നിര്‍ണായക യുഡിഎഫ് യോഗം ഇന്ന്
നിര്‍ണായക യുഡിഎഫ് യോഗം ഇന്ന്
Wednesday, January 28, 2015 12:40 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരായ നടപടിയെക്കുറിച്ച് ആലോചിക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. പിള്ളയെ മാറ്റിനിര്‍ത്തിക്കൊണ്ടു ചേരുന്ന യോഗത്തില്‍ അദ്ദേഹത്തിനെതിരേ നടപടിക്കു സമ്മര്‍ദ മേറി.എന്നാല്‍, കടുത്ത നടപടി വേണ്െടന്നാണ് ഇന്നലെ യുഡി എഫ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായ ധാരണ.

ഇന്നത്തെ യോഗത്തിനു മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്തു യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തി. പിള്ളയ്ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണു യോഗം ചേരുന്നത്. ഇതിനിടെ, സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേയും നടപടി വേണമെന്ന ആവശ്യത്തിനു മുന്നണിക്കുള്ളില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഈ പ്രശ്നം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ യോഗത്തില്‍ ഉന്നയിച്ചേക്കാം. കേരള കോണ്‍ഗ്രസ് -എമ്മിന്റെ പ്രതിനിധിയായി പി.സി. ജോര്‍ജ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഏതായാലും ബാര്‍കോഴ വിവാദത്തില്‍ മന്ത്രി മാണിക്കു യോഗം ഒറ്റക്കെട്ടായി പിന്തുണ നല്‍കും.

ഇതിനിടെ, പിള്ളയ്ക്കും പി.സി. ജോര്‍ജിനും പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തിറങ്ങി. എന്നാല്‍, ഇതിനു വിരുദ്ധമായ നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അധികം വൈകാതെ രംഗത്തു വന്നതോടെ ഈ വിഷയത്തില്‍ ഇടതുമുന്നണിക്കുള്ളിലും അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായി വ്യക്തമായി. സിപിഐ നേതാവായ കാനം രാജേന്ദ്രനാകട്ടെ വി.എസിന്റെ നിലപാടിനോടു യോജിച്ചുകൊണ്ടു പ്രസ്താവനയിറക്കുകയും ചെയ്തു. ബാര്‍കോഴ ആരോപണമുന്നയിച്ച ബിജു രമേശുമായുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതോടെയാണു പിള്ളയ്ക്കെതിരായ നീക്കം ശക്തമായത്. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയെന്നു സമ്മതിച്ച പിള്ള, പിന്നീട് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പിള്ള വിമര്‍ശനം തുടര്‍ന്നുവരികയായിരുന്നു.

മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്നും പിള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്നണിയില്‍നിന്നു പുറത്താക്കാന്‍ പിള്ള നേതൃത്വത്തെ വെല്ലുവിളിക്കുകകൂടി ചെയ്തു. പുറത്തായാല്‍ താന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുസ്ലിം ലീഗ് നേതാവ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനുമായും ചര്‍ച്ച നടത്തി. ധനമന്ത്രി കെ.എം. മാണിയുമായും നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നു. ബാര്‍കോഴ പ്രശ്നത്തില്‍ പിള്ളയ്ക്കെതിരായ നടപടിയെക്കുറിച്ചു തന്നെയായിരുന്നു ചര്‍ച്ച. നടപടിയെടുത്താലുണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി.

എന്നാല്‍, പിള്ള ചെയ്തതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെങ്കിലും കടുത്ത നടപടി വേണ്െടന്ന നിലപാടിലാണു കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം. മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ നിലപാടും പിള്ളയുടെ മുന്നണിയിലെ ഭാവിയില്‍ നിര്‍ണായകമാകും.

അഴിമതിക്കെതിരേ ആരു പറഞ്ഞാലും അതു പരിഗണിക്കുമെന്നു പറഞ്ഞാണു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, പിള്ളയ്ക്കും പി.സി. ജോര്‍ജിനും പിന്തുണയുമായി രംഗത്തുവന്നത്. പറയുന്നതു പിള്ളയാണോ ജോര്‍ജ് ആണോ എന്നു നോക്കേണ്ടതില്ല. വി.എസ് കേസ് കൊടുത്തിട്ടല്ലേ പിള്ള ജയിലില്‍ പോയതെന്നു ചോദിച്ചപ്പോള്‍, ഇപ്പോള്‍ അഴിമതിക്കെതിരേ എന്തു പറയുന്നു എന്നാണു നോക്കേണ്ടതെന്നായിരുന്നു വി.എസിന്റെ പ്രതികരണം.

അഴിമതിക്കെതിരെ ആരു പ്രവര്‍ത്തിച്ചാലും പിന്തുണയ്ക്കുമെന്നു സിപിഐ നേതാവ് കാനം രാജേന്ദ്രനും പറഞ്ഞു. ഭരണമുന്നണിയിലുള്ളവര്‍ ത ന്നെ അഴിമതിക്കെതിരേ രംഗത്തു വരുന്നത് അപൂര്‍വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇതിനു വിരുദ്ധമായ നിലപാടാണെടുത്തത്. പിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം അജന്‍ഡയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍നിന്ന് ആരെയും അടര്‍ത്തിയെടുക്കേണ്ട സാഹചര്യമില്ല. യുഡിഎഫിലുള്ളവരെല്ലാം അഴിമതിക്കാരാണെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.