റബര്‍ സീസണ്‍ അവസാനഘട്ടത്തില്‍; കാര്‍ഷികമേഖലയില്‍ ആശങ്ക തുടരുന്നു
Sunday, December 28, 2014 11:44 PM IST
കോട്ടയം: തരംതിരിക്കാത്ത റബര്‍ ഉള്‍പ്പെടെ എല്ലാ ഗ്രേഡുകള്‍ക്കും വാറ്റ് ഉള്‍പ്പെടെ വിവിധ ഇളവുകള്‍ ലഭിക്കുമെന്നു തിങ്കളാഴ്ച വിജ്ഞാപനം ഇറക്കിയെങ്കിലും റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വിലയില്‍ വില വര്‍ധന ആര്‍എസ്എസ് നാല് ഗ്രേഡിനു മാത്രമാണുള്ളത്. ആര്‍എസ്എസ് നാല് ഗ്രേഡിന് 130 രൂപ വില പ്രഖ്യാപിച്ചെങ്കിലും അല്പം നിരക്ക് കുറച്ചാണ് വ്യാപാരികള്‍ ചരക്ക് എടുക്കുന്നത്. തരംതിരിക്കാത്ത റബറിന് ഇന്നലെ 120 രൂപയാണ് റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. അതേ സമയം ഗ്രാമീണമേഖലയില്‍ 115 രൂപയില്‍ താഴ്ത്തിയാണു വ്യാപാരികള്‍ തരംതിരിക്കാത്ത റബര്‍ വാങ്ങിയത്.

നിലവാരം കുറഞ്ഞ റബര്‍ ഷീറ്റ് തയാറാക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യത്തിന്റെ വലിയ പ്രയോജനവും ലഭിക്കുന്നില്ല. അതേസമയം തരംതിരിക്കാത്ത റബറിന് 15 രൂപ വര്‍ധിച്ചു എന്നത് ആശ്വാസകരമാണ്. ഗ്രാമീണ മേഖലയിലെ ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന 70 ശതമാനം ഷീറ്റും തരംതിരിക്കാത്ത ഗ്രേഡിലാണ് പെടുത്താറുള്ളത്.

ഷീറ്റ്, ലാറ്റക്സ്, ക്രീപ്പ്, ബ്ളോക്ക് റബര്‍ എന്നിവയ്ക്കെല്ലാം വില്‍പന നികുതി ഇളവു നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നേട്ടം വന്‍കിട തോട്ടം ഉടമകളുടെ മികച്ച ഷീറ്റിനു മാത്രമാണ്. ഇവരാകട്ടെ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ ഷീറ്റ് വില്‍ക്കാന്‍ താല്‍പര്യപ്പെടുന്നുമില്ല. പുകപ്പുരയും മറ്റ് സൌകര്യങ്ങളുമുള്ള വന്‍കിട കര്‍ഷകര്‍ക്കും തോട്ടം ഉടമകള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ ഇളവിന്റെ നേട്ടം. വാറ്റ് ഒഴിവാക്കുമെന്നു പ്രഖ്യാപനം വന്നശേഷം അവധിവിലയില്‍ കാര്യമായ വര്‍ധനവുണ്ടായെങ്കിലും വ്യാപാരം നടക്കാതിരുന്നതിനാല്‍ നയാ പൈസയുടെ നേട്ടം കര്‍ഷകര്‍ക്കു ലഭിച്ചില്ല. റബര്‍ സംഭരണം വമ്പന്‍ പരാജയത്തില്‍ കലാശിച്ചതുപോലെ വാറ്റ് ഒഴിവാക്കലും ചെറുകിട കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നില്ലെന്നതാണ് കര്‍ഷകരുടെ വേദന. ഇക്കൊല്ലത്തെ ഉത്പാദനസീസണ്‍ അവസാനഘട്ടത്തിലെത്തിയിട്ടും വിലയിടിവു തടയാനുള്ള ആശ്വാസ പദ്ധതികളൊന്നും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല.


അതിനിടെ റബര്‍ ടാപ്പിംഗ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ഉത്പാദനത്തിന്റെ തോത് കുറഞ്ഞു തുടങ്ങി. മഴ മാറിയെങ്കിലും രാവിലെയുള്ള കനത്ത മഞ്ഞാണ് അനുകൂല ഘടകമായിരിക്കുന്നത്. അടുത്തയാഴ്ചയോടെ തണുപ്പിനും മഞ്ഞിനും കുറവുണ്ടാകുന്നതോടെ ഉത്പാദനത്തില്‍ വീണ്ടും കുറവുണ്ടാകാനാണ് സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.