യുവതി വെട്ടേറ്റു മരിച്ചു; ഭര്‍ത്താവ് അറസ്റില്‍
Wednesday, January 28, 2015 1:24 AM IST
നെടുങ്കണ്ടം: യുവതി വെട്ടേറ്റു മരിച്ചു. ഉടുമ്പന്‍ചോല എം.എസ് കോളനിയിലെ താമസക്കാരിയായ അയ്യമ്മ (32) ആണു കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലേയ്ക്കു കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ശക്തിവേലിനെ നെടുങ്കണ്ടത്തുവച്ച് പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.

സമീപത്തെ ഏലത്തോട്ടത്തില്‍ പണി കഴിഞ്ഞു തിരികെ വീട്ടിലെത്തി കുളിക്കുന്നതിനിടെ ശക്തിവേല്‍ അയ്യമ്മയെ പിന്നില്‍നിന്നും കഴുത്തില്‍ വെട്ടിയെന്നാണ് കേസ്. നിലവിളികേട്ട് ഓടികൂടിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് അയ്യമ്മയെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട്ടിലെ തേനിയില്‍നിന്ന് ആറുമാസം മുമ്പാണ് ഇവര്‍ ഉടുമ്പന്‍ചോലയില്‍ താമസത്തിന് എത്തിയത്. അയ്യമ്മയും ശക്തിവേലും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വഴക്കിനെത്തുടര്‍ന്ന് അയ്യമ്മ സമീപത്തു തന്നെയുള്ള കുടുംബ വീട്ടിലേയ്ക്ക് താമസം മാറ്റിയിരുന്നു.


മൂന്നുദിവസം മുമ്പു പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ശക്തിവേല്‍ ഇവരെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്നിരുന്നു. കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരുടെ മൂത്തമകന്‍ മുത്തുപാണ്ടി തമിഴ്നാട്ടില്‍ പഠനസ്ഥലത്തും ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ തങ്കപാണ്ടി കുടുംബ വീട്ടില്‍ ടി.വി കാണുന്നതിനായി പോയിരിക്കുകയുമായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ശക്തിവേലിന്റെ കൈയില്‍ നിന്നു വാക്കത്തി പിടിച്ചുവാങ്ങുകയായിരുന്നു. ശാന്തന്‍പാറ പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.