മണല്‍ ഖനന കരാര്‍ അഴിമതി: സിഡ്കോ എംഡിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു
Tuesday, December 23, 2014 1:05 AM IST
തിരുവനന്തപുരം: മേനംകുളത്ത് ടെലികോം സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുവേണ്ടി മണല്‍ ഖനന കരാറില്‍ കോടികളുടെ അഴിമതി നടത്തിയ കേസില്‍ സിഡ്കോ എംഡിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.

2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കഴക്കൂട്ടം മേനംകുളത്തെ പത്തൊന്‍പത് ഏക്കറോളം വരുന്ന പ്രദേശത്തുനിന്നു വെള്ള മണല്‍ മാറ്റി അവിടെ മുപ്പതു ശതമാനത്തോളം ചെമ്മണ്ണ് കൊണ്ടിട്ട് ടെലികോം സിറ്റി സ്ഥാപിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിനു കരാര്‍ നല്‍കിയതിലാണ് അഴിമതി നടന്നത്. ഇതിലൂടെ അഞ്ച് കോടിയിലധികം രൂപയാണു സിഡ്കോയ്ക്കു നഷ്ടമായത്. ഈ പ്രദേശത്തുനിന്നു ഖനനം ചെയ്തു വിറ്റ മണലിന്റെ അളവ് കുറച്ചു കാണിച്ചാണു പ്രതികള്‍ 5,19,15,278 രൂപയുടെ അന്യായമായ ലാഭം നേടിയത്. സിഡ്കോയില്‍നിന്നു പ്രദേശത്തെ മണല്‍ മാറ്റുന്നതിന് കരാറേറ്റെടുത്ത ഡല്‍ഹി കേന്ദ്രമായ കമ്പനിയും തലസ്ഥാനത്തു തന്നെ പ്രവര്‍ത്തിക്കുന്ന കമ്പനിയും സിഡ്കോ എംഡി സജി ബഷീറും ഉള്‍പ്പെടെയുള്ളവരും ഗൂഢാലോചന നടത്തി കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.


ഒന്നാം പ്രതി സജി ബഷീറിനെ കൂടാതെ വിവരസാങ്കേതിക വകുപ്പിലെ പ്രമുഖനായ എസ്. അജിത് കുമാര്‍, ഡല്‍ഹി കേന്ദ്രമായ എസ്ഒഎം പ്രോജക്ട് കമ്പനി ഡയറക്ടര്‍ സഞ്ജയ് ഗോയല്‍, നവേന്ദ്ര ഗാര്‍ഗ്, മുഹമ്മദ് സാദിഖ് ഹുസൈന്‍, നൂഹുഖാന്‍ തുടങ്ങി ആറു പേര്‍ക്കെതിരേയാണു വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ മുമ്പാകെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ടെലികോം സിറ്റി പദ്ധതി കരാറിന്റെ മറവില്‍ പ്രതികള്‍ ആസൂത്രിതമായി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ സമീപത്തെ പാര്‍വതി പുത്തനാറിന്റെ തീരത്തെ മണലും ഖനനം ചെയ്തു വിറ്റു വന്‍തുക നേടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാ ക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.