150 രൂപയ്ക്കു റബര്‍ സംഭരിക്കണം: പി.സി. സിറിയക്
150 രൂപയ്ക്കു റബര്‍ സംഭരിക്കണം: പി.സി. സിറിയക്
Sunday, January 25, 2015 1:01 AM IST
കോട്ടയം: ആര്‍എസ്എസ് നാല് ഗ്രേഡ് റബര്‍ 130 രൂപയ്ക്കു വാങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പരാജയപ്പെട്ടിരിക്കെ, കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള തുക സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്നു റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്.

നിലവില്‍ 500 കോടി രൂപയും അതിന്റെ പലിശയും കേന്ദ്ര വിലസ്ഥിരതാഫണ്ടില്‍ ഉണ്ടായിരിക്കെ ആ തുക വിനിയോഗിച്ചു കിലോയ്ക്കു 150 രൂപ നിരക്കില്‍ റബര്‍ സംഭരിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഡീലര്‍മാരുടെയും വ്യവസായികളുടെയും ചൂഷണത്തിന് ഇരയാകുന്ന കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഇതുമാത്രമെ പോംവഴിയുള്ളു.

ഇത്തരമൊരു ഫണ്ടുള്ള കാര്യം കേരളത്തില്‍നിന്നുള്ള എംപിമാര്‍ അറിയാതിരിക്കുകയോ അറിഞ്ഞതായി നടിക്കാതിരിക്കുകയോ ചെയ്യുന്നു. 800 കോടിയോളം വരുന്ന തുക എവിടെപ്പോയെന്ന് എംപിമാര്‍ പാര്‍ലമെന്റില്‍ ചോദിക്കണം. കേരളത്തിലെ മന്ത്രിമാരോ എംപിമാരോ ഇതേവരെ 800 കോടിയോളം രൂപ കേന്ദ്രത്തില്‍ കരുതലുണ്െടന്നും അതു പ്രയോജനപ്പെടുത്തി കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങണമെന്നു പറയാത്തതില്‍ ദുരൂഹതയുണ്ട്.


പത്തു വര്‍ഷത്തിനുള്ളില്‍ നയാ പൈസ കേന്ദ്രവിലസ്ഥിരതാ ഫണ്ടില്‍നിന്നു കേരളം വിനിയോഗിച്ചിട്ടില്ല. കേരളസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി അടിയന്തിരമായി റബര്‍ 150 രൂപയ്ക്കു വാങ്ങാന്‍ തയാകണം. ഇപ്പോഴത്തെ ഉത്പാദനച്ചെലവ് കണക്കാക്കിയാല്‍ കിലോയ്ക്ക് 130 രൂപ എന്നതും നഷ്ടവിലയാണ്.

മഹാരാഷ്ട്രയിലും ഗുജറാത്തിലും പരുത്തിയുടെ വില ഇടിയുമ്പോള്‍ വിലസ്ഥിരതാഫണ്ട് പ്രയോജനപ്പെടുത്തി അതത് സംസ്ഥാനങ്ങള്‍ കര്‍ഷകരെ രക്ഷിച്ചിട്ടുണ്ട്. കരിമ്പിനും ഗോതമ്പിനും വിവിധ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ ചെയ്യുന്ന ഇടപെടല്‍ കേരള സര്‍ക്കാര്‍ തിരിച്ചറിയണം.

ഇപ്പോഴത്തെ അവഗണന പിന്തുടര്‍ന്നാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ മറ്റു കൃഷികളിലേക്കു മാറുകയും കടുത്ത പ്രതിസന്ധി സംസ്ഥാനത്തുണ്ടാകുകയും ചെയ്യും. ആര്‍പിഎസുകള്‍ മുഖേന അടിയന്തിരമായി റബര്‍ വാങ്ങാനുള്ള നടപടി ചെയ്യാത്ത സര്‍ക്കാര്‍ വ്യവസായികളുടെ പക്ഷത്താണു നിലകൊള്ളുന്നതെന്ന് സംശയിക്കണമെന്നും പി.സി. സിറിയക് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.