്‍ കോട്ടയത്ത്
ദര്‍ശന പുസ്തകമേള നാളെ മുതല്‍ കോട്ടയത്ത്
Thursday, January 29, 2015 12:38 AM IST
കോട്ടയം: മുപ്പത്തിയൊന്നാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള നാളെ മുതല്‍ ഫെബ്രുവരി എട്ടുവരെ കോട്ടയത്തു തിരുനക്കര മൈതാനത്തു നടക്കും. നാളെ വൈകുന്നേരം 4.30ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ പുസ്തകമേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ഡയറക്ടറി പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി ദര്‍ശനവാണിയുടെ പ്രകാശനവും നിര്‍വഹിക്കും. ഡിസി കിഴക്കേമുറിയെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം ജില്ലാ കളക്ടര്‍ അജിത് കുമാറും പ്രേം നസീര്‍ ചിത്ര-ഫോട്ടോ പ്രദര്‍ശനം ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശും ഉദ്ഘാടനംചെയ്യും. സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐ, നഗരസഭാധ്യക്ഷന്‍ കെ.ആര്‍.ജി. വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും.

31നു രാവിലെ ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ക്വിസ് മത്സരം. എല്ലാ ദിവസവും വൈകുന്നേരം നാലിനു വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. വൈകുന്നേരം 4.30ന് കോട്ടയം വായനക്കൂട്ടം.

മതം, രാഷ്ട്രീയം, മാധ്യമം എന്ന സംവാദം പത്മഭൂഷന്‍. ജസ്റീസ് കെ.ടി. തോമസ് ഉദ്ഘാടനംചെയ്യും. ഡോ. പോള്‍ മണലില്‍ അധ്യക്ഷതവഹിക്കും. ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, അഡ്വ.എ. ജയശങ്കര്‍, അഡ്വ. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, ഡോ. വര്‍ഗീസ് ജോര്‍ജ്, കെ.ജി. മുരളീധരന്‍, മാടവന ബാലകൃഷ്ണപിള്ള പ്രസ്ക്ളബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു തുടങ്ങിയവര്‍ സംബന്ധിക്കും.

ഫെബ്രുവരി ഒന്നിനു ഉച്ചകഴിഞ്ഞ് 2.30ന് നടത്തുന്ന കവിയരങ്ങ്. 5.30നു ചാവറയച്ചനെക്കുറിച്ചുള്ള സെമിനാര്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനംചെയ്യും. റവ.ഡോ. ജോര്‍ജ് താഞ്ചന്‍ സിഎംഐ അധ്യക്ഷതവഹിക്കും. ഡോ.ബി. ഇക്ബാല്‍, ഡോ. കെ.വി. നാരായണക്കുറുപ്പ് എന്നിവര്‍ പ്രസംഗിക്കും.

ഫെബ്രുവരി രണ്ടിനു രാവിലെ 10നു പുതിയ മോട്ടോര്‍ വാഹനനിയമവും പൊതുഗതാഗതമേഖലയും എന്ന സംവാദം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിനു ആശയസംവാദം. വൈകുന്നേരം നടക്കുന്ന ചിരിയരങ്ങില്‍ ഹാസ്യസാഹിത്യകാരന്മാരും കാര്‍ട്ടൂണിസ്റുകളും കലാകാരന്മാരും പങ്കെടുക്കും.

ഫെബ്രുവരി മൂന്നിനു രാവിലെ ഉറൂബ് ജന്മശതാബ്ദി സെമിനാര്‍. വൈകുന്നേരം നടക്കുന്ന സ്ത്രീ എഴുത്തിലും മാധ്യമങ്ങളിലും എന്ന സെമിനാര്‍ എംജി യൂണിവേഴ്സിറ്റി പ്രോ-വൈസ്ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി നാലിനു രാവിലെ ഡിസി കിഴക്കേമുറി ജന്മശതാബ്ദി സെമിനാര്‍. വൈകുന്നേരം വായനയുടെ ലോകം സെമിനാര്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനംചെയ്യും.


ഫെബ്രുവരി അഞ്ചിനു രാവിലെ അക്ഷരടൂറിസം സെമിനാര്‍ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ ഉദ്ഘാടനംചെയ്യും. വൈകുന്നേരം നടക്കുന്ന പ്രേംനസീര്‍ അനുസ്മരണം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി ആറിനു രാവിലെ ഐക്യരാഷ്ട്രസഭ ഐടി വിദഗ്ധന്‍ ജോര്‍ജ് ഏബ്രഹാം വിദ്യാര്‍ഥികളുമായി ആശയങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞു സോഷ്യല്‍ മീഡിയ ആശയസംവാദം. വൈകുന്നേരം ദര്‍ശന അഖിലകേരള പ്രഫഷണല്‍ നാടകമേളയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഫെബ്രുവരി ഏഴിനു രാവിലെ എഴുത്തും അവതരണവും മത്സരം നടക്കും. ഉച്ചകഴിഞ്ഞു അഖില കേരള ചാവറ സ്കോളര്‍ഷിപ്പ് മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ വിജയികള്‍ക്കുള്ള സമ്മാനം മന്ത്രി കെ.സി. ജോസഫ് വിതരണംചെയ്യും. വൈകുന്നേരം ദര്‍ശന നാഷണല്‍ പുസ്തക അവാര്‍ഡ് ദാനചടങ്ങില്‍ മന്ത്രി കെ.എം. മാണി അവാര്‍ഡുകള്‍ വിതരണംചെയ്യും. വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തും. ഫെബ്രുവരി എട്ടിനു വൈകുന്നേരം സമാപനസമ്മേളനത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, അഡ്വ. കെ. അനില്‍കുമാര്‍, എം. കെ.പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും.

നാഷണല്‍ ബുക്ക് ട്രസ്റ്, എംജി യൂണിവേഴ്സിറ്റി, ജില്ലാഭരണകൂടം, നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവയുടെ പങ്കാളിത്തത്തോടും സഹകരണത്തോടുംകൂടിയാണ് 10 ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. 150-ലേറെ പ്രസാധകര്‍ പങ്കെടുക്കും. 10 ലക്ഷത്തോളം ടൈറ്റിലുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും. എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ നടക്കുന്ന കലാസന്ധ്യയില്‍ വിവിധ നൃത്ത-സംഗീത-നാടക പരിപാടികള്‍ അരങ്ങേറും.

പത്രസമ്മേളത്തില്‍ നഗരസഭാധ്യക്ഷന്‍ കെ.ആര്‍.ജി. വാര്യര്‍, ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, പോള്‍ മണലില്‍, പ്രഫ.മാടവന ബാലകൃഷ്ണപിള്ള, സി.ജി. വാസുദേവന്‍ നായര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ കെ. തോമസ്, പ്രസ് ക്ളബ് ജേര്‍ണലിസം ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ജേക്കബ് പണിക്കര്‍, സക്കറിയ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.