കൊയ്ത്തുമെതി യന്ത്രത്തെയും കൈകളിലൊതുക്കി ആദിവാസി വനിതകള്‍
കൊയ്ത്തുമെതി യന്ത്രത്തെയും കൈകളിലൊതുക്കി ആദിവാസി വനിതകള്‍
Sunday, December 28, 2014 11:42 PM IST
കല്‍പ്പറ്റ: വയനാട് ജില്ലയിലെ അഞ്ച് ആദിവാസി വനിതകള്‍ കൊയ്ത്തും മെതിയും പാറ്റലും ലോഡിംഗും ഒരേ സമയം നടത്തുന്ന യന്ത്രം(കംബൈന്‍ഡ് ഹാര്‍വെസ്റര്‍) പ്രവര്‍ത്തിപ്പിക്കാനുള്ള പഠനം പൂര്‍ത്തിയാക്കി. ഇതിനു വഴിയൊരുക്കിയത് വയനാട് ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും.

മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാട് അരുണോദയത്തില്‍ ശാരദ അണ്ണന്‍, പുളിക്കല്‍ ബിന്ദു മോഹന്‍, ബത്തേരി മൂലങ്കാവ് പാളാക്കര സുധ രാമന്‍, പാളാക്കര സുനിത ലക്ഷ്മണന്‍, ബത്തേരി തിരുനെല്ലി ബിന്ദു ഗോപി എന്നീ വീട്ടമ്മമാരാണ് കംബൈന്‍ഡ് ഹാര്‍വെസ്റര്‍ ഉപയോഗത്തില്‍ വൈദഗ്ധ്യം നേടിയത്. കൃഷി വകുപ്പിലെ അസിസ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ടി. സുമേഷ്കുമാര്‍, അസിസ്റന്റ് എന്‍ജിനീയര്‍ സി.ഡി. രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ കഴിഞ്ഞ ദിവസം മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാടുമൂല പാടശേഖരത്തില്‍ യന്ത്രമിറക്കി കൊയ്ത്തുനടത്തി ആദ്യ പ്രതിഫലം വാങ്ങി.

ജില്ലാ പഞ്ചായത്ത് നടപ്പുസാമ്പത്തികവര്‍ഷത്തെ പട്ടികവര്‍ഗ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടു കംബൈന്‍ഡ് ഹാര്‍വെസ്റര്‍ വാങ്ങിയതും ആദിവാസി വനിതകള്‍ക്കു പരിശീലനം നല്‍കിയതും. 22.5 ലക്ഷം രൂപയാണു യന്ത്രത്തിന്റെ വില.

നെല്‍കൃഷി ലാഭകരവും ആകര്‍ഷകമാക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി യന്ത്രങ്ങള്‍ വാങ്ങാനും അവയുടെ കൈകാര്യം പട്ടികവര്‍ഗ വനിതകളെ ഏല്‍പ്പിക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചപ്പോള്‍ പുരികം ചുളിച്ചവര്‍ നിരവധിയാണെന്നു പ്രസിഡന്റ് എന്‍.കെ. റഷീദ് പറഞ്ഞു. ഈ ഭീമന്‍ യന്ത്രം പാടത്തിറക്കാനും പ്രവര്‍ത്തിപ്പിക്കാനും പെണ്ണുങ്ങള്‍ക്കാകുമോ എന്ന ചോദ്യം പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു. ഇതിനുള്ള മറുപടിയാണു കേവലം 12 ദിവസംകൊണ്ടു പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വനിതകള്‍ നല്‍കുന്നത്. കംബൈന്‍ഡ് ഹാര്‍വെസ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 12 പട്ടികവര്‍ഗ വനിതകള്‍ക്കു പരിശീലനം നല്‍കാനായിരുന്നു തീരുമാനം. അപേക്ഷ ക്ഷണിച്ചപ്പോള്‍ അഞ്ചു പേര്‍ മാത്രമാണ് എത്തിയത്. ഇവര്‍ക്ക് ദിവസം 200 രൂപ വീതം സഹായധനം നല്‍കിയായിരുന്നു പരിശീലനം.


നെല്‍കൃഷിയില്‍ കൊയ്ത്ത് മുതലുള്ള ജോലികള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താന്‍ ഉതകുന്നതാണു കംബെയ്ന്‍ഡ് ഹാര്‍വെസ്റര്‍. ഒരു ഏക്കറില്‍ കൊയ്ത്ത് നടത്താന്‍ യന്ത്രത്തിനു ഒരു മണിക്കൂര്‍ മതി. പാടത്ത് കുരവയില്ലാത്ത ഭാഗങ്ങളില്‍ ഇറക്കാം. കൊയ്യുന്ന മുറയ്ക്കു മെതിയും പാറ്റലും നടത്തുന്നതിനാല്‍ നെല്ല് അപ്പോള്‍ത്തന്നെ ചാക്കുകളിലേക്ക് മാറ്റാം. മണിക്കൂറിനു 2000 രൂപയാണു വാടക. ഒരേക്കറിലെ നെല്ല് പരമ്പരാഗത രീതിയില്‍ കൊയ്തുമെതിക്കുന്നതിനു 6,000 രൂപ വരെയാണു ചെലവ്.

കൃഷി അസിസ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയറാണു യന്ത്രങ്ങളുടെ കസ്റോഡിയന്‍. യന്ത്രം വാടകയ്ക്ക് ആവശ്യമുള്ള കൃഷിക്കാര്‍ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ ബുക്ക് ചെയ്യണം. ബുക്കിംഗ് ക്രമം അനുസരിച്ചു യന്ത്രം ലോറിയില്‍ പാടങ്ങളിലെത്തിക്കും. പരിശീലനം നേടിയ രണ്ടു വനിതകളാണു യന്ത്രത്തിനൊപ്പം ഉണ്ടാകുക. വാടകയിനത്തില്‍ ലഭിക്കുന്നതില്‍ 60 ശതമാനം ജില്ലാ പഞ്ചായത്തിനുള്ളതാണ്.

ഡീസല്‍, ഓപ്പറേറ്റിംഗ് ചെലവുകള്‍ക്കാണു ബാക്കി. യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും.

കംബൈന്‍ഡ് ഹാര്‍വെസ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം അന്തസുള്ള ജീവിതമാര്‍ഗമാണ് തുറന്നുതന്നതെന്നു ശാരദ അണ്ണന്‍ പറഞ്ഞു. 12 ദിവസങ്ങളിലായി ഏകദേശം 60 മണിക്കൂര്‍ പരിശീലനമാണ് അഞ്ചു പേര്‍ക്കും ലഭിച്ചത്. യന്ത്രവും അതിലെ ലിവറുകളും ബുദ്ധിപരമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശേഷി അഞ്ചുപേരും കൈവരിച്ചിട്ടുണ്ട്. മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കബീര്‍ പൈക്കാടന്‍, വാര്‍ഡ് മെമ്പര്‍ നസീമ മങ്ങാടന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാണ്ടാടുമൂല പാടശേഖരത്തില്‍ പട്ടികവര്‍ഗ വനിതകളുടെ അരങ്ങേറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.