ഹരിതം
Sunday, December 28, 2014 11:40 PM IST
മഴവില്ലഴകായ് വര്‍ണത്തത്തകള്‍

ഡോ. സാബിന്‍ ജോര്‍ജ്ജ് (അസിസ്റന്റ് പ്രഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍.പി.എം.വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍)

നാട്ടുതത്തകള്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിരക്ഷയില്‍ സ്വാതന്ത്യ്രത്തിന്റെ വിഹായസുകള്‍ തേടുമ്പോള്‍ വിദേശയിനം തത്തകളാണ് അലങ്കാരപക്ഷി വിപണിയിലെ താരങ്ങള്‍. പ്രകൃതി മേനിയില്‍ ഒരുക്കുന്ന തീഷ്ണമായ വര്‍ണക്കൂട്ടുകളാണ് ഈ തത്തയിനങ്ങളുടെ മുഖ്യ ആകര്‍ഷണം. കിളിക്കൊഞ്ചലും, കടാക്ഷങ്ങളും, അനുകരണശേഷിയുമൊക്കെ ഇവരെ പക്ഷിപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു.

കൊക്കിന്റെ രൂപം, വിരല്‍ വിന്യാസം, ആഹാര രീതി എന്നിവയില്‍ തത്തയിനങ്ങള്‍ പൊതുവായ സാമ്യം പുലര്‍ത്തുന്നുണ്െടങ്കിലും ഓരോ ഇനത്തിനും സവിശേഷമായ പ്രത്യേകതകളുമുണ്ട്. അമ്പരപ്പിക്കുന്ന കഴിവുകളും, ബുദ്ധിശക്തിയും, വര്‍ണവൈവിധ്യവുമാണ് തത്തകളെ ആകര്‍ഷണീയമാക്കുന്നത്. തൃശൂര്‍ ചേലക്കോട്ടുകരയിലുള്ള വിനോദിന്റെ വീട്ടുമുറ്റത്തെ താരങ്ങള്‍ ബഹുവര്‍ണങ്ങളിലുള്ള തത്തകളാണ്.

വിശ്വപ്രസിദ്ധമായ തത്തയിനങ്ങളായ മക്കാവുകള്‍ (ങമരമം), ആമസോണ്‍ പാരറ്റ്സ്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്സ് എന്നിവയാണ് വിനോദിന്റെ ശേഖരത്തിലുള്ളത്. ബ്ളൂ ആന്‍ഡ് ഗോള്‍ഡ് (ആഹൌല ഏീഹറ), ഗ്രീന്‍ വിംഗ് ഇനങ്ങളില്‍പ്പെട്ടവയാണ് വിനോദിന്റെ ശേഖരത്തിലുള്ള മക്കാവുകള്‍. ആമസോണാകട്ടെ ഓറഞ്ച് വിംഗ് എന്ന വിഭാഗത്തില്‍പ്പെട്ടവയും.

അനുകരണ കലയില്‍ വിദഗ്ധരായ ആഫ്രിക്കന്‍ ഗ്രേ പാരറ്റുകളുടെ സ്വദേശം മധ്യ ആഫ്രിക്കയാണ്. കഷ്ടിച്ച് ഒരടി നീളം വരും. ബ്രസീല്‍, മെക്സിക്കോ സ്വദേശികളായ മക്കാവുകള്‍ തത്തകുടുംബത്തിലെ സൌന്ദര്യറാണിമാരാണ്. മൂന്നടിയോളം നീളം വരുന്ന ഇവയുടെ പ്രത്യേകത മഴവില്‍ നിറങ്ങള്‍ ചാലിച്ചെഴുതിയ മേനിയഴകാണ്. വലിപ്പമുള്ള കൊക്കുകളും കവിളിലെ രോമരഹിതമായ അടയാളവും ഇവയുടെ സവിശേഷതകളാണ്. നീലയും സ്വര്‍ണനിറവുമുള്ള ബ്ളൂ ഗോള്‍ഡും ഹരിതഛായയുള്ള ഗ്രീന്‍വിങ്ങ്സും ഇവിടെയുണ്ട്. പച്ചയുടെ സൌന്ദര്യമാണ് ആമസോണ്‍ തത്തകള്‍ക്കുള്ളത്.

മധുര സംഗീതം പൊഴിക്കുന്ന ഇവര്‍ ഉടമയുടെ അരുമകളാണ്. തെക്കെ അമേരിക്കക്കാരായ ഓറഞ്ച് വിങ്ങ്സ്. ആമസോണ്‍ തത്തകളുടെ ചിറകിലും വാലിലും ഓറഞ്ച് തൂവലുകളാണുള്ളത്.

ദക്ഷിണേന്ത്യയിലെ വിശ്വസ്തരും വിദഗ്ധരുമായ ബ്രീഡര്‍മാരില്‍നിന്നാണ് വിനോദ് ഇവയെ സ്വന്തമാക്കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ ലിംഗനിര്‍ണയം നടത്തി ജോഡികളായി തിരിച്ചാണ് കൊണ്ടുവരുന്നത്. 90 ദിവസം മുതല്‍ അഞ്ചുവയസുവരെയുള്ളവയെ വാങ്ങിയിട്ടുണ്ട്. വിലയാകട്ടെ ഇനവും പ്രായവുമനുസരിച്ച് ജോഡിക്ക് അന്‍പതിനായിരം രൂപ മുതല്‍ രണ്ടരലക്ഷം വരെ. വീട്ടിലെത്തിയ ജോഡികളുടെ നെഞ്ചിലെ തൂവലുകള്‍ ഹൈദരാബാദിലെ സ്വകാര്യ ലേബില്‍ അയച്ച് പരിശോധിച്ച് ആണ്‍പെണ്‍ വ്യത്യാസം സ്ഥിരീകരിക്കുകയും ചെയ്യുന്നു.

ബന്ധുര കാഞ്ചന കൂടുകളല്ല പകരം തത്തകള്‍ക്ക് യഥേഷ്ടം ചലിക്കാന്‍ കഴിയുന്ന വിശാലമായ പക്ഷിവീടുകളാണ് വിനോദ് ഒരുക്കിയിരിക്കുന്നത്. ഇരുമ്പു തൂണുകള്‍, കനമേറിയ കമ്പിവല ഷീറ്റ് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം.

14 അടി നീളം, ആറടി വീതി, 10 അടി ഉയരം എന്ന വിധത്തില്‍ ഓരോ ജോഡി മക്കാതത്തകള്‍ക്കും നല്‍കിയിരിക്കുന്നു. 10-12 ഗേജ് കനമുള്ള വലക്കണ്ണികള്‍ തത്തകൊക്കുകളുടെ ശക്തി താങ്ങാവുന്നവ തന്നെ. തീറ്റ, വെള്ളപ്പാത്രങ്ങള്‍, അടയിരിക്കാനുള്ള പ്രത്യേക അറ, പക്ഷികള്‍ക്ക് പിടിച്ചിരിക്കാനും വിശ്രമിക്കാനും ഉയരത്തില്‍ ശക്തമായ വടികള്‍ അഥവാ പെര്‍ച്ചുകള്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നു. കൂടുകള്‍ക്ക് ആകൃതിയേക്കാള്‍ സ്ഥലസൌകര്യം വേണമെന്നും, വെയിലും മഴയും അല്‍പമൊക്കെ ലഭിക്കുന്നത് തൂവലുകള്‍ക്ക് ഏറെ ഭംഗി നല്‍കുമെന്നതും വിനോദിന്റെ അനുഭവം.

സൂര്യകാന്തിക്കുരു, കടല, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയടങ്ങിയ സമൃദ്ധമായ തീറ്റയാണ് തത്തകള്‍ക്ക് നല്‍കുന്നത്. സീസണനുസരിച്ച് പപ്പായ, തണ്ണിമത്തന്‍, മുന്തിരി, കുരുവില്ലാത്ത ആപ്പിള്‍ എന്നിവ നല്‍കും. പാലക്ക്, അരിഞ്ഞ കാരറ്റ് എന്നിവ പച്ചക്കറികള്‍. പ്രജനനസമയത്ത് കടല പ്രത്യേകം നല്‍കുന്നു. ഒപ്പം മാര്‍ക്കറ്റില്‍ ലഭ്യമായ തത്തകള്‍ക്കുള്ള പ്രത്യേക തീറ്റമിശ്രിതം നല്‍കാറുണ്ട്. വിലയേറിയ സമീകൃതാഹാരത്തിന് സൂര്യകാന്തിക്കുരു അധികം നല്‍കിയാല്‍ ജീവകം എ യുടെ കുറവ് ഉണ്ടാകാന്‍ വഴിയുണ്ട്. കാല്‍സ്യത്തിന്റെ സ്രോതസായി കക്കാത്തോടും മറ്റും നല്‍കാവുന്നതാണ്.

നാമൊരുക്കുന്ന കൃത്രിമ സാഹചര്യങ്ങളില്‍ തത്തകളുടെ പ്രജനനം ഏറെ വെല്ലുവിളികളുള്ളതാണ്. ഇണകള്‍ തമ്മിലുള്ള ആജീവനാന്ത ബന്ധമാണ് തത്തകളുടെ പ്രത്യേകത. അതിനാല്‍ ഏതെങ്കിലും ആണിനെയും, പെണ്ണിനെയും കൂട്ടിലിട്ടാല്‍ ഇണ ചേര്‍ന്നുവെന്ന് വരില്ല.

പ്രജനനം വിജയകരമാകാന്‍ ഇത്തരം ഇണ പിരിയാത്ത ജോടികള്‍ വേണം. പ്രായപൂര്‍ത്തിയെത്തുന്ന കാലം ഓരോ തത്തയിലും വ്യത്യസ്തമായിരിക്കും. ബ്ളൂ ഗോള്‍ഡിന് നാലുവയസും, ഗ്രീന്‍വിങ്ങിന് എട്ടുവയസും വേണം. മക്കാതത്തകള്‍ 3-4 മുട്ടകളിടുന്നു. ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചോ, പെണ്‍തത്തകളെ അടയിരുത്തിയോ മുട്ടകള്‍ വിരിയിക്കാം. ഡിസംബര്‍-ജനുവരി പ്രജനനസമയം മുട്ടവിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ കുറഞ്ഞ വളര്‍ച്ചയും, അടഞ്ഞ കണ്ണുകളുമുള്ള നിസഹായരായിരിക്കും.


ആമസോണ്‍, മക്കാതത്തകളുടെ പ്രജനനത്തിലും മുട്ട വിരിച്ചിറക്കുന്നതിലും വിനോദ് ഇതിനകം വിജയം കണ്െടത്തിയിട്ടുണ്ട്.

തള്ളയില്‍നിന്നും വേര്‍പിരിയുന്ന ഒന്നര മാസം കഴിഞ്ഞുള്ള സമയത്ത് ഹാന്‍ഡ് ഫീഡിംഗാണ് നടത്തുക. മനുഷ്യനുമായുള്ള സാമൂഹ്യബന്ധം ഏറെയിഷ്ടപ്പെടുന്ന തത്തകള്‍ക്ക് അവരോട് സംസാരിക്കുന്നതും ശബ്ദങ്ങളുപയോഗിച്ച് വിളിക്കുന്നതും ഏറെയിഷ്ടമാണെന്ന് വിനോദ് പറഞ്ഞു. കൂട്ടില്‍നിന്നും തത്തകളെ പുറത്തിറക്കാനുള്ള പരിശീലനമാണ് ആദ്യം നല്‍കുന്നത്.

തത്തകളുടെ ശാരീരിക മാനസികാരോഗ്യം ഏറെ പ്രധാനമാണ്. തൂവല്‍ കൊത്തിപ്പൊഴിക്കുന്നതുപോലെയുള്ള ദുഃസ്വഭാവങ്ങള്‍ ശാരീരിക മാനസിക പ്രശ്നങ്ങളുടെ പ്രധാന ലക്ഷണമാണ്. ഉടമയുടെ അവഗണനയും, പോഷകാഹാരക്കുറവും, ബോറടിയുമൊക്കെ ഇതിനു കാരണമാകും. കളിപ്പാട്ടങ്ങള്‍ നല്‍കി, വീടിനു പുറത്തുള്ള വിശാലമായ കൂടുകളില്‍ വളര്‍ത്തി ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം.
ഫോണ്‍ : വിനോദ്- 9526969999, ഡോ. സാബിന്‍- 9446203839


വെയിലിനെ പേടിക്കാതെ വേനല്‍ക്കാലം കൃഷി സമൃദ്ധമാക്കാം

ടോം ജോര്‍ജ്

കൃത്യതാ കൃഷിയും കണികാ ജലസേചനവുമെല്ലാം (ഡ്രിപ് ഇറിഗേഷന്‍) വലിയ കൃഷിയിടങ്ങളില്‍ മാത്രം നടക്കുന്നതാണെന്ന ധാരണ ഇനി തിരുത്താം. കുറഞ്ഞ ചെലവില്‍ ടെറസിലും ഇനി കൃത്യതാ കൃഷി നടത്താം. കൃത്യതാ കൃഷി രംഗത്തെ അതികായരില്‍ പ്രമുഖ സ്ഥാനമുള്ള ജെയിന്‍ ഇറിഗേഷനാണ് ടെറസ് ഗാര്‍ഡനായുള്ള മൈക്രോ ഇറിഗേഷന്‍ കിറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വേനല്‍ക്കാലത്തും ടെറസ് ഗാര്‍ഡനുകള്‍ പച്ചപിടിപ്പിക്കാന്‍ ഇതുപയോഗിക്കാം. 1250 രൂപയാണ് കിറ്റിന്റെ വില. ആവശ്യമുള്ളവര്‍ക്ക് സ്ഥലത്തെത്തിച്ചു കൊടുക്കും. റെഡി ടു യൂസ് ക്വിറ്റായതിനാല്‍ വീട്ടുകാര്‍ക്കു തന്നെ ഇത് ഫിറ്റ് ചെയ്യാം. 60 ഗ്രോ ബാഗുകളില്‍ കണികാ ജലസേചനം നടത്തത്തക്ക രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 16 എംഎം ഫിറ്റര്‍, 60 ഡ്രിപ്പ് എമിറ്റേഴ്സ്, 16 എംഎം മെയ്ന്‍ ലൂബ്-15 മീറ്റര്‍, പോളി കണക്ടര്‍ എന്നിവയടങ്ങുന്നതാണ് ജെയിന്‍ മൈക്രോ ഇറിഗേഷന്‍ കിറ്റ്. ഇതുപയോഗിച്ച് ജലസേചനസൌകര്യമൊരുക്കാന്‍ ഉപഭോക്താവ് ആകെ ചെയ്യേണ്ടത് ഒരു വാട്ടര്‍ടാങ്കു വാങ്ങി രണ്ടു മീറ്റര്‍ പൊക്കത്തില്‍ ടെറസില്‍ തന്നെ വയ്ക്കുക എന്നതു മാത്രം. ഇതിലേക്ക് ഇറിഗേഷന്‍ കിറ്റ് ഘടിപ്പിക്കാം. തനിയെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്ളമ്പറുടെ സഹായം തേടിയാല്‍ മതി. ടൈമര്‍കൊടുത്ത് ഓട്ടോമേഷന്‍ ചെയ്താല്‍ കൃത്യസമയത്ത് ജലം ചെടികള്‍ക്കു ലഭ്യമാകും. ആളു വീട്ടിലില്ലെങ്കിലും ജലസേചനം തടസപ്പെടില്ലെന്നു സാരം. ടൈമര്‍കൊടുത്ത് ഓട്ടോമേഷന്‍ ചെയ്യുന്നതിന് പ്രത്യേക ചെലവു വരും. 60 ഗ്രോബാഗുകള്‍ നിരയായി വച്ച് മെയിന്‍ ലൂബില്‍ നിന്ന് പെപ്പുകള്‍ ചെടികളുടെ ചുവട്ടിലെത്തിക്കാം. ടെമറുണ്െടങ്കില്‍ ഇതില്‍ സെറ്റുചെയിതിരിക്കുന്ന സമയത്ത് തനിയേ മോട്ടര്‍ പ്രവര്‍ത്തിച്ച് ചെടികള്‍ക്ക് ജലം ലഭ്യമാകും. 6000 ത്തോളം രൂപ അധികം മുടക്കിയാല്‍ ഈ സംവിധാനവും വീടുകളില്‍ പ്രാവര്‍ത്തികമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:ജോണ്‍സന്‍- 9446504333.

കൂടുതല്‍ വിവരങ്ങള്‍ 2015 ജനുവരി ലക്കം കര്‍ഷകന്‍ മാസികയില്‍.


ടെറസ് മൈക്രോ ഇറിഗേഷന്‍ പ്രാവര്‍ത്തികമാക്കി കെഐഐഡിസി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, ജെയിന്‍ ഇറിഗേഷന്റെ മൈക്രോ ഇറിഗേഷന്‍ കിറ്റ് ടെറസു കൃഷിക്ക് എത്തിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തെ 600 ല്‍ അധികം ടെറസുകളിലാണ് ഇത് എത്തിച്ചത്. പ്രത്യേക സബ്സിഡി നല്‍കിയാണ് ഇത് വിതരണം ചെയ്തതെന്ന് എംഡി പി അനില്‍കുമാര്‍ പറഞ്ഞു. 10,000 രൂപയുടെ സ്കീമില്‍ ചേരുന്നവര്‍ക്ക് മൈക്രോ ഇറിഗേഷന്‍ കിറ്റ്, ചെടികള്‍ ഉള്‍പ്പെടെയുള്ള 25 ഗ്രോബാഗുകള്‍, ഇറിഗേഷന്‍ ടൈമര്‍ സംവിധാനം, മോട്ടോര്‍, കൃഷി സാമിഗ്രികള്‍ എന്നിവ നല്‍കുന്നു. 70 ശതമാനമാണ് സബ്സിഡി. ഇത് എടുക്കുന്നവര്‍ക്ക് ബയോഗ്യാസ് പ്ളാന്റ്്, കൂണ്‍കൃഷി പദ്ധതി, 4500 രൂപയ്ക്ക് അഞ്ചുകോഴിയും കോഴിക്കൂടും, റൂഫ് ടോപ് ഫിഷറീസ് ടാങ്ക് എന്നിങ്ങനെയുള്ള പദ്ധതികളില്‍ ചേരാന്‍ അവസരം നല്‍കിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റു ജില്ലകളിലേക്കും പദ്ധതി ഉടന്‍ വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു. ഫോണ്‍: അനില്‍കുമാര്‍- 9446058182.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.