ബാറുടമകളുടെ ശബ്ദപരിശോധനയ്ക്കു വിജിലന്‍സ് തയാറെടുക്കുന്നു
Sunday, January 25, 2015 12:54 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാറുടമകളുടെ ശബ്ദ പരിശോധനയ്ക്കായി വിജിലന്‍സ് തയാറെടുക്കുന്നു. ബിജു രമേശ് ഹാജരാക്കിയ സിഡിയിലെ ശബ്ദം ഉറപ്പാക്കുന്നതിനു ഫോറന്‍സിക് ലബോറട്ടറികളില്‍ വിദഗ്ധ പരിശോധന നടത്താനാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്.

ഹാജരാകാന്‍ നിര്‍ദേശിച്ചു നോട്ടീസ് നല്‍കിയ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ അടക്കമുള്ളവരുടെ മൊഴി നാളെ മുതല്‍ രേഖപ്പെടുത്തി തുടങ്ങും. ബാറുടമകളുടെ മൊഴിയെടുക്കുമ്പോള്‍ വീഡിയോ, ഓഡിയോ റിക്കാര്‍ഡിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷം നേരത്തേ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിലെ ഭാഗങ്ങളും വിജിലന്‍സ് റിക്കാര്‍ഡ്ചെയ്ത സംഭാഷണവും തമ്മിലുള്ള സാമ്യം സാങ്കേതികമായി പരിശോധിക്കുന്നതിനാണു വിജിലന്‍സ് ശ്രമം.

ആദ്യഘട്ടത്തില്‍ സിഡിയില്‍ ശബ്ദ ഭാഗങ്ങളുള്ള ബാറുടമകളെയാണു വിളിപ്പിക്കുന്നത്. ശബ്ദപരിശോധന കൂടി പൂര്‍ത്തിയായ ശേഷം മാത്രമേ തുടര്‍അന്വേഷണത്തില്‍ ധാരണയെത്തുകയുള്ളൂ. ഇതിനു ശേഷമേ ജോസ് കെ. മാണി എംപിയുടെയും കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെയും മൊഴി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ. നേരത്തെ മൊഴി നല്‍കിയ ബാര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ടി. ധനേഷ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം അനിമോന്‍ എന്നിവരോടും മൊഴി നല്‍കാനെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ എത്താതിരുന്ന സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയോടും വൈസ് പ്രസിഡന്റ് കൃഷ്ണദാസിനോടും മൊഴി നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമത്തില്‍ പ്രതിപാദിക്കുന്നതു പോലെ പണം കൊടുത്തവരും കുറ്റക്കാരാണെന്ന നിയമവശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.


ബിജു രമേശ് ഹാജരാക്കിയ സിഡിയില്‍ മന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയെന്ന് ആരോപിക്കുന്ന എട്ടു ബാറുടമകളുടെ ശബ്ദ സംഭാഷണങ്ങളാണുള്ളത്. കോടതിയിലും ഇതിന്റെ പകര്‍പ്പു വിജിലന്‍സ് ഹാജരാക്കിയിട്ടുണ്ട്. ശബ്ദരേഖയുമായി ബന്ധപ്പെട്ട മുഴുവന്‍ ഭാഗങ്ങളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെ ബിജു രമേശ് കൈമാറേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.