പ്രവേശന പരീക്ഷ: എസ്ഇബിസി/ഒഇസി സംവരണത്തിനുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പുതുതായി സമര്‍പ്പിക്കാം
Monday, January 26, 2015 12:45 AM IST
തിരുവനന്തപുരം: എസ്ഇബിസി സംവരണാര്‍ഹരായര്‍ സംവരണം ലഭിക്കുന്നതിനുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് കേരളാ മെഡിക്കല്‍, എന്‍ജിനിയറിംഗ് പരീക്ഷയ്ക്കുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാത്തവര്‍ക്ക് പുതുതായി സമര്‍പ്പിക്കുന്നതിന് ഫെബ്രുവരി 10 വരെ സമയം ദീര്‍ഘിപ്പിച്ചു. അപേക്ഷകര്‍ അവരുടെ ഹോം പേജില്‍ പ്രവേശിച്ച് പ്രിന്റ് ആപ്ളിക്കേഷന്‍ ക്ളിക്ക് ചെയ്ത് അപേക്ഷയുടെ ഒന്നാം പേജിന്റെയും ഡൌണ്‍ലോഡ് പ്രൊഫോമാസ് ക്ളിക്ക് ചെയ്ത് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെയും പ്രഫോര്‍മയുടെയും പ്രിന്റൌട്ട് എടുത്ത ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇവ രണ്ടും കൂടി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫെബ്രുവരി 10-ന് വൈകുന്നേരം അഞ്ചിനു മുമ്പായി സമര്‍പ്പിക്കാം

കേരള സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് എസ്ഇബിസി സംവരണത്തിനു നോണ്‍ ക്രീമിലെയര്‍ വ്യവസ്ഥകള്‍ ബാധകമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ജനുവരി ഒന്നിനാണ് പുറത്തിറക്കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിവരം നേരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിച്ചിരുന്നുവെങ്കിലും, നയപരമായ തീരുമാനങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാകയാല്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ ഉള്ളടക്കം പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്താനോ, പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടു പോകാനോ കമ്മീഷണര്‍ക്ക് അധികാരമില്ല. സര്‍ക്കാര്‍ ഉത്തരവിന് അനുസൃതമായി പ്രോസ്പെക്ടസിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ജനുവരി അഞ്ചിനാണ് പുറത്തിറക്കിയത്. ലഭ്യമായ സമയത്തിനകം തന്നെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള സോഫ്ട്വെയറില്‍ ആവശ്യമായ മാറ്റങ്ങല്‍ വരുത്തിക്കൊണ്ടും മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് ആവശ്യമായ പ്രചാരം നല്‍കിക്കൊണ്ടും 10 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.


ഇതിനോടകം 1,14,000 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്. അതില്‍ 1,11,000 അപേക്ഷകള്‍ പ്രിന്റൌട്ട് എടുത്തിട്ടുണ്ട്. അപേക്ഷ സമര്‍പ്പണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ വിജ്ഞാപനം വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിലെല്ലാം തന്നെ കമ്മീഷണന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന പ്രകാരം എസ്ഇബിസി സംവരണത്തിന് തഹസീല്‍ദാരില്‍ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമം ലഘൂകരിക്കുന്നതിനായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിക്കൊണ്ട് 23ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പുതുതായി സമര്‍പ്പിക്കാന്‍ അവസരം നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.