റബര്‍: വ്യവസായികള്‍ വിട്ടുനിന്നാല്‍ അനിശ്ചിതത്വം തുടരും
റബര്‍: വ്യവസായികള്‍ വിട്ടുനിന്നാല്‍ അനിശ്ചിതത്വം തുടരും
Tuesday, December 23, 2014 1:06 AM IST
കോട്ടയം: റബര്‍ ഷീറ്റ്, ക്രീപ്പ്, ലാറ്റക്സ്, ബ്ളോക്ക് റബര്‍ എന്നിവയ്ക്കു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു ശതമാനം വാറ്റ് ഒഴിവാക്കി വിജ്ഞാപനം വന്നതോടെ ഇന്നു മുതല്‍ റബര്‍ വ്യാപാരമേഖല ഉണര്‍ന്നേക്കും. വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ വാറ്റ് ഒഴിവാക്കുന്ന വിജ്ഞാപനം അസാധാരണ ഗസറ്റായി ഇന്നലെ വൈകുന്നേരമാണ് പുറത്തിറങ്ങിയത്. മുന്‍പ് ആര്‍എസ്എസ് നാല് ഗ്രേഡിനു മാത്രം വാറ്റ് ഇളവ് ലഭിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും ലാറ്റക്സ്, ബ്ളോക്ക്, ക്രീപ്പ് എന്നിവയ്ക്കും എല്ലാ ഗ്രേഡ് റബര്‍ ഷീറ്റുകള്‍ക്കും അഞ്ച് ശതമാനം അധിക വില ലഭിക്കുമെന്നത് മാര്‍ക്കറ്റില്‍ തുടരുന്ന അനിശ്ചിതത്വം മാറാന്‍ കാരണമാകുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി അഭിപ്രായപ്പെട്ടു.

റബര്‍വില ആര്‍എസ്എസ് നാല് ഗ്രേഡിന് 114 രൂപയായിരുന്നപ്പോഴാണ് വാറ്റ് ഒഴിവാക്കാനുള്ള തീരുമാനം വന്നത്. ഇതിനു ശേഷം നാലു ദിവസമായി റബര്‍ വ്യാപാരം നടന്നിട്ടില്ല. റബര്‍ബോര്‍ഡും വ്യാപാരികളും മാര്‍ക്കറ്റ് വില പ്രഖ്യാപിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നത്തെ മാര്‍ക്കറ്റ് വില എത്രയാണെന്നതില്‍ അവ്യക്തതയുണ്ട്.

ഇന്നു രാവിലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റുകളിലെ വില വ്യാപാരികള്‍ക്കു ലഭിച്ചതിനുശേഷമേ വ്യാപാരം നടക്കുകയുള്ളൂ. വ്യവസായികള്‍ വിപണിയില്‍നിന്നു ചരക്കു വാങ്ങാതെ വിട്ടുനിന്നു വിലയിടിക്കാനാണു നീക്കമെങ്കില്‍ വാറ്റ് ഇളവിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കില്ല. വില 120 രൂപയിലെങ്കിലും എത്താത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ചരക്കു വില്‍ക്കാന്‍ താത്പര്യപ്പെടില്ലെന്നു വ്യാപാരികളും ഇന്‍ഫാം ഉള്‍പ്പെടെ കര്‍ഷകസംഘടനകളും അഭിപ്രായപ്പെട്ടു.

കോട്ടയത്തും കൊച്ചിയിലും വ്യാപാരം നടന്നില്ലെന്ന അറിയിപ്പാണ് ഇന്നലെ റബര്‍ ബോര്‍ഡ് പത്രമാധ്യമങ്ങള്‍ക്കു നല്‍കിയത്. അതിനാല്‍ ഇന്നത്തെ മാര്‍ക്കറ്റ് വില അറിയാന്‍ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. വില മെച്ചപ്പെടുന്ന സാഹചര്യമുണ്ടായാല്‍ നാളെ മുതല്‍ കര്‍ഷകര്‍ ചരക്കു വില്‍ക്കാന്‍ തയാറായേക്കും. റബര്‍ ഇറക്കുമതിക്ക് വന്‍തോതില്‍ കരാര്‍ നടത്തിയിരിക്കുന്ന വന്‍കിട കമ്പനികള്‍ ഇറക്കുമതിയില്‍ ശ്രദ്ധ നല്‍കുകയും ആഭ്യന്തര വിപണിയില്‍നിന്നു ചരക്കുവാങ്ങാന്‍ തയാറാകാതെയും വന്നാ ല്‍ വീണ്ടും അനിശ്ചിതത്വമാണുണ്ടാവുക. വാറ്റ് പിന്‍വലിക്കുന്നതിനൊപ്പം ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരും നടപടിയെടുത്താല്‍ മാത്രമേ റബര്‍ വില കാര്യമായി വര്‍ധിക്കൂ.


തരംതിരിക്കാത്ത റബറിനും കിലോയ്ക്ക് അഞ്ചു രൂപ അധികം കിട്ടുമെന്നതാണു ചെറുകിട കര്‍ഷകരുടെ ആശ്വാസം. വന്‍കിടക്കാരെപ്പോലെ ആര്‍എസ്എസ് നാല് ഗ്രേഡ് റബര്‍ ഷീറ്റ് തയാറാക്കുക ചെറുകിടക്കാരുടെ പരിമിതമായ സാഹചര്യങ്ങളില്‍ എളുപ്പമല്ല.

വില കുത്തനെ ഇടിയുന്ന സാഹചര്യത്തെ നേരിടാന്‍ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മുഖേന തുടക്കത്തില്‍ രണ്ടു രൂപയും പിന്നീട് അഞ്ചു രൂപയും അധികം നല്‍കി റബര്‍ സംഭരിച്ചെങ്കിലും കാര്യമായ ഒരു ചലനവും മാര്‍ക്കറ്റില്‍ ഉണ്ടാക്കിയില്ല. ഒന്നാം ഘട്ടത്തില്‍ 300 ടണ്ണും രണ്ടാം ഘട്ടത്തില്‍ 900 ടണ്ണും ഉള്‍പ്പെടെ 1200 ടണ്‍ മാത്രമാണ് ഇതേ വരെ സംഭരിക്കാനായത്. ആര്‍എസ്എസ് നാലിന് 148 രൂപയെത്തിയപ്പോഴാണു രണ്ടു രൂപ അധികം നല്‍കി സംഭരണം തുടങ്ങിയത്. 122 രൂപയിലേക്ക് താഴ്ന്നപ്പോഴാണ് അഞ്ചു രൂപ കൂട്ടി സംഭരണത്തിന് തീരുമാനം വന്നത്. സംഭരണം നടത്തിയതിന്റെ പേരില്‍ റബര്‍വിലയില്‍ യാതൊരു വര്‍ധനയും ഉണ്ടായതുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.