ലോകവിസ്മയം ബോണ്‍ നത്താലെ; ഗിന്നസ് റിക്കാര്‍ഡിട്ടതു 18,112 പപ്പമാര്‍
ലോകവിസ്മയം ബോണ്‍ നത്താലെ; ഗിന്നസ് റിക്കാര്‍ഡിട്ടതു 18,112 പപ്പമാര്‍
Sunday, December 28, 2014 11:08 PM IST
സജീഷ് ചന്ദ്രന്‍

തൃശൂര്‍: തൃശൂരിന്റെ ബോണ്‍ നത്താലെ ഇനി ലോകവിസ്മയം. അതിരൂപതയും തൃശൂര്‍ പൌരാവലിയും ചേര്‍ന്നു സംഘടിപ്പിച്ച ബോണ്‍ നത്താലെ ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ശക്തന്‍ നഗറിലും സ്വരാജ്റൌണ്ടിലും വിസ്മയക്കാഴ്ചകളൊരുക്കിയ ക്രിസ്മസ് പപ്പമാരുടെ സംഗമം പൂരനഗരിയെ പപ്പാനഗരിയാക്കുകയായിരുന്നു.

പൂരനഗരിയുടെ താളമേളങ്ങളും പുലിക്കളിയുടെ ചുവടുകളും പരിചയിച്ച തൃശൂര്‍ക്കാര്‍ പപ്പാവേഷത്തിന്റെ കടുംനിറത്തില്‍ ഒരുക്കിയ ബോണ്‍ നത്താലെ വേദികളിലും സമഭാവനയോടെ നിറസാന്നിധ്യമായി. ഗിന്നസ് റിക്കാര്‍ഡ് വേദിയായ ശക്തന്‍നഗര്‍ മുതല്‍ നഗരത്തിലെമ്പാടും നിറഞ്ഞ വര്‍ണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

18,112 പപ്പമാരെ അണിനിരത്തിയാണു ലോകത്തിലെ ഏറ്റവും വലിയ കരോള്‍ ഘോഷയാത്ര എന്ന ഖ്യാതി ബോണ്‍ നത്താലെ നേടിയത്. തൊപ്പിയും മുഖം മറയ്ക്കാത്തതരം വെളുത്ത താടിയും കറുത്ത ബെല്‍റ്റും ബൂട്ട് കവറും വെള്ളക്കരയുള്ള ചുവന്ന പാന്റ്സും ജാക്കറ്റും അണിഞ്ഞ പപ്പമാര്‍ ഫോട്ടോ പതിച്ച രജിസ്ട്രേഷന്‍ ഫോറത്തില്‍ ബാര്‍കോഡ് ഒട്ടിച്ച് ബോണ്‍നത്താലെ സംഗമവേദിയായ ശക്തന്‍ നഗറില്‍ ഉച്ചയ്ക്ക് ഒന്നോടെ എത്തിച്ചേര്‍ന്നിരുന്നു. 20,000ത്തോളം പപ്പമാരാണ് ശക്തന്‍ നഗറിലും പരിസരത്തുമായി എത്തിയത്. തുടര്‍ന്ന് 1.30നു രജിസ്ട്രേഷന്‍ ആരംഭിച്ചശേഷം പ്രത്യേക കവാടങ്ങളിലൂടെ പപ്പമാരെ ഗിന്നസ് റിക്കാര്‍ഡ് സംഗമവേദിയിലേക്കു പ്രവേശിപ്പിച്ചു. രജിസ്ട്രേഷന്‍ സമയം പൂര്‍ത്തിയായ ശേഷം ഗിന്നസ് റിക്കാര്‍ഡ് അധികൃതരുടെ പ്രതിനിധിയായി ലണ്ടനില്‍നിന്നെത്തിയ ലൂസിയ സംഗമവേദിയില്‍ എത്തിച്ചേര്‍ന്ന പപ്പമാരുടെ എണ്ണം കണക്കാക്കുന്ന നടപടിക്രമങ്ങളിലേക്കു നീങ്ങി. ഒരു മണിക്കൂറിനകം എണ്ണമെടുക്കല്‍ പൂര്‍ത്തിയാക്കി. പപ്പമാരുടെ വേഷവിധാനം, അച്ചടക്കം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു എണ്ണമെടുക്കല്‍ പൂര്‍ത്തീകരിച്ചത്. ഇതിനു ശേഷം അഞ്ചു മിനിറ്റു നേരം പപ്പമാരെ സംഗമവേദിയില്‍ ഒന്നിച്ചുനിര്‍ത്തിയ ശേഷമായിരുന്നു ഗിന്നസ് റിക്കാര്‍ഡ് പ്രഖ്യാപനത്തിന്റെ അവസാന ഘട്ടം.


അവസാന മിനിറ്റിന്റെ കൌണ്ട് ഡൌണ്‍ 4.35ന് ആരംഭിച്ചു. ഒളിമ്പ്യന്മാരായ ലിജോ ഡേവീസ് തോട്ടാന്‍, ലിംസി ഫിലിപ്പ് എന്നിവരായിരുന്നു ടൈം കീപ്പര്‍മാര്‍. ഒടുവില്‍ കാത്തിരുന്ന പ്രഖ്യാപനം 4.36നു വന്നെത്തി.

ഗിന്നസ് പ്രതിനിധി ലൂസിയ ലോകത്തേറ്റവും കൂടുതല്‍ സാന്താക്ളോസുമാര്‍ അണിനിരന്ന സംഗമം തൃശൂരിലെ ബോണ്‍ നത്താലെയാണെന്നു പ്രഖ്യാപിച്ചു. റിക്കാര്‍ഡില്‍ രേഖപ്പെടുത്തിയ പപ്പമാരുടെ എണ്ണം 18,112. ഉത്തര അയര്‍ലന്‍ഡില്‍ 13,000 സാന്താക്ളോസുകള്‍ അണിനിരന്ന റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്. നിശ്ചിത സമയത്തു ശക്തന്‍നഗരിയില്‍ പ്രത്യേകം അടച്ചുകെട്ടിയ സ്ഥലത്തേക്കു പ്രവേശിക്കാന്‍ സാധിക്കാതിരുന്ന നൂറുകണക്കിനു സാന്താക്ളോസ് വേഷധാരികള്‍ അപ്പോഴും പുറത്തു കാത്തുനിന്നിരുന്നു. റിക്കാര്‍ഡ് പ്രഖ്യാപനത്തില്‍ മതിമറന്ന പപ്പമാര്‍ മനുഷ്യ പിരമിഡ് തീര്‍ത്തും നൃത്തം ചവിട്ടിയും ആഹ്ളാദം പങ്കുവച്ചു.

തുടര്‍ന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് കരോളായി മാറിയ ബോണ്‍നത്താലെ ഘോഷയാത്രയുടെ ഫ്ളാഗ്ഓഫ് കോര്‍പറേഷന്‍ പരിസരത്തു നടന്നു. റോമിലെ മേജര്‍ റെക്ടര്‍ ആര്‍ച്ച്ബിഷപ് എന്റികോ ഡാല്‍ കൊവോളോ, സ്വാമി ശിവാനന്ദ സ്വരൂപന്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, മേയര്‍ രാജന്‍ ജെ.പല്ലന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സമാധാനസന്ദേശവുമായി പ്രാവുകളെ പറത്തി. സ്വരാജ് റൌണ്ട് ചുറ്റി ഹൈറോഡ് വഴി ഘോഷയാത്ര ശക്തനില്‍ തന്നെ സമാപിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതോടെയാണ് അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷകള്‍ ബാക്കിയാക്കി പൂരനഗരിയിലെ ബോണ്‍ നത്താലെ പൂരത്തിനു പരിസമാപ്തിയായത്. അഞ്ചുകോടിയുടെ ജീവകാരുണ്യ സഹായവിതരണവും തൃശൂര്‍ അതിരൂപത ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.