മുഖപ്രസംഗം: കായികരംഗത്തൊരു ശുദ്ധികലശമാവാം
Sunday, January 25, 2015 9:28 PM IST
കായിക സംഘടനകള്‍ക്കു രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളുമൊന്നും ബാധകമല്ലെന്നും ഈ സംഘടനകളില്‍ ഭാരവാഹികള്‍ക്കു തോന്നുന്നതുപോലെയൊക്കെ ചെയ്യാമെന്നും കരുതിയിരുന്നവര്‍ക്കു രാജ്യത്തെ പരമോന്നത കോടതി മറുപടി നല്‍കിയിരിക്കുന്നു. സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി കായികസംഘടനകളുടെ നിയമാവലിയില്‍ ഭേദഗതി വരുത്താനും രാജ്യത്തെ പൊതുനിയമങ്ങളെ നോക്കുകുത്തിയാക്കാനും ആവില്ലെന്നു കോടതി അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം ചൂണ്ടിക്കാട്ടി. അഴിമതിയും സ്വജനപക്ഷപാതവും ധാരാളിത്തവും അരങ്ങുവാഴുന്ന കായികസംഘടനകളുടെ ഈജിയന്‍ തൊഴുത്തുകള്‍ വൃത്തിയാക്കാന്‍ സുപ്രീംകോടതിയുടെ ഈ വിധി സഹായകമാകുമെന്ന് ആശിക്കാം.

ഐപിഎല്‍ ടീമായ സൂപ്പര്‍ കിംഗ്സിന്റെ തലപ്പത്തിരുന്നുകൊണ്ടു ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ)യുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ഇപ്പോഴത്തെ പ്രസിഡന്റ് എന്‍. ശ്രീനിവാസനു കഴിയില്ലെന്നു സുപ്രീംകോടതി തീര്‍പ്പു കല്പിച്ചു. ടീം ഉടമയായിരിക്കുന്നതു ബിസിസിഐ ഭാരവാഹിത്വത്തിനു തടസമാകാതിരിക്കാനാണു സംഘടനയുടെ നിയമാവലിയില്‍ ശ്രീനിവാസനും കൂട്ടരും ഭേദഗതി വരുത്തിയത്. ഐപിഎല്‍ ക്രമക്കേടുകള്‍ അന്വേഷിച്ച ജസ്റീസ് മുഗ്ദല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സുപ്രീംകോടതി വിധി. ക്രിക്കറ്റ് സംഘടനകള്‍, വാതുവയ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പല വിവാദവിഷയങ്ങളെക്കുറിച്ചും ശ്രദ്ധേയമായ നിരീക്ഷണങ്ങളാണു കോടതി നടത്തിയത്. ക്രിക്കറ്റിനു മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തിനുതന്നെ വലിയൊരു മുന്നറിയിപ്പാണ് ഈ വിധി എന്നു പലരും വിലയിരുത്തുന്നു.

ഫിഫ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ കായികസംഘടനയെന്നാണു ബിസിസിഐ അറിയപ്പെടുന്നത്. അതിന്റെ അമരത്തെത്താന്‍ രാഷ്ട്രീയപ്രമുഖരും വമ്പന്‍ ബിസിനസുകാരുമൊക്കെ ചരടുവലികള്‍ നടത്തുന്നു. ശരത് പവാറിനെയും അരുണ്‍ ജെയ്റ്റ്ലിയെയും പോലുള്ള രാഷ്ട്രീയക്കാരും ബിസിനസ് രംഗത്തെ അതിശക്തരും ക്രീസിനു പുറത്തു നടക്കുന്ന ഈ കളികളുടെ മുന്‍പന്തിയില്‍ എക്കാലവും ഉണ്ടായിരുന്നു. ഐപിഎല്‍ ആരംഭിച്ചതോടെ ക്രിക്കറ്റില്‍ കോര്‍പറേറ്റുകളും സജീവമായി. ബോളിവുഡ് താരങ്ങളും കായികരംഗത്ത് പ്രശസ്തിയോടൊപ്പം പണവും ആവോളം സമ്പാദിച്ചവരുമൊക്കെ കളിക്കളങ്ങള്‍ സജീവമാക്കാന്‍ എത്തിയപ്പോള്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലം വരുന്നുവെന്നു സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികള്‍ കരുതിയിട്ടുണ്ടാവും. എന്നാല്‍, പിന്നീട് ഒത്തുകളി- വാതുവയ്പുകള്‍ സംബന്ധിച്ച നാണംകെട്ട കഥകളുടെ പ്രവാഹമായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പുറത്താക്കലും ശിക്ഷാനടപടികളുമൊക്കെ വന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ലോബികളാണെന്നുപോലും സംശയമുയര്‍ന്നു. ആഗോളതലത്തില്‍ കുപ്രസിദ്ധരായ ഭീകരപ്രമാണിമാര്‍പോലും ഈ കഥകളിലെ പ്രധാന കഥാപാത്രങ്ങളായി.

ഐപിഎല്‍ വാതുവയ്പില്‍ ശ്രീനിവാസനു നേരിട്ടു പങ്കുള്ളതായി തെളിവില്ലെന്നു കോടതി നിരീക്ഷിച്ചതില്‍പിടിച്ച് അദ്ദേഹത്തെ വെള്ളപൂശാന്‍ ചിലര്‍ ശ്രമം നടത്തുമ്പോള്‍ അത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളതു ബിസിസിഐയുടെ പേ റോളില്‍ പെട്ടവരാണെന്നും ചിലര്‍ ആരോപണം തൊടുക്കുന്നു. ഇന്ത്യാ സിമന്റ്സിന്റെ ഉടമയായ ശ്രീനിവാസന്‍ സ്വന്തം വാണിജ്യ താത്പര്യങ്ങള്‍കൂടി കണക്കിലെടുത്താവും ഐപിഎല്‍ ടീമായ ചെന്നൈ കിംഗ്സിനെ സ്വന്തമാക്കിയത്. അന്നദ്ദേഹം ബിസിസിഐയുടെ ട്രഷററായിരുന്നു. ബിസിസിഐ ഭാരവാഹികള്‍ക്കും ഫ്രാഞ്ചൈസികളുണ്ടാക്കാമെന്നു ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണു ശ്രീനിവാസന്‍ ടീം സ്വന്തമാക്കിയത്. ബിസിസിഐയെ കൈപ്പിടിയിലൊതുക്കാന്‍ തലപ്പത്തുള്ളവര്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ എതിര്‍പക്ഷവും സജീവമായിരുന്നു. അധികാരത്തര്‍ക്കങ്ങളും പിടിച്ചെടുക്കല്‍ ശ്രമങ്ങളും നിരന്തരം നടന്നു. ഒരുകാലത്ത് ഇംഗ്ളണ്ടിന്റെ കൈപ്പിടിയിലായിരുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍പോലും ബിസിസിഐയുടെ നിയന്ത്രണത്തിലാണിപ്പോള്‍. പക്ഷേ, പണവും സ്വാധീനവും നല്ലതിനു മാത്രമല്ലല്ലോ ഉപയോഗിക്കപ്പെടാറുള്ളത്. ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ ക്രിക്കറ്റ് പ്രേമത്തെ മുതലെടുത്തു കളിയെ വാണിജ്യവത്കരിച്ചവരുടെ കച്ചവടതാത്പര്യങ്ങള്‍ പല തെറ്റായ ദിശകളിലേക്കും വളരെ പെട്ടെന്നു പടര്‍ന്നു.


കായികസംഘടനകള്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമസംഹിതകളനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍ എന്ന അടിസ്ഥാനപരമായ മാറ്റത്തിനാണു സുപ്രീംകോടതി വിധി വഴിതുറക്കുന്നത്. ഫിഫയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്ന ഫുട്ബോള്‍ ഫെഡറേഷന്റെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിധി നിര്‍ണായകമാവും. സമഗ്രവും സുതാര്യവും സുശക്തവുമായ ഒരു കായിക നിയമാവലി അനിവാര്യമാകുന്നു. അതു രൂപപ്പെടുത്തുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതു സജീവമാകണം. നിയമങ്ങള്‍ വൈകാതെ നടപ്പില്‍വരണം.

ക്രിക്കറ്റിന്റെ പ്രഭാപൂരത്തില്‍ രാജ്യത്തെ മറ്റെല്ലാ കായിക ഇനങ്ങളും നിഷ്പ്രഭമാകുന്നതായി പരാതി ഉയരാറുണ്ട്. എല്ലാ കായിക ഇനങ്ങള്‍ക്കും പ്രോത്സാഹനം ലഭിക്കുന്ന, തുല്യ പരിഗണ നല്‍കുന്ന കായികനയമാണു നമുക്കുവേണ്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലുള്ള പ്രത്യാശാനിര്‍ഭരമായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. മാര്‍ഗഭ്രംശം ഉണ്ടാകാതെ അവ കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമാകണം. 127 കോടി ജനങ്ങളുള്ള ഈ രാജ്യം ഇന്നും ലോക കായിക ഭൂപടത്തില്‍ മിക്കവാറും അദൃശ്യമാണ്. യഥാര്‍ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളികളെയും കായികസംഘടനകളെയും ഏകോപിപ്പിച്ചു മുന്നോട്ടുപോയാലേ നമ്മുടെ കായികരംഗം രക്ഷപ്പെടൂ. അഴിമതിയുടെ കറുത്ത കരങ്ങളില്‍നിന്നു കായികരംഗത്തെ മോചിപ്പിക്കുക അത്യാവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.