ഹരിപ്പാട്ട് 43.4 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
Sunday, December 28, 2014 11:30 PM IST
തിരുവനന്തപുരം: ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ 43.4 കോടി രൂപയുടെ രണ്ടു പദ്ധതികള്‍ക്കു നബാര്‍ഡ് അംഗീകാരം നല്‍കി. നെടുമുടി- കരുവാറ്റാ റോഡില്‍ മുതലകുറിച്ചിക്കലിനു കുറുകേയുള്ള പാലത്തിന് 38 കോടി രൂപയുടെയും ഹരിപ്പാട് ഡീവിയേഷന്‍ റോഡിന്റെ പുനരുദ്ധാരണം, ടൌണ്‍ഹാള്‍ ജംഗ്ഷനും എഴിക്കകത്തു ജംഗ്ഷനും മധ്യേ നടപ്പാത, ഓട നിര്‍മാണം എന്നിവയ്ക്കായി 5.40 കോടി രൂപയുടെയും അംഗീകാരമാണു നബാര്‍ഡില്‍നിന്നു ലഭിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കരുവാറ്റാ കാരമുട്ട് നിവാസികളുടെ അരനൂറ്റാണ്ടു പഴക്കമുള്ള സ്വപ്നമാണു നെടുമുടി- കരുവാറ്റാ പാലം. കരുവാറ്റാ- തകഴി പഞ്ചായത്തുകളെയാണ് ഇതു ബന്ധിപ്പിക്കുന്നത്. ദ്വീപ് പോലെ ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഭാഗത്തു ഗതാഗത സൌകര്യം പരിമിതമാണ്. അടിയന്തരഘട്ടത്തില്‍ യഥാസമയം ആശുപത്രിയില്‍ എത്താനാവാതെ മരണത്തിനു കീഴടങ്ങിയ സംഭവം പോലും ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. പാലം ഈ നാട്ടുകാര്‍ക്കു വലിയ ആശ്വാസമാകും. തോട്ടപ്പള്ളി - സ്പില്‍വേപ്രദേശത്തു ഗതാഗതക്കുരുക്കോ മറ്റ് അത്യാഹിതമോ സംഭവിക്കുന്ന അവസരത്തില്‍ തെക്കോട്ടുള്ള ഗതാഗതം തകഴിലൂടെ വഴിതിരിച്ചുവിടാനും റോഡ് പ്രയോജനപ്പെടും.

ദേശീയപാതയ്ക്കു സമാന്തരമായുള്ള ഒരു ഗതാഗത സംവിധാനമായും ഈ റോഡ് ഉപയോഗപ്പെടുത്താം.


ഒരു മഴപെയ്താല്‍ മുട്ടോളം വെള്ളം നിറയുന്ന അവസ്ഥയിലാണ് ജംഗ്ഷനിലെ റോഡ്. ഇവിടെ വെള്ളക്കെട്ടിനു പരിഹാരമെന്ന നിലയില്‍ ടൌണ്‍ഹാള്‍ ജംഗ്ഷനും എഴിക്കകത്തു ജംഗ്ഷനും മധ്യേയുള്ള ഓട നിര്‍മാണം, കാല്‍നട യാത്രക്കാരുടെ സുരക്ഷയും സൌകര്യവും ഉറപ്പാക്കാന്‍ ശാസ്ത്രീയമായ രീതിയില്‍ ഹാന്‍ഡ്റെയില്‍ ഉള്‍പ്പെടെ നടപ്പാത നിര്‍മാണം, ഹരിപ്പാട് ജംഗ്ഷന്‍മുതല്‍ മാധവാ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം എന്നിവയാണു വിഭാവനം ചെയ്തിട്ടുള്ളത്. നഗരത്തിന്റെ ഹൃദയഭാഗമെന്ന നിലയില്‍ സ്ഥലത്തിന്റെ മുഖച്ഛായ ആധുനികവും ശാസ്ത്രീയവുമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനു നാറ്റ്പാക് മുഖേന നിര്‍വഹിച്ച പഠനത്തിന്റെകൂടി അടിസ്ഥാനത്തിലാണു രൂപരേഖ തയാറാക്കിയതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

ഈ പദ്ധതികള്‍ ഹരിപ്പാട് നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനത്തിനും സമൂലമാറ്റത്തിനും വഴി തെളിക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന ഈ ഗ്രാമീണ പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഈ പദ്ധതികളുടെ അംഗീകാരത്തിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം അഭിപ്രാ യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.