തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ് ആക്രമണം
തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ് ആക്രമണം
Monday, January 26, 2015 12:51 AM IST
മാനന്തവാടി: തിരുനെല്ലിയില്‍ കെടിഡിസി ഹോട്ടല്‍ ടാമറിന്റിനു നേരേ മാവോയിസ്റ് ആക്രമണം. ഹോട്ടലിലെ റിസപ്ഷനും റസ്ററന്റും കംപ്യൂട്ടറുകളും സംഘം അടിച്ചുതകര്‍ത്തു. പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ആക്രമണത്തിനു ശേഷം ലഘുലേഖകളും പതിച്ചു.

അക്രമിസംഘത്തില്‍ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നതായി ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജോസഫ് പറഞ്ഞു. പുലര്‍ച്ചെയെത്തിയ സംഘത്തിലെ സ്ത്രീകള്‍ ഹോട്ടലിനു പുറത്തുനിന്ന സെക്യൂരിറ്റി ഗാര്‍ഡിനെ തടഞ്ഞുനിര്‍ത്തി. ഈ സമയം സംഘത്തിലെ മറ്റുള്ളവര്‍ ഹോട്ടലിനകത്തു കയറി റിസപ്ഷനും കംപ്യൂട്ടറുകളും ഗ്ളാസുകളും കസേരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഹോട്ടലിനു പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളില്ല. സംഭവസമയത്ത് അഞ്ചു ജീവനക്കാരും മുപ്പതോളം ടൂറിസ്റുകളും ഹോട്ടലിലുണ്ടായിരുന്നു.

ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരേയും പോസ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. റസ്ററന്റിലുണ്ടായിരുന്ന ജീവനക്കാരോടു പുറത്തിറങ്ങരുതെന്നും ഉപദ്രവിക്കില്ലെന്നും അക്രമിസംഘം പറഞ്ഞെന്നു ജീവനക്കാര്‍ പറഞ്ഞു. മലയാളത്തില്‍ തന്നെയാണ് അക്രമിസംഘം സംസാരിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.


അക്രമത്തിനു ശേഷം കര്‍ണാടക വനത്തിലേക്കു മാവോയിസ്റുകള്‍ കടന്നതായാണു സംശയം. ഭരണകൂടത്തിന്റെ ബഹുമുഖ അടിച്ചമര്‍ത്തലുകളെ പരാജയപ്പെടുത്തുക, “”ആദിവാസികളുടെയും കര്‍ഷകരുടെയും നേരേ കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു, സമ്പന്നരുടെ ടൂറിസ്റ് റിസോര്‍ട്ടുകളല്ല വേണ്ടത്, കാടിന്റെയും മണ്ണിന്റെയും വെള്ളത്തിന്റെയും അവകാശം സ്ഥാപിക്കുക’’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്ററുകള്‍ സംഭവസ്ഥലത്തു പതിച്ചിട്ടുണ്ട്. നേരത്തെ ആക്രമണം നടന്ന അഗ്രഹാരം റിസോര്‍ട്ടിന്റെ സമീപത്തുള്ള ഹിമഗിരി റിസോര്‍ട്ടിലും പോസ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. ബഹുവര്‍ണ പോസ്ററുകളാണ് ഒട്ടിച്ചിരിക്കുന്നത്. മുന്‍പ് ആക്രമണമുണ്ടായ അഗ്രഹാര റിസോര്‍ട്ടിന് 50 മീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. കാട്ടുതീയുടെ പേരിലുള്ള ലഘുലേഖകളും റസ്ററന്റിലും പരിസരത്തും വിതറിയിട്ടുണ്ട്. ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഇന്നു കല്‍പ്പറ്റയില്‍ നടക്കുന്ന റിപ്പബ്ളിക്ദിന പരേഡിനു ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.