അമ്മയുടെ ഓര്‍മയ്ക്കായി പാത്രിയര്‍ക്കീസ് ബാവ മലേക്കുരിശില്‍ ആശ്രയകേന്ദ്രം നിര്‍മിക്കുന്നു
അമ്മയുടെ ഓര്‍മയ്ക്കായി പാത്രിയര്‍ക്കീസ് ബാവ മലേക്കുരിശില്‍ ആശ്രയകേന്ദ്രം നിര്‍മിക്കുന്നു
Sunday, January 25, 2015 1:07 AM IST
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ തന്റെ അമ്മയുടെ ഓര്‍മയ്ക്കായി കോലഞ്ചേരിക്കടുത്തു മലേക്കുരിശ് ദയറായോടനുബന്ധിച്ചു നിരാലംബര്‍ക്കായി ആശ്രയകേന്ദ്രമൊരുക്കുന്നു. പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ആശ്രയകേന്ദ്രത്തിന്റെ കൂദാശ ഫെബ്രുവരിയിലെ മലങ്കര സന്ദര്‍ശനത്തോനുബന്ധിച്ചു ബാവ നടത്തുമെന്നാണു പ്രതീക്ഷ.

പാത്രിയര്‍ക്കീസ് ബാവയുടെ അമ്മ മരിച്ചത് 2005 ഡിസംബര്‍ 25നാണ്. അന്ന് അമേരിക്കയില്‍ മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം 2009 ഫെബ്രുവരിയില്‍ നടത്തിയ മലങ്കര സന്ദര്‍ശനത്തിലാണു മാതാവിന്റെ പേരില്‍ ഹനീമ ഹന്ന റിട്രീറ്റ് സെന്ററിനു മലേക്കുരിശില്‍ ശിലയിട്ടത്. നാലു നിലകളിലായി 24 മുറികളും ഒരു സ്വീറ്റുമടങ്ങുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് ഇവിടെ ഉയരുന്നത്. 150 പേര്‍ക്കു ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കളയും 120 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന മെസ് ഹാളും ഇതിന്റെ ഭാഗമായുണ്ട്. ജാതി-മത ഭേദമന്യേ ഇവിടെയെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സൌജന്യമായി ഭക്ഷണം നല്‍കുന്നതോടൊപ്പം നിരാലംബര്‍ക്കു ജീവിതാന്ത്യത്തോളം ഇവിടെ താമസിക്കാവുന്ന രീതിയിലാണു സജ്ജീകരണം. രണ്ടുപേര്‍ക്കു താമസിക്കാവുന്ന വിശാലമായ മുറികളില്‍ ടിവി, വാട്ടര്‍ പ്യൂരിഫയര്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ അത്യാധുനിക സൌകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്കു പ്രത്യേക സൌകര്യമുണ്ടാകും. ബാവയും സഹോദരന്‍മാരും ചേര്‍ന്ന് ഒരു കോടി രൂപയോളം മുടക്കിയാണ് ആശ്രയകേന്ദ്രമൊരുക്കുന്നത്.


പണമില്ലാത്തതിന്റെ പേരില്‍ ഒരാള്‍പോലും വിശക്കുന്നവരായി ഭൂമിയില്‍ ഉണ്ടാകരുതെന്നാണു പാത്രിയര്‍ക്കീസ് ബാവയുടെ ആഗ്രഹമെന്നും അതിന്റെ ഒരു ആവിഷ്കാരമാണു റിട്രീറ്റ് സെന്ററെന്നും മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇതിന്റെ നടത്തിപ്പ് ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും താന്‍ വഹിച്ചുകൊളളാമെന്നാണു ബാവ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍നിന്നു മാറി റോഡുനിരപ്പില്‍നിന്ന് ഏകദേശം 150 അടിയോളം ഉയരത്തിലാണു റിട്രീറ്റ് സെന്റര്‍ ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.