പിള്ള, ജോര്‍ജ്: പ്രസ്താവനകളില്‍ യുഡിഎഫിന് അതൃപ്തി
പിള്ള, ജോര്‍ജ്: പ്രസ്താവനകളില്‍ യുഡിഎഫിന് അതൃപ്തി
Thursday, January 29, 2015 12:10 AM IST
തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെയും പി.സി. ജോര്‍ജിന്റെയും വിവാദപ്രസ്താവനകളില്‍ യുഡിഎഫ് യോഗം അതൃപ്തി രേഖപ്പെടുത്തി. ഇത്തരം ആരോപണങ്ങളില്‍ നിന്ന് ഇരുവരും പിന്മാറണമെന്ന് അഭ്യര്‍ഥിച്ച യുഡിഎഫ് യോഗം ഇരുവരും യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. പരസ്പര ആരോപണങ്ങളും പരസ്യപ്രസ്താവനകളും വച്ചുപൊറുപ്പിക്കില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.

മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാ നം ഒഴിഞ്ഞുകൊണ്ടു ബാലകൃഷ്ണപിള്ള രാജിക്കത്ത് സമര്‍പ്പിച്ചെങ്കിലും അതു തത്കാലം സ്വീകരിക്കേണ്െടന്നാണു യോഗത്തിലെ പൊതുധാരണ. യോജിച്ചുപോകാന്‍ അദ്ദേഹം തയാറായാല്‍ ആ പദവിയില്‍ തുടരുന്നതില്‍ വിരോധമില്ല.

യോഗത്തില്‍ സ്വന്തം നിലപാട് വിശദീകരിച്ച പി.സി. ജോര്‍ജ്, താന്‍ കെ.എം. മാണിയെ പൂര്‍ണമായും അംഗീകരിക്കുന്നു എന്നും പരാമര്‍ശങ്ങളില്‍ ദുരുദ്ദേശ്യമില്ലായിരുന്നു എന്നും പറഞ്ഞു. യുഡിഎഫിനു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത ജോര്‍ജ് മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നു പറഞ്ഞതായും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. യോഗത്തിന്റെ വികാരം ആര്‍. ബാലകൃഷ്ണപിള്ളയെ അറിയിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു.

ഇരുവര്‍ക്കുമെതിരേ കടുത്ത നടപടി വേണ്െടന്ന ധാരണയോടെയായിരുന്നു നേതാക്കള്‍ യോഗത്തിലേക്കു കടന്നതു തന്നെ. എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍.

സീനിയര്‍ നേതാവ് എന്ന നിലയില്‍ ആര്‍. ബാലകൃഷ്ണപിള്ള തുടര്‍ന്നും യുഡിഎഫിലുണ്ടാകണമെന്ന പൊതുവികാരം അംഗീകരിക്കുകയായിരുന്നു എന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളുണ്െടങ്കില്‍ അതു യുഡിഎഫിലാണു ചര്‍ച്ച ചെയ്യേണ്ടത്.

ബാലകൃഷ്ണപിള്ളയുടെ പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങളിലെ പല കാര്യങ്ങളോടും യോജിക്കാന്‍ കഴിയില്ല. ആ വാചകങ്ങളില്‍കൂടി കേള്‍ക്കാന്‍ കഴിഞ്ഞതു മുന്നണി മര്യാദയ്ക്കു യോജിച്ച കാര്യങ്ങളായിരുന്നില്ല. മറ്റൊരു ഘടകകക്ഷി നേതാവിനെക്കുറിച്ച് ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. കെ.എം. മാണിയുമായി ബന്ധപ്പെടുത്തി പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി.


ബജറ്റ് അവതരിപ്പിക്കാന്‍ കെ. എം. മാണിയെ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കും. നിയമപ്രകാരം അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഭീഷണിക്കു യുഡിഎഫ് വഴങ്ങില്ല.

പ്രതിപക്ഷ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ജന ങ്ങള്‍ ഇതു തിരിച്ചറിയുന്നതു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ സമര ങ്ങള്‍ ജനപങ്കാളിത്തമില്ലാതെ പരാജയപ്പെടുന്നത്. ഹര്‍ത്താല്‍ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മൂവാറ്റുപുഴയില്‍ കെ.എം. ജോര്‍ജിന്റെ പ്രതിമയെ വിരൂപമാക്കിയ നടപടി ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്കു ചേര്‍ന്നതല്ല. ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിച്ച നടപടിയായി അത്.

ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനു വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ തെളിവുകളായി ആരും സ്വീകരിക്കില്ല. പണം കൊണ്ടു പോയി കൊടുത്തു എന്നു പറയുന്ന ആള്‍ അതു നിഷേധിച്ചിരിക്കുകയാണ്. ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുള്ള വിരോധം തീര്‍ക്കാന്‍ ഏതാനു ബാറുടമകളുടെ കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇത്തര ത്തിലുള്ള ആരോപണത്തിനു പിന്നില്‍. ബജറ്റ് സമ്മേളനത്തിനു മുമ്പായി യുഡിഎഫ് യോഗം ചേരാനും തീരുമാനിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.