ഡോക്ടര്‍മാരുടെ സമരം ന്യായീകരിക്കാനാകില്ലെന്നു മന്ത്രി വി.എസ് ശിവകുമാര്‍
ഡോക്ടര്‍മാരുടെ സമരം ന്യായീകരിക്കാനാകില്ലെന്നു  മന്ത്രി വി.എസ് ശിവകുമാര്‍
Monday, January 26, 2015 12:53 AM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ഒരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി സമരവുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കും.

മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരത്തെയും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ മാനദണ്ഡമനുസരിച്ചുള്ള തസ്തികകളില്‍ അധികംവന്ന ഡോക്ടര്‍മാരെയാണ് പുതിയ മെഡിക്കല്‍ കോളജുകളായ മഞ്ചേരി, ഇടുക്കി എന്നിവിടങ്ങളിലേക്കു പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഡിഎംഇ പരിശോധിക്കുകയും തുടര്‍ന്ന് രണ്ട് തവണ ആരോഗ്യസെക്രട്ടറി വിലയിരുത്തുകയും ചെയ്തശേഷമാണു നടപടി ഉണ്ടായത്. ഡോക്ടര്‍മാരുടെ സംഘടനകളുമായും ഇക്കാര്യം ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം വിവിധ മെഡിക്കല്‍ കോളജുകളിലായി 143 തസ്തികകള്‍ അധികമാണെന്നാണു കണ്െടത്തിയത്. എന്നാല്‍, അത്രയും തസ്തികകള്‍ പുനര്‍വിന്യസിച്ചാല്‍ രോഗികള്‍ക്കു ബുദ്ധിമുട്ടാകും എന്ന് മനസിലാക്കി 36 ആക്കി ചുരുക്കിയത്. അതിനെതിരെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.


ഇടുക്കിയില്‍ 27ഉം മഞ്ചേരിയില്‍ ഒമ്പത് തസ്തികകളിലേക്കുമാണ് പുനര്‍വിന്യാസം നടത്താന്‍ തീരുമാനിച്ചത്. ഇതില്‍ പതിഞ്ചോളം പോസ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നവയാണ്. ബാക്കിയുള്ളവയില്‍ അഞ്ചെണ്ണം ഈ വര്‍ഷം ഏപ്രിലില്‍ റിട്ടയര്‍ ചെയ്യുന്നവരാണ്. അവര്‍ക്ക് സ്ഥലംമാറ്റം കിട്ടിയ ഇടങ്ങളിലേക്ക് പോകേണ്ടതില്ല. അവശേഷിക്കുന്ന ഏഴുപേര്‍ മാത്രം ഇടുക്കിയില്‍ പോയാല്‍ മതിയാകും. വിരമിക്കുന്ന ഡോക്ടര്‍മാര്‍ക്കു പകരമായി സ്ഥാനക്കയറ്റം ലഭിക്കുന്ന പ്രഫസര്‍മാരാണ് ഇടുക്കിയിലേക്ക് പിന്നീട് പോകേണ്ടത്.

27ല്‍ അവശേഷിക്കുന്ന ഒമ്പതു പേരെയാണ് മഞ്ചേരിയിലേക്കു മാറ്റിയിത്. അതില്‍ ഒരു പോസ്റ് ഡന്റല്‍ പ്രഫസറുടേതാണ്. മൂന്നു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അവശേഷിക്കുന്ന അഞ്ചുപേര്‍ മാത്രം മഞ്ചേരിയിലേക്ക് പോയാല്‍ മതിയാകും. അങ്ങനെ 36 പോസ്റുകളില്‍ 11 ഡോക്ടര്‍മാര്‍ക്കു മാത്രമേ പുനര്‍വിന്യാസം ഉണ്ടാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും ആശങ്കയുണ്െടങ്കില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കു സര്‍ക്കാര്‍ തയറാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.