കൃഷ്ണപിള്ള സ്മാരകം: ഒന്നാം പ്രതി ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി
Tuesday, December 23, 2014 1:05 AM IST
തൃശൂര്‍: ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാംപ്രതി ലതീഷ് ബി. ചന്ദ്രന്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആര്‍.കെ. ജയരാജിനു മുന്നില്‍ ഹാജരായി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റാഫിലെ മുന്‍ അംഗമാണ് ലതീഷ്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യംചെയ്യലുകള്‍ക്കൊടുവില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ക്രൈം ബ്രാഞ്ച് ഇയാളുടെ അറസ്റ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നേകാലോടെ അഭിഭാഷകനൊപ്പം തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ലതീഷ് കീഴടങ്ങിയത്.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.വി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ലതീഷിനെ ചോദ്യം ചെയ്തു. പല ചോദ്യങ്ങളോടും ലതീഷ് സഹകരിച്ചില്ല. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ബലിയാടാണു താനെന്നാണ് ലതീഷ് ആവര്‍ത്തിച്ചത്. ആരാണു ബലിയാടാക്കുന്നതെന്നുള്ള ചോദ്യത്തിന് മറുപടി നല്കിയില്ല. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമായിരുന്നു ചോദ്യംചെയ്യലിനോടുള്ള പ്രതികരണം. തെളിവുകള്‍ കാണിച്ചു ക്രൈംബ്രാഞ്ച് സംഘം പല ചോദ്യങ്ങളും ഉന്നയിച്ചെങ്കിലും എല്ലാം നിഷേധിക്കുകയാണു ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കുള്ള പങ്ക് ചോദ്യംചെയ്യലില്‍ വ്യക്തമാണെന്നും ഇയാളെ ആലപ്പുഴ ഒന്നാംക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് ശശികുമാറിനു മുമ്പില്‍ ഹാജരാക്കുമെന്നും അന്വേഷണസംഘം പറഞ്ഞു.


കീഴടങ്ങുന്നതിനുമുമ്പു മാധ്യമപ്രവര്‍ത്തകരെ കണ്ട ലതീഷ് വികാരാധീനനായാണു കാണപ്പെട്ടത്. അരിയാഹാരം കഴിക്കുന്നവരാരും താന്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയാണെന്നു വിശ്വസിക്കില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണു താന്‍ പ്രതിയാക്കപ്പെട്ടതെന്നുമായിരുന്നു പ്രതികരണം. പിണറായി പക്ഷമാണോ ഗൂഢാലോചനയ്ക്കു പിന്നിലെന്ന ചോദ്യത്തിന്, തന്നെ ആജീവനാന്തം ജയിലില്‍ അടയ്ക്കാനുള്ള നീക്കം നടക്കുന്നുണ്െടന്നു വിതുമ്പലോടെ ലതീഷ് പ്രതികരിച്ചു. തനിക്കു ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമുണ്െടന്നും അവരുടെ ജീവിതംകൂടിയാണു തകരുന്നതെന്നും ലതീഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.