കലാകാരന്‍മാര്‍ മനസിനു കുളിര്‍മയും ജീവിതത്തിനു സന്തോഷവും നല്‍കുന്നവരായിരിക്കണം: ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം
കലാകാരന്‍മാര്‍ മനസിനു കുളിര്‍മയും ജീവിതത്തിനു സന്തോഷവും നല്‍കുന്നവരായിരിക്കണം: ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം
Sunday, December 28, 2014 11:58 PM IST
തിരുവനന്തപുരം: മനസിനു കുളിര്‍മയും ജീവിതത്തിനു സന്തോഷവും നല്‍കുന്നവരായിരിക്കണം കലാകാരന്‍മാരെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാനും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. ഈശ്വരന്‍ വസിക്കുന്ന ഹൃദയങ്ങളിലാണു കലകള്‍ വളരുന്നത്. അതിനാല്‍ കലാകാരന്‍ ഒരു പ്രേഷിതനാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. കെസിബിസി 10-ാം ബൈബിള്‍ കലോത്സവം കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിംഗ് കോളജില്‍ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവസ്നേഹം തുളുമ്പുന്ന രീതിയില്‍ കലകള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയണം. വാസ്തവമുള്ളതിനെ വാസ്തമില്ലാത്തതുപോലെ അവതരിപ്പിക്കുന്നതുകൊണ്ടാണ് പലപ്പോഴും ദൈവവചനം ആരും ശ്രദ്ധിക്കാതെ പോകുന്നത്. അതേ സമയം വാസ്തവമല്ലാത്തിനെ വാസ്തവമാക്കി അവതരിപ്പിച്ച് പ്രശംസ നേടാനും കലകള്‍ക്ക് കഴിയും. കലാകാരന്‍മാര്‍ നല്ല വിശേഷം പകരുന്നവരാകണം. ജീവിതത്തില്‍ യാഥാര്‍ഥ്യമാകേണ്ടവയാണ് കാലാകരന്‍ കലയിലൂടെ അവതരിപ്പിക്കേണ്ടത്. കല ഒരു വാക്കില്‍ ഒതുങ്ങേണ്ടതല്ല അത് ജീവിതമാകേണ്ടതാണ്. അതിനായി താന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാന്‍ കലാകാരന് കഴിയണം ആര്‍ച്ച് ബിഷപ് പറഞ്ഞു.


കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ.ജോഷി മയ്യാറ്റിലിന്റെ അധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ മോണ്‍.തോമസ് നെറ്റോ, മോണ്‍.ജോര്‍ജ് പോള്‍, ഫാ.ക്രിസ്റില്‍ റൊസാരിയോ, ഫാ. മൈക്കിള്‍ ആല്‍ബിനോ, ഫ്രഡറിക് ടി. പെരേര തുടങ്ങിയവര്‍ പ്രസംഗിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ കേരളത്തിലെ 31 രൂപതകളില്‍ നിന്നായി 3000 -ല്‍ പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. കലോത്സവം ഇന്ന് സമാപിക്കും. സമാപനസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉത്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് ഡോ.സൂസപാക്യം അധ്യക്ഷനായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.