ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അവകാശമുണ്ട്: ആചാരി
Monday, January 26, 2015 12:54 AM IST
കൊച്ചി: ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാരുകള്‍ക്കു ഭരണഘടനാപരമായി അവകാശമുണ്െടന്നു ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.പി. ആചാരി. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ അടുത്ത സഭാസമ്മേളനത്തില്‍, ആറാഴ്ച പിന്നിടുന്നതിനു മുമ്പ് ഓര്‍ഡിനന്‍സ് നിയമമാക്കണമെന്നാണു വ്യവസ്ഥയെന്നതിനാല്‍ ഓര്‍ഡിനന്‍സുകള്‍ നിയമനിര്‍മാണ പ്രക്രിയകളെ വേഗത്തിലാക്കാന്‍ സഹായിച്ചേക്കും - അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭയിലെ സവിശേഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ ഓര്‍ഡിനന്‍സുകളിറക്കേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഓര്‍ഡിനന്‍സുകളെ എല്ലാ കാലത്തും പ്രതിപക്ഷം എതിര്‍ത്തിട്ടുണ്െടന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത ചരിത്രം ഇന്നത്തെ ഭരണകക്ഷിയായ ബിജെപിക്കുണ്ട്. തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകളിലൂടെ ഭരണം നടത്തുന്ന രീതിയെ ഓര്‍ഡിനന്‍സ് രാജെന്നു വിശേഷിപ്പിച്ചു സുപ്രീംകോടതി തന്നെ വിമര്‍ശിച്ചിട്ടുണ്െടങ്കിലും ഓര്‍ഡിനനന്‍സ് കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരുകളുടെ അവകാശത്തെ സുപ്രീംകോടതി ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ തുടര്‍ച്ചയായി 13 വര്‍ഷം ഓര്‍ഡിനന്‍സിലുടെ തീരുമാനം നടപ്പാക്കിയ രീതിയെ ചോദ്യംചെയ്തു സുപ്രീംകോടതി മുമ്പാകെ വന്ന കേസിലാണ് ഓര്‍ഡിനന്‍സ് രാജ് എന്ന വിമര്‍ശനം കോടതി നടത്തിയത്.


ഭരണഘടനാപദവി വഹിച്ചിരുന്നവര്‍ വിരമിച്ച ശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും രീതികളെയും പരാമര്‍ശിച്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങളും നിലനില്ക്കുന്നുണ്െടന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പദവികള്‍ വഹിച്ചവര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു ഗുണകരമല്ലെന്ന വാദവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി ജനങ്ങള്‍ക്കു മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങളിലൂടെ സഹായകരമാവുമെന്ന നിലപാടുകളുമാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും ആചാരി വിശദമാക്കി.

രാജ്യത്ത് 1991ല്‍ ഉദാരവത്ക്കരണ നയങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനു സഹായകരമായ നിലയിലുള്ള പല തീരുമാനങ്ങളെടുത്തതു മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നുവെന്നും സങ്കീര്‍ണമായ പ്രശ്നങ്ങളോടു പോലും മുഖം തിരിഞ്ഞുനില്ക്കാതെ അവയില്‍ ഇടപെട്ടു പരിഹാരം കണ്െടത്താന്‍ ശ്രമിക്കുന്ന ശൈലിയായിരുന്നു രാജീവ് ഗാന്ധിയുടെതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷവും ജനങ്ങള്‍ക്കു തന്റെ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ ഉപദേശക പദവി ഏറ്റെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കിയ ആചാരി രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെക്കുറിച്ചു പിന്നീട് ആലോചിക്കുമെന്നും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.