നാദാപുരത്തു വീണ്ടും അക്രമം; ഗര്‍ഭിണിക്ക് ഉള്‍പ്പെടെ പരിക്ക്
Monday, January 26, 2015 12:46 AM IST
നാദാപുരം: നാദാപുരം മേഖലയില്‍ സമാധാന പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിനിടയിലും അക്രമം തുടരുന്നു. തൂണേരിയില്‍ തേങ്ങാകൂട കത്തിച്ചു. എടച്ചേരിയില്‍ വീടാക്രമണത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റു.

നാദാപുരം ഐഎച്ച്ആര്‍ഡി. കോളജിലെ ജീവനക്കാരന്‍ തൂണേരി ബ്ളോക്ക് ഓഫീസ് പരിസരത്തെ മഠത്തില്‍ മജീദിന്റെ തേങ്ങാകൂടയാണു കത്തിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഈ വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. തേങ്ങാകൂടയ്ക്കു തീവച്ചതിനു പുറമെ കുട്ടികളുടെ സൈക്കിളുകളും, ഗ്യാസ് സിലണ്ടറും കിണറ്റിലെറിഞ്ഞു. അഞ്ഞൂറില്‍പരം തേങ്ങ കത്തി നശിച്ചു. കൂടക്കുള്ളില്‍നിന്നു തീ ഉയരുന്നതു കണ്ടവര്‍ പോലീസിലറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സുമെത്തി തീ നിയന്ത്രണ വിധേയമാക്കി.

എടച്ചേരി തലായിയില്‍ പുനത്തില്‍ പവിത്രന്റെ വീടിന് നേരെയാണ് അക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അക്രമം നടന്നത്. വീടിനു കല്ലെറിഞ്ഞു കേടു വരുത്തിയ അക്രമി സംഘം ജനല്‍ ഗ്ളാസുകളും അടിച്ചു തകര്‍ത്തു. രവീന്ദ്രന്റെ മകള്‍ അശ്വിനി(20), രവീന്ദ്രന്റെ ഭാര്യ പിതാവ് പൊക്കന്‍(70) എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിനി ഗര്‍ഭിണിയാണ്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അയല്‍വാസി ചിറക്കലക്കണ്ടി അഖിലിന്റെ ബൈക്ക് തകര്‍ത്തിട്ടുണ്ട്. തൂണേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ് ചെയ്തു. വില്യാപ്പള്ളി പഞ്ചായത്തിലെ യൂത്ത് ലീഗ് ഭാരവാഹി കൊളത്തൂര്‍ റോഡില്‍ കണ്ണംകണ്ടി പാലത്തിനടുത്ത രാമത്ത് യൂനുസിനെ(36)യാണു കുറ്റ്യാടി സിഐ ദിനേശ് കോറോത്ത് ഇന്നലെ അറസ്റ് ചെയ്തത്.

തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കുത്തേറ്റു മരിച്ച ശേഷം സ്ഥലംവിട്ട പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സൌകര്യം ചെയ്തു കൊടുത്തെന്നാണ് കേസ്. അക്രമം നടത്തിയതിനു ശേഷം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പ്രതികള്‍ ഷിബിന്‍ മരിച്ചെന്നറിഞ്ഞ ഉടനെ ആശുപത്രിയില്‍നിന്നു രക്ഷപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് വില്യാപ്പള്ളിയിലെ യൂനുസിന്റെ വീട്ടില്‍ കഴിയുന്നതിനിടയില്‍ നാദാപുരം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വീടു വളഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു. ശനിയാഴ്ച രാവിലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരാണു യൂനുസിനെ പോലീസിലേല്‍പ്പിച്ചത്. കെ.എല്‍ 18 ജെ.8778 നമ്പര്‍ കാറും പോലീസ് കസ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന കുളമുള്ളതില്‍ താഴകുനി ശുഹൈബിന്റെ സഹോദരന്റേതാണു കാറെന്നു തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രധാന പ്രതി തെയ്യമ്പാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍ എന്നിവരെ കണ്െടത്താന്‍ വ്യാപക തെരച്ചില്‍ തുടങ്ങി. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൌണ്ട്, ഇ മെയില്‍, വാട്സ്അപ്പ് എന്നിവ പോലീസ് പരിശോധിക്കും.


ഇതിനിടയില്‍ നമ്പര്‍ പ്ളേറ്റ് ചുരണ്ടിയ നിലയില്‍ കണ്ട ബൈക്ക് പോലീസ് കസ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴോടെയാണു കോടഞ്ചേരി റോഡില്‍ മുന്നിലും പിന്നിലും സ്ഥാപിച്ച നമ്പര്‍ പ്ളേറ്റ് ചുരണ്ടിയ നിലയില്‍ ബൈക്കില്‍ യുവാവ് സഞ്ചരിക്കുന്നതു പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ ബൈക്ക് പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. യുവാവിനെ പോലീസ് വിശദമാക്കി ചോദ്യംചെയ്യുന്നുണ്ട്. രാത്രി എട്ടിനു ശേഷമുള്ള ബൈക്ക് യാത്രക്കാരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.