ഇസ്രോയുടെ അടുത്ത ദൌത്യം ചാന്ദ്രയാന്‍ 2: ഡോ. അനില്‍ ഭരദ്വാജ്
Thursday, January 29, 2015 12:22 AM IST
ആലപ്പുഴ: ഐഎസ്ആര്‍ഒ ഏറ്റെടുക്കാന്‍ പോകുന്ന അടുത്ത ദൌത്യം ചാന്ദ്രയാന്‍ -2 ആണെന്ന് വിഎസ്എസ്സി സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. അനില്‍ ഭരദ്വാജ് പറഞ്ഞു. 27-ാം ശാസ്ത്ര കോണ്‍ഗ്രസിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന ഡോ. പി.ആര്‍. പിഷാരടി അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണം വന്‍വിജയമായിരുന്നു. ശാസ്ത്രലോകം ഇതിനെ ഗൌരവത്തോടെയാണ് ഉറ്റുനോക്കുന്നത്. ഓരോ നിമിഷം കഴിയുന്തോറും ശാസ്ത്രം പുരോഗതിയുടെ പാതയിലാണ്. ശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ മലയാളികള്‍ക്കേറെ അഭിമാനിക്കാം.

ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളില്‍ നാഴികക്കല്ലായത് മംഗള്‍യാന്റെ വിക്ഷേപണമാണ്. സാങ്കേതികവിദ്യയുടെ തുടക്കം മുതല്‍ മംഗള്‍യാന്റെ വിക്ഷേപണവും ഭ്രമണപഥത്തില്‍ എത്തുന്നതുമെല്ലാം വിവരിക്കുന്നതായിരുന്നു പരിപാടി. ന്ാറ്റപാക് ഡയറക്ടര്‍ ബി.ജി. ശ്രീദേവി, കേരള ശാസ്ത്ര- സാങ്കേതിക- പരിസ്ഥിതി കൌണ്‍സില്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍ പ്രകാശ് കുമാര്‍, സയന്റിഫിക് ഓഫീസര്‍ ഡോ. പി. ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു.


ശാസ്ത്ര കോണ്‍ഗ്രസില്‍ ഡോ. പി.കെ. അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണം കല്‍പ്പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പി.ആര്‍. വാസുദേവറാവു നിര്‍വഹിച്ചു. കേരള ശാസ്ത്ര- സാങ്കേതിക- പരിസ്ഥിതി കൌണ്‍സില്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എജൂക്കേഷന്‍ റിസര്‍ച്ചിലെ പ്രഫ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, നാറ്റ്പാക് ശാസ്ത്രജ്ഞന്‍ വി.എസ്. സഞ്ജയ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി.ടി. ഭാസ്കരപണിക്കര്‍ അനുസ്മരണപ്രഭാഷണം കാലിക്കട്ട് വാഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ പ്രഫ. ജി.കെ. ശശിധരനാണ് നിര്‍വഹിച്ചത്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡിവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് സബ്സെന്റര്‍ മേധാവി ഡോ. ജോര്‍ജ് ചാക്കച്ചേരി അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.