മുഖപ്രസംഗം: അഭിമാനത്തിന്റെ അറുപത്തഞ്ചു വര്‍ഷം
Monday, January 26, 2015 11:18 PM IST
ഇന്നേക്ക് അറുപത്തഞ്ചു വര്‍ഷം മുമ്പ് സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കായി മാറിയ ഇന്ത്യ സ്വാതന്ത്യ്രവും പരമാധികാരവും ഇക്കാലമത്രയും കാത്തുസൂക്ഷിച്ചതു ലോകസമൂഹത്തിന് അദ്ഭുതമുളവാക്കിക്കൊണ്ടാണ്. അഹിംസാ സിദ്ധാന്തത്തിലൂന്നിയ പോരാട്ടത്തിലൂടെ ബ്രിട്ടീഷ് ഭരണത്തില്‍നിന്നു രാജ്യത്തെ മോചിപ്പിക്കുന്നതിനു നേതൃത്വം നല്കിയ മഹാത്മാഗാന്ധിയുടെ സാന്നിധ്യമില്ലാതെയായിരുന്നു ആദ്യത്തെ റിപ്പബ്ളിക് ദിനാഘോഷം. എന്നാല്‍, അന്നുമുതലിന്നോളം ആ ധാര്‍മികശക്തിയുടെ അദൃശ്യസാന്നിധ്യം ഈ രാജ്യത്തിന്റെ ചില മേഖലകളിലെങ്കിലുമുണ്ട്.

അറുനൂറോളം നാട്ടുരാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇന്നത്തെ ഇന്ത്യ രൂപപ്പെടുത്തിയത്. ഭാഷകളുടെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുമൊക്കെ വൈവിധ്യമേറെയുള്ള ഇന്ത്യന്‍ യൂണിയനെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ അന്നത്തെ രാഷ്ട്രനേതാക്കള്‍ക്കു കഠിനമായി യത്നിക്കേണ്ടിവന്നു. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയെന്ന പരമാധികാര റിപ്പബ്ളിക് ഇന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമായി നിലകൊള്ളുന്നു. ഈ കാലത്തിനുള്ളില്‍ എത്രയോ രാഷ്ട്രങ്ങള്‍ ഛിന്നഭിന്നമായി. എത്രയോ സാമ്രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞു. എന്നിട്ടും ഇന്ത്യക്ക് അതിന്റെ ശക്തമായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഐക്യത്തോടെ നിലനില്‍ക്കാനായി.

വര്‍ണശബളമായ റിപ്പബ്ളിക് ദിന പരേഡില്‍ ഇത്തവണ മുഖ്യാതിഥി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായി എത്തുന്നത്. ഇന്ത്യയുടെസൈനികശക്തിയും സാംസ്കാരികത്തനിമയും വിളിച്ചോതുന്നതാണു റിപ്പബ്ളിക് ദിന പരേഡ്. മറ്റു പല രാജ്യങ്ങളുടെയും ദേശീയദിനാഘോഷങ്ങളെ അപേക്ഷിച്ച് ഏറെ വര്‍ണപ്പൊലിമയുള്ളതും പ്രൌഢവുമായ ചടങ്ങ്. നമ്മുടെ രാജ്യത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകാത്മക ദൃശ്യങ്ങള്‍ ലോകസമൂഹത്തിനു മുന്നില്‍ അഭിമാനപുരസ്സരം അവതരിപ്പിക്കുന്ന വേളകൂടിയാണിത്.

കോണ്‍സ്റിറ്റുവന്റ് അസംബ്ളി വളരെ വിശദമായ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ശേഷമാണു ഭരണഘടന എഴുതിയുണ്ടാക്കിയത്. രാജ്യത്തെ ഓരോ പൌരനെയും മനസില്‍ കണ്ടുകൊണ്ടാണു ഭരണഘടന രൂപകല്പന ചെയ്തത്. പൌരസ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും ഏറെ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. മതേതരത്വമാണു ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു അടിസ്ഥാന ദര്‍ശനം. വ്യത്യസ്ത മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത് ആര്‍ക്കും ഏതുവിധത്തിലുള്ള വിശ്വാസവും പുലര്‍ത്താനുള്ള സ്വാതന്ത്യ്രം ഭരണഘടന ഉറപ്പു നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിരക്ഷയാണു ഭരണഘടന ഉറപ്പുനല്‍കുന്ന മറ്റൊരു പ്രധാന കാര്യം.

സ്വാതന്ത്യ്രത്തിന്റെയും ഭരണഘടനയുടെയും ഉന്നതലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാനും സകല പൌരന്മാര്‍ക്കും ക്ഷേമം ഉറപ്പുവരുത്താനുമുള്ള ബാധ്യത രാജ്യം ഭരിക്കുന്നവര്‍ക്കുണ്ട്. കേന്ദ്രഭരണത്തിലായാലും സംസ്ഥാനങ്ങളിലെ ഭരണത്തിലായാലും സര്‍ക്കാരുകള്‍ക്കു ഭരണഘടനാനുസൃതമായ നടപടികള്‍ മാത്രമേ അനുവദനീയമായുള്ളൂ. നിയമപരമായ ഏതു തര്‍ക്കത്തിനും അന്തിമ തീരുമാനം കൈക്കൊള്ളുന്നതു ഭരണഘടനയുടെ അടിസ്ഥാനത്തിലാവും. ഇന്ത്യന്‍ റിപ്പബ്ളിക് ഇത്തരമൊരു സുശക്തമായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഐക്യമുറപ്പിച്ചും പുരോഗതി കൈവരിച്ചും മുന്നോട്ടു നീങ്ങുമ്പോള്‍ ഭരണഘടനാവകാശങ്ങളെ തൃണവത്ഗണിച്ചുകൊണ്ടുള്ള ചില നീക്കങ്ങളും നടക്കുന്നുണ്െടന്ന കാര്യം വിസ്മരിക്കാനാവില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനം ഭരണഘടനയാണെന്ന കാര്യം ഇന്നലെ റിപ്പബ്ളിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താതെ നിയമം കൊണ്ടുവരുന്നതിന്റെ ജനാധിപത്യവിരുദ്ധതയും അദ്ദേഹം എടുത്തുകാട്ടി.


ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത പൌരനു നിഷേധിക്കപ്പെടുമ്പോള്‍ അതിന്റെ അന്തഃസത്തയ്ക്കു കോട്ടം തട്ടുന്നു. മതത്തിന്റെയോ ജാതിയുടെയോ സമ്പത്തിന്റെയോ പദവിയുടെയോ അടിസ്ഥാനത്തില്‍ യാതൊരുവിധ വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ലെന്നു ഭരണഘടന അനുശാസിക്കുന്നുണ്െടങ്കിലും രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും, എല്ലാ വിഭാഗങ്ങള്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാകുന്നില്ല എന്നതു ഗൌരവമേറിയ വസ്തുതയാണ്. സ്വന്തം ഇഷ്ടപ്രകാരം, ആരുടെയും സമ്മര്‍ദത്തിനു വഴങ്ങാതെ, ക്രൈസ്തവമതം സ്വീകരിച്ച ദളിത് വിഭാഗത്തിനു സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്. മറ്റു പല മതവിഭാഗങ്ങളിലും പെട്ട ദളിതര്‍ സംവരണാനുകൂല്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവര്‍ മാത്രം ഈ ആനുകൂല്യത്തിനു പുറത്താവുന്നു. ഇപ്പോഴിതാ ഹൈന്ദവേതര വിശ്വാസം സ്വീകരിച്ചിരുന്നവരെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യുന്ന 'ഘര്‍ വാപസി'’ വരെ കാര്യങ്ങളെത്തിയിരിക്കുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയാണ് ഇങ്ങനെ ഭരണഘടനാവിരുദ്ധ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നത്. അധികാരത്തിന്റെയും സംഘടിതശക്തിയുടെയും പിന്തുണ ഇതിനുണ്െടന്നു വ്യക്തം.

ഇത്തവണ റിപ്പബ്ളിക് ദിന പരേഡിനു വലിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യാതിഥിയായി എത്തുന്നത് അഭൂതപൂര്‍വമായ ഈ സന്നാഹങ്ങള്‍ക്കു കാരണമാണ്. ഏതായാലും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തിയും സാംസ്കാരിക മഹത്ത്വവും ഉദ്ഘോഷിക്കാന്‍ കിട്ടുന്ന ഈ അവസരം അത്തരത്തില്‍ പ്രയോജനകരമായിത്തീരട്ടെ. എന്നാല്‍, ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ കരുത്ത് നമ്മുടെ ജനാധിപത്യമാണ്. അതിനെ നിലനിര്‍ത്തുന്നതു ഭരണഘടനാതത്ത്വങ്ങളാണ്. അവ മാനിക്കപ്പെടുക എന്നതാണ് ഏറെ പ്രധാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.