തദ്ദേശസ്ഥാപന പദ്ധതി ക്രമക്കേട്: പലിശ സഹിതം ഉദ്യോഗസ്ഥരില്‍നിന്നു തുക തിരിച്ചുപിടിക്കാന്‍ നിര്‍ദേശം
Wednesday, January 28, 2015 1:21 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയാകുന്ന ഉദ്യോഗസ്ഥരില്‍നിന്ന് 18 ശതമാനം പലിശ സഹിതം ബന്ധപ്പെട്ട തുക ഈടാക്കാന്‍ നിര്‍ദേശം.

തദ്ദേശ സ്ഥാപനങ്ങളില്‍ കരാര്‍ വച്ച പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കാതെ വീണ്ടും അതേ പദ്ധതി പുതിയ പ്രോജക്ടായി നടപ്പാക്കുന്നതു മൂലമുണ്ടാകുന്ന കനത്ത നഷ്ടം ഒഴിവാക്കാനാണു നിര്‍ദേശം.

സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളും നിര്‍മാണ പദ്ധതികള്‍ അടക്കമുള്ളവയുടെ കരാര്‍ വച്ചശേഷം നിര്‍മാണ പ്രവര്‍ത്തനം പകുതി പൂര്‍ത്തിയാകുമ്പോള്‍ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നല്‍കുന്നതു വ്യാപകമാണെന്നു കണ്െടത്തിയിരുന്നു. ഇതു ഖജനാവിനു കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ മലപ്പുറം കൊണ്േടാട്ടി ഗ്രാമപഞ്ചായത്തില്‍ അടക്കം വ്യാപകമായ ക്രമക്കേട് കണ്െടത്തിയിരുന്നു.

ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നാണ് ഒരേ നിര്‍മാണപദ്ധതിക്ക് ഒന്നിലേറെ കരാറുകള്‍ നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഇത്തരം നിര്‍മാണ കരാര്‍ തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നേരത്തെ നടപടിയെടുക്കാന്‍ മാത്രമാണു നിര്‍ദേശം നല്‍കിയിരുന്നത്.


ക്രമക്കേടു തുടരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഇത്തരം പ്രോജക്ടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നു കൈപ്പറ്റിയ തുകയുടെ 18 ശതമാനം പലിശ സഹിതമുള്ള തുക തിരിച്ചുപിടിക്കണമെന്നു തദ്ദേശ സ്ഥാപന പ്രിന്‍സിപ്പല്‍ സെക്രട്ടറി, പഞ്ചായത്ത്- നഗരകാര്യ ഡയറക്ടര്‍മാര്‍ക്കും ഗ്രാമവികസന കമ്മീഷണര്‍ക്കും തദ്ദേശ വകുപ്പു ചീഫ എന്‍ജിനിയര്‍ക്കും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.