സഭയ്ക്കെതിരായ വെല്ലുവിളികളെ തിരിച്ചറിയണം: മാര്‍ പവ്വത്തില്‍
സഭയ്ക്കെതിരായ വെല്ലുവിളികളെ തിരിച്ചറിയണം: മാര്‍ പവ്വത്തില്‍
Wednesday, January 28, 2015 1:33 AM IST
ചങ്ങനാശേരി: ആധുനിക കാലഘട്ടത്തില്‍ സഭയ്ക്കെതിരേ ഉയരുന്ന വെല്ലുവിളികളെ സഭാംഗങ്ങള്‍ തിരിച്ചറിയണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടന്ന ചങ്ങനാശേരി അതിരൂപതാ മതാധ്യാപക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസചൈതന്യവും സഭയോടുള്ള പ്രതിബദ്ധതയും ആഴത്തില്‍ ഉള്‍കൊണ്ടു തലമുറകള്‍ക്ക് കൈമാറാന്‍ മതാധ്യാപകര്‍ പ്രതിജ്ഞാബദ്ധരാകണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു.

ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹി ച്ചു. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. ഇക്കാലത്ത് കുടുംബങ്ങളില്‍ ബന്ധങ്ങളില്ലാതാകുന്ന അവസ്ഥയാണു സംജാതമാകുന്നതെന്നും ജീവിതത്തെ നിസാരവത്കരിച്ച് ഭൌതികതയുടെ അതിപ്രസരത്തില്‍ പരക്കം പായുന്ന ഒരു തലമുറയാണ് ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൊറോന വികാരി ഫാ. തോമസ് തുമ്പയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ ബിജോയ് അറയ്ക്കല്‍, ജേക്കബ് ജോസഫ് പൊന്നാറ്റില്‍, പ്രഫ. ജോസഫ് ടിറ്റോ, ജോമ്മ കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.


ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശം നല്‍കി. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സഭാംഗങ്ങള്‍ക്ക് കഴിയണമെന്നും സഭയോട് ചേര്‍ന്ന് വിശ്വാസ രഹസ്യങ്ങള്‍ കൈമാറണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.

നടയ്ക്കല്‍ പുരസ്കാരത്തിന് അര്‍ഹരായ ജോണിക്കുട്ടി സ്കറിയാ കോവുകുന്നേല്‍, ലൂസി ജോസ് മേടയില്‍, സിസ്റര്‍ ജോയ്സ് എന്നിവര്‍ക്ക് മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡുകള്‍ സമ്മാനിച്ചു.

മതാധ്യാപനത്തില്‍ അമ്പത്, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്മാരെയും സീറോ മലബാര്‍ സഭ പന്ത്രണ്ടാം ക്ളാസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട സെബിന്‍ മാത്യു പാറേല്‍, അതിരൂപതാതലത്തില്‍ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട മനു കെ. സാബു കുറുമ്പനാടം, ജെബിന്‍ കെ. ജോസ് ഈര, ചിന്നുമോള്‍ ചാക്കോ ചെത്തിപ്പുഴ എന്നിവരെയും സമ്മേളനത്തില്‍ ആദരിച്ചു. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നായി മൂവായിരത്തോളം മതാധ്യപകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.