കുറവിലങ്ങാട്ട് ഭക്തിയുടെ ഓളപ്പരപ്പില്‍ വിശ്വാസത്തിന്റെ നൌക
കുറവിലങ്ങാട്ട്  ഭക്തിയുടെ ഓളപ്പരപ്പില്‍ വിശ്വാസത്തിന്റെ നൌക
Wednesday, January 28, 2015 1:33 AM IST
കുറവിലങ്ങാട്: ആടിയുലയുന്ന കപ്പല്‍, തിരമാല കണക്കെ ഓടിയകലുകയും അടുക്കുകയും ചെയ്യുന്ന ഭക്തസാഗരം, വിശുദ്ധിയുടെ പ്രഭാപൂരം സമ്മാനിച്ചു തിരുസ്വരൂപങ്ങള്‍ അണിചേര്‍ത്ത പ്രദക്ഷിണം, മുത്തുക്കുടകളും പൊന്‍ വെള്ളിക്കുരിശുകളും സമ്മാനിക്കുന്ന ഭക്തിയുടെ സാക്ഷ്യം, വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനവുമായി വിദേശങ്ങളില്‍നിന്നടക്കമുള്ള വിശ്വാസികള്‍... ചരിത്രവും ഐതിഹ്യവും പാരമ്പര്യവും സമ്മേളിക്കുന്ന മര്‍ത്ത്മറിയം ഫൊറോനപള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന്റെ രണ്ടാംദിവസം നടന്ന പ്രദക്ഷിണത്തിന്റെ അക്ഷരചിത്രമിതാണ്. അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയുമൊക്കെ ആത്മീയപാഠങ്ങള്‍ സമ്മാനിച്ച ചരിത്ര പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണത്തില്‍ ഹര്‍ത്താലിന്റെ പ്രതിസന്ധികള്‍ അവഗണിച്ചും ഭക്തസാഗരം ഒഴുകിയെത്തി.

തിരുനാളിന്റെ ആദ്യദിനം അക്ഷരാര്‍ഥത്തില്‍ നാടിനെ ജനസമുദ്രമാക്കിമാറ്റിയിരുന്നു. ഇന്നലെ പ്രദക്ഷിണമാരംഭിച്ചതോടെ ജനം മുത്തിയമ്മയ്ക്കരുകിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടമുറിയാത്ത ഭക്തജനപ്രവാഹം രാവേറിയെത്തിയിട്ടും കുറഞ്ഞില്ല, കൂടിയതേയുള്ളൂ.

വലിയപള്ളിയില്‍നിന്ന് കുരിശുകളും തിരുസ്വരൂപങ്ങളും പള്ളിമുറ്റത്ത് എത്തിയോടെയാണ് പ്രദക്ഷിണത്തിനു തുടക്കമായത്. പ്രദക്ഷിണം ചെറിയപള്ളിയിലെത്തി ദൈവമാതാവിന്റെ തിരുസ്വരൂപം പള്ളിയകത്ത് പ്രവേശിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണവീഥിയിലേക്ക് ക്ഷണിച്ചതോടെ പ്രദക്ഷിണത്തില്‍ സംവഹിക്കപ്പെടുന്ന തിരുസ്വരൂപങ്ങളുടെ എണ്ണം പന്ത്രണ്ടിലെത്തി. ഏറ്റവും മുന്നില്‍ മാര്‍ യൌസേപ്പിതാവിനെ സംവഹിച്ചുള്ള പ്രദക്ഷിണം ചെറിയപള്ളി നടയിലെത്തിയപ്പോള്‍ വലിയപള്ളിയില്‍നിന്ന് കടപ്പൂര്‍ നിവാസികള്‍ കപ്പല്‍ പള്ളിമുറ്റത്തെത്തിച്ചു. പിന്നീട് യൌനാന്‍ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണകള്‍ സമ്മാനിക്കുന്ന കപ്പലോട്ടമായിരുന്നു.


നൂറുകണക്കിനു കടപ്പൂര്‍ നിവാസികളുടെ കരങ്ങള്‍ ഒരേ വേഗത്തിലും താളത്തിലും ചലിച്ചതോടെ കപ്പല്‍ ഉയര്‍ന്നും ചാഞ്ഞും ചരിഞ്ഞും മുന്നോട്ടു നീങ്ങി. കപ്പല്‍ കുരിശിന്‍തൊട്ടിയിലെത്തിയതോടെ പ്രക്ഷുബ്ധമായ കടലിന്റെ അന്തരീക്ഷം ഭക്തമനസുകള്‍ക്കു സമ്മാനിക്കാന്‍ കടപ്പൂര്‍ നിവാസികള്‍ക്കായി. യോനാ പ്രവാചകനെ കപ്പലില്‍ നിന്നെടുത്തെറിയുന്നതോടെ ശാന്തമായ കപ്പല്‍ കല്പടവുകള്‍ താണ്ടി ഒരു വര്‍ഷത്തെ ഇടവേള സമ്മാനിച്ചു വലിയപള്ളിക്കുള്ളിലേക്കു പ്രവേശിച്ചു.

നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ഗജവീരന്മാരണിചേര്‍ന്ന പ്രദക്ഷിണമെന്ന പാരമ്പര്യം ആവര്‍ത്തിച്ചായിരുന്നു പ്രദക്ഷിണം. പ്രദക്ഷിണത്തിനു മുന്നോടിയായി നടന്ന വിശുദ്ധകുര്‍ബാനകളില്‍ തിരുവല്ല മെത്രപ്പോലീത്ത തോമസ് മാര്‍ കൂറിലോസ്, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇടവകക്കാരുടെ തിരുനാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നാളെ 4.30ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.