വിമാനം വൈകി; ജോലി നഷ്ടപ്പെട്ട യാത്രക്കാരന് 3.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Sunday, December 28, 2014 11:20 PM IST
മഞ്ചേരി: യന്ത്രത്തകരാറു മൂലം വിമാനം വൈകിയതു യാത്രക്കാരന് ജോലിയും വീസയും നഷ്ടമാകാന്‍ ഇടയാക്കിയതിനാല്‍ വിമാന കമ്പനി 3,15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി. കോട്ടയ്ക്കലിനടുത്ത എടരിക്കോട് കുറ്റിപ്പാല പഞ്ചിനിക്കാടന്‍ ബീരാന്റെ മകന്‍ ഉസ്മാന്‍ നല്‍കിയ പരാതിയിലാണ് ജഡ്ജി കെ.മുഹമ്മദലി, അംഗങ്ങളായ മദനവല്ലി, മിനിമാത്യു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

എമിറേറ്റ്സ് എയര്‍ലൈന്‍സ് കരിപ്പൂര്‍, കോഴിക്കോട് മാനേജര്‍മാര്‍, കുറ്റിപ്പാല നൌഫല്‍ ട്രാവല്‍സ് മാനേജര്‍ എന്നിവരാണ് തുക നല്‍കേണ്ടത്. 2010 ഡിസംബര്‍ 28ന് രാത്രി 9.25ന് കരിപ്പൂരില്‍ നിന്നു ദുബായിയിലേക്കു പുറപ്പെടേണ്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ 8800 രൂപയ്ക്ക് ഉസ്മാന്‍ ടിക്കറ്റെടുത്തിരുന്നു. കൃത്യ സമയത്ത് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ഒമ്പതരയ്ക്ക് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. രാത്രി ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, 2010 ഒക്ടോബര്‍ 30ന് വീസ കാലാവധി തീരുന്നതിനാല്‍ ഉസ്മാനെ യാത്ര ചെയ്യാന്‍ വിമാന അധികൃതര്‍ അനുവദിച്ചില്ല.


ദുബായിയിലെത്തിച്ചാല്‍ താന്‍ കരമാര്‍ഗം മസ്ക്കറ്റിലേക്ക് പൊയ്ക്കൊള്ളാമെന്ന ഉസ്മാന്റെ അപേക്ഷയും അധികൃതര്‍ നിരസിച്ചു.അവസാന നിമിഷത്തേക്ക് യാത്ര നീട്ടിവച്ചത് പരാതിക്കാരന്റെ അശ്രദ്ധയാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് വിമാനം ഒരു ദിവസം വൈകിയതെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ 2010 ഒക്ടോബര്‍ 28ന് തന്നെ ബോര്‍ഡിംഗ് പാസെടുത്തിരുന്നുവെന്നും വിമാനത്തില്‍ പ്രവേശിച്ച ശേഷമാണ് യാത്ര മുടങ്ങിയതെന്നും യന്ത്രത്തകരാറുണ്െടങ്കില്‍ മറ്റൊരു വിമാനത്തില്‍ തന്നെ അയയ്ക്കാമായിരുന്നുവെന്നുമുള്ള പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നഷ്ടപരിഹാരമായ മൂന്നു ലക്ഷം രൂപയും കോടതി ചെലവായ 15000 രൂപയും ഒരു മാസത്തിനകം കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.