കുമ്പംകല്ലില്‍ ഹര്‍ത്താലിനു റ്റാറ്റാ!
കുമ്പംകല്ലില്‍ ഹര്‍ത്താലിനു റ്റാറ്റാ!
Wednesday, January 28, 2015 1:23 AM IST
സ്വന്തം ലേഖകന്‍

തൊടുപുഴ: ഹര്‍ത്താല്‍ ദിനം കുമ്പംകല്ലില്‍ എത്തുന്നവര്‍ അദ്ഭുതപ്പെടും. കാരണം, ഇവിടെ ഹര്‍ത്താലിനു പ്രവേശനമില്ല. തൊടുപുഴ മുനിസിപ്പാലിറ്റി പ്രദേശമാണ് കുമ്പംകല്ല്. ഇവിടെ കോണ്‍ഗ്രസുണ്ട്, സിപിഎമ്മുണ്ട്, ലീഗുണ്ട്, കേരള കോണ്‍ഗ്രസുണ്ട്, എസ്ഡിപിഐയുമുണ്ട്. ഇതു കൂടാതെ എല്ലാ പാര്‍ട്ടിയോടും യോജിച്ചു പോകുന്നവരുമുണ്ട്. എന്നാലും ഹര്‍ത്താല്‍ മാത്രം ഇങ്ങോട്ടു വേണ്ട മക്കളെ എന്നാണ് ഇവര്‍ ഒന്നടങ്കം പറയുന്നത്. ഒരു പാര്‍ട്ടിയോടും ഇവര്‍ക്കു വിരോധമില്ല. ബലമായി അങ്ങു അടപ്പിച്ചുകളയാമെന്നു വിചാരിക്കേണ്ട. അടപ്പിക്കില്ല. നാട്ടുകാര്‍ സമ്മതിക്കില്ല.

ഹര്‍ത്താല്‍ കുമ്പംകല്ലിലുണ്േടാ എന്നു ചോദിച്ചാല്‍ പ്രതിഫലനമില്ല. ആഹ്വാനം ഉണ്ടാകുമെന്നുമാത്രം. വിവിധ തരത്തിലുളള നാല്പതോളം കടകളാണ് ഇവിടെയുളളത്. ഹര്‍ത്താല്‍ ദിവസങ്ങളില്‍ തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ കുമ്പംകല്ലിലെത്തിയാണു പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങിക്കുന്നത് .

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ഇവിടെ ഹര്‍ത്താലുകള്‍ വേണ്െടന്നു ജനങ്ങള്‍ തിരുമാനിച്ചത്. പിന്നിട് ഇവിടെ ഉണ്ടായിട്ടുളള ഒരു ഹര്‍ത്താലിനുപോലും കടകളടച്ചിട്ടില്ല. ഹര്‍ത്താല്‍ ദിനങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത് .

കേരളത്തിലെ എത് രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാലും ഇവിടെയുളള പാര്‍ട്ടി അനുഭാവികള്‍ കടകളടപ്പിക്കാന്‍ വരാറില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഹര്‍ത്താലുകളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ലഭിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ഒരു കട അടപ്പിക്കേണ്ടിവന്നാല്‍ മറ്റു കടകളും അടക്കേണ്ടിവരും, ഒരു വലിയ കൂട്ടായ്മയുടെപ്രതീകമായി മാറിയിരിക്കുകയാണ് കുമ്പംകല്ലിലെ കച്ചവടക്കാര്‍. ഇവിടുത്തെ പ്രദേശവാസികളുടെ വന്‍ പിന്തുണയും ഇവര്‍ക്കു ലഭിക്കുന്നു.

എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്കു പോലീസ് സംരക്ഷണവും ലഭിക്കുന്നു. ഇതാണ് കുമ്പംകല്ല്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.