കാന്‍സര്‍ രോഗികള്‍ക്കു പ്രതീക്ഷയുമായി യുവശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍
കാന്‍സര്‍ രോഗികള്‍ക്കു പ്രതീക്ഷയുമായി യുവശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍
Wednesday, January 28, 2015 1:31 AM IST
ജോണ്‍സണ്‍ നൊറോണ

ആലപ്പുഴ: കാന്‍സര്‍ രോഗികള്‍ക്കു പ്രതീക്ഷ നല്‍കി യുവശാസ്ത്രജ്ഞര്‍. ആലപ്പുഴയില്‍ നടക്കുന്ന 27-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിലാണു കഴിഞ്ഞവര്‍ഷം മികച്ച യുവശാസ്ത്രജ്ഞരായി തെരഞ്ഞെടുക്കപ്പെട്ട എട്ട് യുവശാസ്ത്രജ്ഞര്‍ പങ്കെടുത്തത്. ഇവരില്‍ മനുഷ്യശരീരത്തിലെ കാന്‍സര്‍ ബാധിതമായ കോശങ്ങളെ മാത്രം നശിപ്പിക്കുന്നതിനു നാനോ മെറ്റീരിയലുകളെ ഉപയോഗിക്കുന്നതിനുള്ള ഗവേഷണമാണ് എറണാകുളം സ്വദേശിയായ ഡോ. റെജി വര്‍ഗീസ് നടത്തിയത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യുമ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ക്കൊപ്പം മറ്റു കോശങ്ങളും നശിക്കുന്നതു തടയുകയാണു ലക്ഷ്യം. ലൈസോസോമുകളിലൂടെ കാന്‍സര്‍ ബാധിതമായ കോശങ്ങളെമാത്രം നശിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനമാണു തിരുവനന്തപുരം സ്വദേശിയായ ഡോ.വന്ദനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

കഴിഞ്ഞവര്‍ഷത്തെ മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ് ഇവരുള്‍പ്പെടെ എട്ടുയുവശാസ്ത്രജ്ഞര്‍ക്ക് ഇന്നലെ ശാസ്ത്രകോണ്‍ഗ്രസ് സമ്മേളനവേദിയില്‍ വിതരണം ചെയ്തു. തിരുവനന്തപുരം ഐഐഎസ്ഇആര്‍ സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിലെ ഡോ.ഉത്പല്‍ മന്ന, സ്കൂള്‍ ഓഫ് ഫിസിക്സിലെ രാജീവ് എന്‍. കിണി, വിഎസ്എസ്സി സ്പേസ് ഫിസിക്സ് ലബോറട്ടറിയിലെ ഡോ.കെ.എന്‍. ഉമ, വിഎസ്എസ്സി പോളിമേഴ്സ് ആന്‍ഡ് കെമിക്കല്‍ ഡിവിഷനിലെ ഡോ. സന്തോഷ്കുമാര്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്റ്റി ബയോ ടെക്നോളജി ഡിവിഷനിലെ ഡോ. ബിനോദ് പരമേശ്വരന്‍, കോഴിക്കോട് എന്‍ഐറ്റിസി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കെമിക്കല്‍ എന്‍ജിനിയറിംഗിലെ ഡോ.എന്‍. സെല്‍വരാജു എന്നിവരാണ് മറ്റുള്ളവര്‍. ഓരോരുത്തര്‍ക്കും 50,000രൂപയും, സര്‍ട്ടിഫിക്കറ്റുകളും നല്കി.


വൈക്കോല്‍, കരിമ്പിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി ഖരമാലിന്യത്തില്‍നിന്നും ബയോഎത്തനോളും മൂല്യമേറിയ ഉത്പന്നങ്ങളും ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കാനുള്ള ഗവേഷണമാണ് ഡോ. ബിനോദ് പരമേശ്വരന്‍ നടത്തുന്നത്. വിവിധതരം മണ്‍സൂണ്‍, മേഘങ്ങള്‍, ബാഷ്പീകരണം, അന്തരീക്ഷവ്യതിയാനങ്ങള്‍ എന്നിവ മനസിലാക്കി പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന റോക്കറ്റുകള്‍ തിരികെയെത്തിച്ച് അവ വീണ്ടും ഉപയോഗപ്രദമാക്കല്‍ സംബന്ധിച്ച ഗവേഷണമാണ് ഡോ. ഉമയുടേത്. മലിനജലത്തില്‍നിന്നും ലോഹങ്ങള്‍ തരംതിരിച്ചെടുത്ത് ഉപയോഗിക്കല്‍, വായു മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണമാണ് ഡോ. എന്‍. സെല്‍വരാജു നടത്തുന്നത്. മികച്ച ഗവേഷണ റിപ്പോര്‍ട്ടിനു ഏര്‍പ്പെടുത്തിയ ഡോ. എസ്. വാസുദേവ് അവാര്‍ഡിനു അര്‍ഹയായ ശ്രീ ചിത്തിര ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലെ ഡോ. പി.പി. ലിസിമോള്‍ ദന്തസംരക്ഷണത്തിനു സഹായകമായ ഓര്‍ഗാനിക് പോളിമര്‍ മെറ്റീരിയല്‍ ഉത്പാദിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. ഇതിനുള്ള പേറ്റന്റിനു അപേക്ഷയും നല്കിയതായി ഇവര്‍ പറഞ്ഞു. ഡോ. പി.പി. ലിസിമോള്‍ മുമ്പ് യുവ ശാസ്ത്രജ്ഞ അവാര്‍ഡ് നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.