അധ്യാപക ബാങ്ക് രൂപവത്കരണം: മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം
Sunday, December 28, 2014 11:57 PM IST
തിരുവനന്തപുരം: അധ്യാപക ബാങ്ക് രൂപവത്കരണവും തസ്തിക നിര്‍ണയവും സംബന്ധിച്ച മാര്‍ഗനിര്‍ദേശം അംഗീകരിച്ച് ഉത്തരവായി. 2010-11ലെ തസ്തിക നിര്‍ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡം.

യുഐഡി അനുസരിച്ചുള്ള 2014-15ലെ തസ്തിക നിര്‍ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11ലെ തസ്തികനിര്‍ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15ലെ തസ്തിക നിര്‍ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കൂ. അധികമായി വരുന്ന അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

യുഐഡി അനുസരിച്ച് 2014-15ലെ തസ്തികനിര്‍ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നതു സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അധ്യാപക/അനധ്യാപക ജീവനക്കാരെ നിയമിച്ചു പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്താനായി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തിക നിര്‍ണയം സംബന്ധിച്ചു പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം.

കെഇആര്‍ പ്രകാരം 1:45 അനുപാതത്തില്‍ത്തന്നെ തസ്തികനിര്‍ണയം നടത്തണമെന്നതാണു സര്‍ക്കാരിന്റെ നയം. എന്നാല്‍, റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1: 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ളാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ളാസുകളില്‍ 1:35 എന്ന അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തിക നിര്‍ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്കു വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേക്കു മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്.

സ്ഥലംമാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എഇഒ/ഡിഇഒ ഉറപ്പുവരുത്തണം.

31.3.2011നു മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്കു സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്കാലിക നടപടി മാത്രമാണ് അധ്യാപക ബാങ്ക്. ഇനി അധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല.

സര്‍ക്കാര്‍ സ്കൂളില്‍നിന്നും എയ്ഡഡ് സ്കൂളില്‍നിന്നും അധിമായി അധ്യാപക ബാങ്കിലേക്കു മാറ്റപ്പെടുന്ന അധ്യാപകരുടെ രണ്ടു പ്രത്യേക ലിസ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കണം. സീനിയോരിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍പി, യുപി., ഹൈസ്കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ ഉള്‍പ്പെടുത്തണം. റവന്യൂ ജില്ലാടിസ്ഥാനത്തിലും ഓരോ വിഭാഗത്തിന്റെയും സീനിയോറിറ്റി അടിസ്ഥാനമാക്കിയും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ ലിസ്റുകള്‍ തയാറാക്കണം.

യുഐഡിയില്‍ കൃത്രിമം കാട്ടി നടത്തിയ അനധികൃത നിയമനം, ജനനത്തീയതിയിലെ മാനദണ്ഡം മറികടന്നുള്ള നിയമനം, നിര്‍ദിഷ്ടയോഗ്യതയില്ലാത്ത നിയമനം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാരെ അധ്യാപക ബാങ്കിലെ ലിസ്റില്‍നിന്നും അനുബന്ധ ലിസ്റില്‍നിന്നും 1.10.2011 ലെ പാക്കേജ് ഉത്തരവിന്റെ അനുബന്ധലിസ്റില്‍നിന്നും നിരുപാധികം നീക്കം ചെയ്യും. ഇതുമൂലം സര്‍ക്കാരിനോ അധ്യാപകര്‍ക്കോ എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്െടങ്കില്‍ അതു മാനേജരുടെ ബാധ്യതയായി കണക്കാക്കി കെഇആറില്‍ അനുശാസിക്കും വിധം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും.


എല്ലാ കുട്ടികളുടെയും യുഐഡിപ്രകാരമുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്ന ജോലി 28.02.2015ന് മുമ്പായി തീര്‍ക്കണം. കെഇആറില്‍ ഭേദഗതികള്‍ വരുത്തി അധ്യാപകരുടെ അന്തിമലിസ്റ് 31.05.2015 നുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ് തീരുമാനിക്കുന്നതു സര്‍ക്കാര്‍ തലത്തിലായിരിക്കും.

ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിവുകളുണ്ടാകുന്ന പക്ഷം ബാങ്കില്‍ അധ്യാപകര്‍ അവശേഷിക്കുന്നുണ്െടങ്കില്‍ അവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക ബാങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ ആരും അവശേഷിക്കുന്നില്ലെങ്കില്‍ മാത്രമേ ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടതുളളൂ.

എയിഡഡ് അധ്യാപക ബാങ്കില്‍നിന്നുമാത്രം നിയമനം നടത്തേണ്ട ഒഴിവുകള്‍ ബന്ധപ്പെട്ട മാനേജര്‍മാര്‍ അധ്യാപക ബാങ്കില്‍നിന്നു സ്വമേധയാ നിയമനം നടത്തി 48 മണിക്കൂറിനുളളില്‍ അതത് എഇ/ഡിഇഒ മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

അധ്യാപക ബാങ്കിലുള്‍പ്പെട്ടവര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍/ മാനേജര്‍മാര്‍ നല്‍കുന്ന നിയമനം സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുളളില്‍ സ്കൂളില്‍ ജോയിന്‍ ചെയ്യാത്ത അധ്യാപകരെ ഉടനടി ബാങ്കില്‍നിന്നു നീക്കംചെയ്യും.അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട സ്പെഷലിസ്റ് അധ്യാപകരെ സംബന്ധിച്ച് ജിഒ (പി) 199/11 പ്രകാരമുളള വ്യവസ്ഥകളും കെഇആര്‍ വ്യവസ്ഥകളും ബാധകമായിരിക്കും.

ഉചിതമായ പുനര്‍വിന്യാസം ലഭിക്കുന്നതുവരെ ബാങ്കിലുള്‍പ്പെട്ടവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മാതൃസ്കൂളുകളില്‍ നിന്നു തന്നെ ശമ്പളം ലഭിക്കും.

അധ്യാപക ബാങ്കിലുള്‍പ്പെട്ടു പുനര്‍വിന്യസിക്കുന്ന അധ്യാപകരുടെ ശമ്പളവിതരണം സ്പാര്‍ക്ക് വഴിയായിരിക്കും. ബാങ്കില്‍ തുടരുന്ന അധ്യാപകര്‍ പുനര്‍വിന്യാസിക്കപ്പെട്ടതിനു ശേഷം അവരുടെ ശമ്പള ബില്ലുകള്‍ മാറേണ്ടതും വിതരണം ചെയ്യേണ്ടതും മാതൃസ്കൂളിന്റെ ചുമതലയുളള എഇ/ ഡിഇഒമാര്‍ ആയിരിക്കും.

സ്കൂളുകളില്‍ യുഐഡിഐഡി പ്രകാരമുളള കുട്ടികള്‍ പഠിക്കുന്നുണ്െടന്ന് ഉറപ്പുവരുത്തുന്നതിനായി അതത് എഇഒ/ ഡിഇഒമാര്‍ പരിശോധന നടത്തണം. യുഐഡി അടിസ്ഥാനമാക്കിയുളള തസ്തികാ നിര്‍ണയം നടന്നുകഴിഞ്ഞാല്‍ അര്‍ഹതയുളള സ്കൂളുകളില്‍ ഒരു ഉന്നതതല പരിശോധന അതത് ഡിഇഒ (എല്‍പി/ യുപി സ്കൂളുകളില്‍)/ ഡെപ്യൂട്ടി ഡയറക്ടര്‍ (ഹൈസ്കൂളുകളില്‍) നടത്തി അധിക ഡിവിഷന് അര്‍ഹതയുണ്െടങ്കില്‍ സര്‍ക്കാരിനു ശിപാര്‍ശ ചെയ്യണം.

തസ്തികനിര്‍ണയ ഉത്തരവുകള്‍ക്കെതിരേയുളള അപ്പീലുകള്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം മാനേജര്‍ അതതു വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കു നല്‍കണം. അപ്പീല്‍ ലഭിച്ചുകഴിഞ്ഞാല്‍ രണ്ടു മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അതു തീര്‍പ്പാക്കണം. ഈ തീര്‍പ്പാക്കലിനെതിരേ മാനേജര്‍ റിവിഷന്‍ പെറ്റീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നല്‍കുന്നുണ്െടങ്കില്‍ ആയത് ഉത്തരവ് ലഭിച്ച 30 ദിവസത്തിനകം തന്നെ നല്‍കണം.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു ലഭിക്കുന്ന റിവിഷന്‍ പെറ്റീഷനുകളും രണ്ടു മാസത്തിനകം തീര്‍പ്പാക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനത്തിനെതിരേ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുണ്െടങ്കില്‍ ആയത് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം നല്‍കണം. റിവിഷന്‍ പെറ്റീഷനുകള്‍ ലഭിച്ചു മൂന്നു മാസത്തിനകം തീര്‍പ്പാക്കണം. വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രം 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ അധിക തസ്തികകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അനുവദിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.