ഡിസിഎല്‍
ഡിസിഎല്‍
Thursday, January 29, 2015 12:35 AM IST
കൊച്ചേട്ടന്റെ കത്ത് / ഇന്നത്തെ തലമുറ: തലയെവിടെ, മുറയെവിടെ?

സ്നേഹമുള്ള ഡിസിഎല്‍ കൂട്ടുകാരേ,

തൊണ്ണൂറു വയസായിട്ടും ഇപ്പോഴും നിരവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന ഒരു മുത്തശ്ശിയെ കഴിഞ്ഞ ദിവസം കണ്ടു. മുത്തശ്ശിക്കിത് നവതി ആഘോഷക്കാലം. കഴിഞ്ഞ 90 വര്‍ഷങ്ങളിലൂടെ ഈ മുത്തശ്ശി പിറവി നല്‍കിയത് പതിനായിരക്കണക്കിന് അക്ഷരപെണ്‍പൂക്കള്‍ക്ക്. ആലപ്പുഴ ജില്ലയിലെ കൈനകരി ദേശത്തെ ആദ്യ പെണ്‍പള്ളിക്കൂടമായ സിഎംസി സന്യാസിനി സഭയുടെ ഹോളിഫാമിലി ഗേള്‍സ് ഹൈസ്കൂളാണ് ഈ മുത്തശ്ശി. 90-ാം പിറന്നാളാഘോഷത്തിന് മക്കളും കൊച്ചുമക്കളും പേരക്കിടാങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. വിശുദ്ധ ചാവറയച്ചന്റെ ജന്മംകൊണ്ട് പുണ്യംകിട്ടിയ കൈനകരിയില്‍, കുട്ടനാടന്‍ കായല്‍കാറ്റലകളുടെ പുളകമിളകുന്ന ആ കലാലയ മുറ്റത്ത് നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി അധ്യാപക, അനധ്യാപക സംഗമവേദി, അപൂര്‍വസുന്ദരമായ അനുഭവസാക്ഷ്യങ്ങളുടെ പ്രദര്‍ശനവേദിയായി മാറി. പഴയ തലമുറയിലെയും പുതിയ തലമുറയിയും വിദ്യാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അവിടെ ചര്‍ച്ചാവിഷയമായി.

പണ്ട്, അധ്യാപക - വിദ്യാര്‍ഥി ബന്ധം ദൈവ-മനുഷ്യബന്ധംപോലെ ദിവ്യമായിരുന്നു. ഗുരുവിനെ ദൈവമായി ദര്‍ശിച്ച് അറിവു നുകരുന്ന ശിഷ്യഗണങ്ങള്‍. അവിടെ ഗുരു വരമായിരുന്നു, ശിഷ്യരുടെ ശിരസായിരുന്നു. തലമുറകളുടെ ആ സംഗമവേദിയില്‍നിന്നപ്പോള്‍, തലമുറ എന്ന വാക്ക് തലയും മുറയുമായി വിഭജിക്കാം എന്നു തോന്നി. പഴയ തലമുറയില്‍ തലയും മുറയുമുണ്ടായിരുന്നു. ഇന്നത്തെ തലമുറയുടെ തലയെവിടെ? മുറയെവിടെ? തലമുറ എന്ന വാക്കിലെ 'തല' ചിന്തയുടെയും മൂല്യങ്ങളുടെയും നിയമങ്ങളുടെയും വിശ്വാസത്തിന്റെയും നീതിബോധത്തിന്റെയും അറിവിന്റെയും ഇരിപ്പിടമാണ്. തലമുറയിലെ 'മുറ' 'തല'യിലെ മൂല്യങ്ങളുടെ പ്രവര്‍ത്തിപഥമാണ്. ഒരു തലമുറയും തല മറക്കരുത്, മുറ തെറ്റിക്കരുത്.

തല എന്നത് ഒരു സമൂഹത്തിന്റെയും വ്യക്തിയുടെയും നിലയാണ്, നിലപാടാണ്. മുറയെന്നത് ആ നിലപാടുകളുടെ നിലനില്പാണ്, നിയമങ്ങളുടെ പ്രവര്‍ത്തനമേഖലയാണ്. മുറതെറ്റാത്ത തലയാണ്, ക്രമം തെറ്റാത്ത നിയമപാലനമാണ് ഒരു തലമുറയുടെ അടിത്തറ. മുന്‍ തലമുറകള്‍ക്ക് നീതി, നിയമ, ബോധമുണ്ടായിരുന്നു. മുറതെറ്റാതെ കൃത്യമായി സമൂഹത്തിലും കുടുംബത്തിലും വിദ്യാലയത്തിലും അനുവര്‍ത്തിക്കേണ്ട ആചാരമര്യാദകള്‍ മുന്‍തലമുറകള്‍ പാലിച്ചിരുന്നു.

ഇന്നത്തെ തലമുറയില്‍ തലയുണ്ട്, മുറയില്ല. എന്‍.വി. കൃഷ്ണവാര്യര്‍ പാടുന്നതുപോലെ, ഇന്ന്, "ബാക്കിയെന്തുള്ളൂ, നീതിപോയ്, നിയമംപോയ്, സത്യംപോയ്, വിശ്വാസം പോയ്, ബാക്കിയെന്തുള്ളൂ.'' മര്യാദയുടെ ശീലങ്ങള്‍ മറക്കുന്ന ഇന്നിന്റെ മക്കള്‍ എവിടെയും മുറതെറ്റിക്കുകയാണ്. നവമാധ്യമങ്ങളും നവീന ആശയവിനിമയ ഉപാധികളും കുട്ടികളില്‍നിന്ന് കുട്ടിത്തം കട്ടെടുക്കുമ്പോള്‍ ഈ തലമുറയുടെ മുറ തെറ്റുന്നു. ക്രമംതെറ്റിയോടുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നതുപോലെ, മുറതെറ്റുന്ന പെരുമാറ്റരീതികള്‍ ആധുനിക തലമുറയുടെ ഗതിമെതിക്കുകയാണ്.

കൂട്ടുകാര്‍, തലമറക്കരുത്. മുറതെറ്റിക്കരുത്, വീട്ടില്‍ മുറതെറ്റിക്കരുത്. മാതാപിതാഗുരു ദൈവം എന്നതാണ് മുറ. ബന്ധങ്ങളില്‍ മുറ തെറ്റരുത്. പെങ്ങള്‍ പെങ്ങളാകുമ്പോള്‍, ആങ്ങള ആങ്ങളയാകുമ്പോള്‍, സഹപാഠി സഹപാഠിയാകുമ്പോള്‍ മുറതെറ്റില്ല. പ്രായത്തിനനുസരിച്ചുള്ള പെരുമാറ്റത്തില്‍ വസ്ത്രധാരണത്തില്‍ വാക്കിലും നോക്കിലും മുറതെറ്റരുത്. തലമറക്കാത്തവരെ, മുറതെറ്റിക്കാത്തവരെ ഒരു തലമുറയ്ക്കും മറക്കാനാവില്ല. അങ്ങനെയുള്ള തലമുറയെ ഒരുകാലത്തിനും മറക്കാനാവില്ല.


സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍


ഡിസിഎല്‍ ഐക്യു സ്കോളര്‍ഷിപ്പ് അവാര്‍ഡ് ഡേ ഏഴിന് കോട്ടയം ലൂര്‍ദ് പബ്ളിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍

കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാനതല ഐക്യു സ്കോളര്‍ഷിപ്പ് അവാര്‍ഡ് ഡേയും സംസ്ഥാന ടാലന്റ് ഫെസ്റും ചോക്ളേറ്റ് ക്വിസും ഫെബ്രുവരി ഏഴാംതീയതി ശനിയാഴ്ച കോട്ടയം ലൂര്‍ദ് പബ്ളിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ നടക്കും.

ഏഴാംതീയതി വൈകുന്നേരം നാലിന് ആരംഭിക്കുന്ന അവാര്‍ഡ് ദിന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍വച്ച് ഐക്യു സ്കോളര്‍ഷിപ്പ് റാങ്ക് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും, സ്കൂളുകള്‍ക്കുള്ള സ്റാര്‍ അവാര്‍ഡുകളും വിതരണം ചെയ്യും.

സംസ്ഥാന ടാലന്റ് ഫെസ്റും ചോക്ളേറ്റ് ക്വിസും

ഏഴിനു രാവിലെ 9.30 മുതല്‍ സംസ്ഥാന ടാലന്റ് ഫെസ്റ് മത്സരങ്ങളും ചോക്ളേറ്റ് ക്വിസും ആരംഭിക്കും. പ്രവിശ്യാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് സംസ്ഥാന ടാലന്റ് ഫെസ്റില്‍ പങ്കെടുക്കാവുന്നത്. പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് ടാലന്റ് ഫെസ്റ് മത്സരങ്ങള്‍

ചോക്ളേറ്റ് ക്വിസിന് പ്രവിശ്യാതലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്കു പങ്കെടുക്കാവുന്നതാണ്. രണ്ടു പേരടങ്ങുന്നതാണ് ഒരു ടീം. 2014 ജൂണ്‍ ഒന്നുമുതല്‍ 2015 ഫെബ്രുവരി 4 വരെയുള്ള ചോക്ളേറ്റില്‍നിന്നും 80 ശതമാനം ചോദ്യങ്ങളും ബാക്കി 20 ശതമാനം പൊതുവിജ്ഞാനവുമായിരിക്കും.

ഡിസിഎല്‍ 'അക്ഷരജ്വാല -2015'തൊടുപുഴയില്‍ ശനിയാഴ്ച

തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഡി പോള്‍ ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച് ഏകദിന പ്രസംഗപരിശീലന ശില്പശാല - അക്ഷരജ്വാല - സംഘടിപ്പിക്കുന്നു.

ഏഴ്, എട്ട്, ഒന്‍പത്, പത്ത്, ക്ളാസുകളിലെ കുട്ടികള്‍ക്കും, മൂന്ന്, നാല് അഞ്ച്, ആറ് ക്ളാസുകളിലെ കുട്ടികള്‍ക്കും പ്രത്യേക വിഭാഗങ്ങളായിട്ടാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് ശില്പശാല. രജിസ്ട്രേഷന്‍ ഫീസ് 30 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഖലാ ഓര്‍ഗനൈസര്‍ എബി ജോര്‍ജുമായി ബന്ധപ്പെടുക. ഫോണ്‍: 9447314634.

എസ്.അബ്ദുള്‍ഖാദര്‍കുഞ്ഞ് അനുസ്മരണം

അഞ്ചല്‍: മലയാളക്കരയില്‍ എല്ലാവരും ഒരു കുടുംബത്തിലെ മക്കാളാണെന്ന ദീപിക ബാലസഖ്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച പ്രമുഖരില്‍ ഒന്നാമനായിരുന്നു അബ്ദുള്‍ ഖാദര്‍ കുഞ്ഞ് എന്ന് ദീപിക ബാലസഖ്യം കൊച്ചേട്ടന്‍ റവ. റോയി കണ്ണന്‍ചിറ.

അഞ്ചല്‍ ഹോളിഫാമിലി പബ്ളിക് സ്കൂളില്‍ സംഘടിപ്പിച്ച കുഞ്ഞുസാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത സൌഹാര്‍ദത്തിന്റേയും വിശ്വസാഹോദര്യത്തിന്റേയും ആത്മാര്‍ഥമായ സംഘടനാ പ്രവര്‍ത്തനത്തിന്റേയും പ്രതീകമായ കുഞ്ഞുസാറിന്റെ പ്രവര്‍ത്തനം എന്നും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹോളി ഫാമിലി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ റോസ്മേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിസിഎല്‍ കൊല്ലം പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ സിജു ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റര്‍ എല്‍സിന്‍ കൈതക്കുളം, എന്നിവര്‍ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.