ഹരിതം
ഹരിതം
Tuesday, December 23, 2014 1:17 AM IST
ജൂബിലി നിറവില്‍ തൊടുപുഴ കാര്‍ഷികമേള

ടിനു വര്‍ഗീസ്

തൊടുപുഴ കാര്‍ഷികമേള ജൂബിലി വര്‍ഷത്തിലേക്ക്. കാര്‍ഷിക മേഖലയുടെ വ്യത്യസ്ത കാഴ്ചകളൊരുക്കിയും വിജയം വരിച്ചവരെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തിയും മേള വ്യത്യസ്തമാകുകയാണ്. ജൈവകൃഷിയുടെ അനന്ത സാധ്യതകളള്‍ പ്രയോജനപ്പെടുത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മിതിയ്ക്കായി കര്‍ഷകരെ ആഹ്വാനം ചെയ്തും മേള മുന്നേറുന്നു. ഗാന്ധിജി സ്റഡി സെന്റര്‍ ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കാര്‍ഷികമേളയ്ക്കു തുടക്കം കുറിച്ചതു 1989 ഡിസംബര്‍ 15നു കോട്ടയത്താണ്. പിന്നീട് തൊടുപുഴയിലാണ് മേള നടന്നുവരുന്നത്. കാര്‍ഷികവൃത്തിയില്‍ വിജയംകൈവരിച്ചവര്‍ക്കു അവാര്‍ഡുകള്‍ നല്‍കി അവരെ വളര്‍ത്തുന്നതിനും മണ്‍മറഞ്ഞുപോകുന്ന കൃഷികാഴ്ചകള്‍ തിരികെ കൊണ്ടുവരുന്നതിനും കാര്‍ഷികമേളയിലൂടെ കഴിഞ്ഞിട്ടുണ്ട്.

മേളയോടനുബന്ധിച്ചു കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തേങ്ങ ചുരണ്ടല്‍, കപ്പ അരിയല്‍, തെങ്ങുകയറ്റം, റബര്‍ ടാപ്പിംഗ്, ചുമടെടുപ്പ് തുടങ്ങിയ മത്സരങ്ങള്‍ കാര്‍ഷിക സംസ്കൃതിയുടെ ഉണര്‍ത്തുപാട്ടായി മാറുന്നു. ഉപഭോഗ സംസ്ഥാനമായ കേരളത്തെ കാര്‍ഷിക സ്വയംപര്യാപ്തതയിലേയ്ക്കു നയിക്കുകയെന്ന ലക്ഷ്യവും കാര്‍ഷികമേളയ്ക്കുണ്ട്.

വീട്ടുമുറ്റത്തും ടെറസിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച അടുക്കളത്തോട്ടം പദ്ധതി കാര്‍ഷികമേളയുടെ മറ്റൊരു ഉത്പന്നമാണ്. അടുക്കളത്തോട്ടം പദ്ധതി വരുമാന വര്‍ധനവിനു പുറമേ സ്ത്രീ ശാക്തീകരണത്തിനു കളമൊരുക്കി. കൃഷിയില്‍നിന്നു പിന്‍വാങ്ങിയ അനേകരെ പ്രത്യേകിച്ച് പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിഞ്ഞു.

മേളയോടനുബന്ധിച്ചുള്ള ഫ്ളവര്‍ ഷോ, അലങ്കാര പക്ഷികളുടെ പ്രദര്‍ശനം, ഔഷധ സസ്യപ്രദര്‍ശനം, മത്സ്യ പ്രദര്‍ശനം എന്നിവയും മേളയ്ക്ക് കൊഴുപ്പു പകരുന്നു. റബര്‍ ബോര്‍ഡ്, ജലവിഭവ വകുപ്പ്, ഐഎസ്ആര്‍ഒ, വൈദ്യുതി ബോര്‍ഡ്, കെടിഡിസി, ഓയില്‍ പാം, മൃഗ സംരക്ഷണം, നാളികേര വികസന ബോര്‍ഡ്, കൃഷി-വ്യവസായ, ശാസ്ത്രസാങ്കേതിക വകുപ്പുകള്‍, മെഡിക്കല്‍ കോളജ്, സ്പൈസസ് ബോര്‍ഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, മില്‍മ, കേരള ഫീഡ്സ് തുടങ്ങി നിരവധി വകുപ്പുകളുടെ പങ്കാളിത്തം കാര്‍ഷികമേളയ്ക്ക് വിജ്ഞാനവും വിനോദവും പകരുന്നു.

എല്ലാ വര്‍ഷവും ഡിസംബര്‍ അവസാന ആഴ്ചമുതല്‍ ജനുവരി ആദ്യ ആഴ്ചവരെ നടക്കുന്ന മേള ജനപങ്കാളിത്തംകൊണ്ടും സെമിനാറുകളുടെയും കാര്‍ഷികവിളകളുടെയും വൈവിധ്യം കൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

1983 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗാന്ധിജി സ്റഡി സെന്റര്‍ കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കാര്‍ഷികമേളതന്നെ. കൃഷിശാസ്ത്രജ്ഞ രെയും കാര്‍ഷികമേഖലയിലെ വിദഗ്ധരെയും കൃഷിയില്‍ വിജയഗാഥരചിച്ച കര്‍ഷകരെയും ഭരണാ ധികാരികളെയും ഒന്നിച്ച് അണിനിരത്താന്‍ കാര്‍ഷിക മേളയിലൂടെ കഴിയുന്നു. വിള മത്സരങ്ങളും വിള പ്രദര്‍ശനവും കാര്‍ഷികമേളയുടെ മാറ്റു കൂട്ടുമ്പോള്‍ ശില്പശാലകള്‍ കാര്‍ഷിക മേഖലയിലെ പുത്തന്‍ അറിവുകള്‍ കര്‍ഷകര്‍ക്കു കൈമാറുന്നതിനുള്ള വേദിയായിമാറുന്നു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കാര്‍ഷികമേഖലയിലേക്ക് പകര്‍ ത്തുന്നത്തിനും മികച്ച കര്‍ഷകരുടെ വിജയ രഹസ്യങ്ങള്‍ കര്‍ഷകരുമായി പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കുന്ന കാര്‍ഷികമേള കൃഷിയുടെ രസതന്ത്രമാണ് പകര്‍ന്നു നല്‍കുന്നത്.

കാര്‍ഷികവൃത്തിയുടെ മാന്യത ഉയര്‍ത്തിക്കാട്ടുന്നതിനും കൃഷി ആദായകരമായ ഒരു തൊഴിലാക്കി മാറ്റാന്‍ കഴിയുമെന്ന് അഭ്യസ്തവി ദ്യരെ ബോധ്യപ്പെടുത്തുന്നതിനും ഇതിലൂടെ കഴിഞ്ഞു എന്നുള്ളത് എടുത്തുപറയത്തക്ക കാര്യമാണ്. വിജ്ഞാനവ്യാപനം കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഇത്രയും പര്യാപ്തമായ മറ്റൊരുമാര്‍ഗവുമില്ല.

കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഭീമന്‍ കപ്പയും ചേനയും കാച്ചിലും കാണികളുടെ മനം കവരുന്നു. ഇതിനു പുറമേ ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ഏലം, കുരുമുളക്, കൊക്കോ, അടയ്ക്ക, വിവിധ ഇനം വാഴകള്‍, കന്നാര, അത്യുത്പാദനശേഷിയുള്ളതും വേഗത്തില്‍ കായ്ഫലം നല്‍കുന്നതുമായ നാളികേര ഇനങ്ങള്‍ എന്നിവയെല്ലാം കാര്‍ഷിക കേരളത്തിനു മുതല്‍ക്കൂട്ടാണ്.

കാര്‍ഷിക കായികമേളയിലൂടെ തൊഴിലിന്റെ മഹത്വം വിളിച്ചറി യിക്കാനും വിദഗ്ദ്ധരായ തൊഴിലാളികളെ അംഗീകരി ക്കാനും മേളയിലൂടെ കഴിയുന്നു. കാര്‍ഷികമേളയോടനുബന്ധിച്ചുള്ള കന്നുകാലിപ്രദര്‍ശനവും ആട് പ്രദര്‍ശനവും ശ്വാനപ്രദര്‍ശനവും മറ്റൊരു ആകര്‍ഷണമാണ്. എച്ച്എഫ്, സുനന്ദിനി, സ്വിസ് ബ്രൌണ്‍, ഡ്വാര്‍ഫ്, നാടന്‍ ഇനമായ വെച്ചൂര്‍ എന്നിവയും മലബാറി, യമുനാപ്യാരി, നാടന്‍ ആടിനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ജര്‍മന്‍ ഷെപ്പേര്‍ഡ്, പഗ്, ലോകത്തിലെ ചെറിയ നായയായ ഷിവാവ, റോട്ട്വീലര്‍, മാസ്റ്റിഫ്, ഫോക്സ് ടെറിക്സ് ബോര്‍സായി തുടങ്ങിയ ഇനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശ്വാനപ്രദര്‍ശനവും മേളയെ സജീവമാക്കുന്നു.

കേരളത്തില്‍ ജൈവകൃഷിക്കു പ്രചുരപ്രചാരം നല്‍കാനും സം സ്ഥാന സര്‍ക്കാരിനെയും കൃഷിവകുപ്പിനെയും ഈ വഴിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ഗാന്ധിജി സ്റഡിസെന്ററിന്റെ കാര്‍ഷിക മേളയിലൂടെ കഴിഞ്ഞു.

ജൈവകൃഷിയിലൂടെയും അടുക്കളതോട്ടം കൃഷിയിലൂടെയും ഭക്ഷ്യസുരക്ഷയും, ആരോഗ്യ സുരക്ഷയും കൈവരിക്കുന്നതിനു ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്െടന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കു പ്രദാനം ചെയ്യുന്നതിനു ഇതിലൂടെ കഴിഞ്ഞു. 2006ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മേള ഉദ്ഘാടനം ചെയ്യാനെത്തിയതോടെ അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് ഈ മേള ഉയര്‍ന്നു. 2015 അന്താരാഷ്ട്ര മണ്ണുസംരക്ഷണ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകന്റെ സ്വത്ത് അവന്റെ മണ്ണാണെന്ന തിരിച്ചറിവ് കൂടുതല്‍ പേരിലേക്ക് എത്തുന്നത് ശുഭോദര്‍ക്കമാണ്. കൃഷിയെ വരുമാന മാര്‍ഗം മാത്രമായല്ല ഒരു ജീവിതരീതിയായി കാണുന്നവരുടെ എണ്ണം ഇന്നു വര്‍ധിച്ചുവരികയാണ്. മികച്ച ജൈവകര്‍ഷകരെ ആദരിക്കുന്നതിനായി ഗാന്ധിജി സ്റ്റഡി സെന്റര്‍ സംസ്ഥാന കര്‍ഷക തിലക് അവാര്‍ഡായി രണ്ടുലക്ഷംരൂപയും മികച്ച കര്‍ഷകനു ഒരു ലക്ഷംരൂപയും ഇടുക്കി ജില്ലയിലെ മികച്ച ജൈവകര്‍ഷകനു ഒരുലക്ഷം രൂപയും നല്‍കിവരുന്നു.


കര്‍ഷകോത്തമന്റെ കൃഷിയും ജീവിതവും

ഡോ. സാബിന്‍ ജോര്‍ജ് (അസിസ്റന്റ് പ്രഫസര്‍ വെറ്ററിനറി കോളജ് മണ്ണുത്തി, തൃശൂര്‍ )

കര്‍ഷകോത്തമ, കര്‍ഷക തിലക്, കര്‍ഷകരത്ന, അക്ഷയശ്രീ തുടങ്ങി കാര്‍ഷിക കേരളം ജയചന്ദ്രന്റെ ശിരസില്‍ ചാര്‍ത്തിയ കീര്‍ത്തിമുദ്രകള്‍ നിരവധിയാണ്. തൃശൂര്‍ തിരുവില്വാമല കണിയാര്‍കോടുള്ള ഈ സമ്മിശ്ര കൃഷിയിടം സുസ്ഥിരമായ സംയോജിത, ജൈവകൃഷി രീതികളുടെ ഉത്തമ മാതൃകയാണ്. നിളയുടെ പ്രിയസഖിയായ ഗായത്രിപുഴയുടെ തീരത്തെ സമ്മിശ്രകൃഷിത്തോട്ടം ബഹുവിളകൃഷിരീതിയിലൂടെ നൂറുമേനി കൊയ്യുകയാണ്.

വിളവൈവിധ്യംകൊണ്ട് സമ്പന്നമാണ് ഏഴേക്കറോളം വരുന്ന ഈ കൃഷിയിടം. ഒരിഞ്ചു ഭൂമി പോലും വെറുതെയിടില്ല എന്നതാണ് ജയചന്ദ്രന്റെ പ്രഖ്യാപിത നയം. വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തിലാണ് വിളകളുടെ വിന്യാസം. റബര്‍, തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി, കുരുമുളക്, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങി വരുമാനത്തിന്റെ വഴികള്‍ നീളുകയാണ്.

മൃഗസംരക്ഷണവും മത്സ്യകൃഷിയും താങ്ങായി ചേരുന്നതോടെ കൃഷിയിടം സമ്പൂര്‍ണമാകുന്നു. മഴവെള്ള സംഭരണികള്‍ ബയോഗ്യാസ് പ്ളാന്റ്, മണ്ണിര കമ്പോസ്റ് യൂണിറ്റ് എന്നിവയുംകൂടിയാകുമ്പോള്‍ ഊര്‍ജ്ജസംരക്ഷണ, മാലിന്യപ്രവര്‍ത്തനങ്ങള്‍ കൂടി കൃഷിയുടെ ഭാഗമായി മാറുന്നു. വിവിധ വിളകളെ അവയുടെ സ്വഭാവമനുസരിച്ച് പരസ്പരപൂരകങ്ങളാക്കുന്ന സംയോജിത കൃഷിരീതിയാണ്. ഈ തോട്ടത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

കൃഷിഭൂമിയെ വിവിധ തട്ടുകളായി തിരിച്ചാണ് വിളകളുടെ സ്ഥാ നം തീരുമാനിച്ചിരിക്കുന്നത്. ഉയര്‍ന്ന തട്ടില്‍ റബറും, തെങ്ങും മുഖ്യവിളകളാകുമ്പോള്‍ വാഴയും, പച്ചക്കറികളും ഇടവിളയാകുന്നു. മധ്യഭാഗത്ത് തെങ്ങാണ് മുഖ്യവിള. താഴത്തെ തട്ടില്‍ കമുക് മുഖ്യ വിളയും കാപ്പി, കുരുമുളക്, കൊക്കോ എന്നിവ ഇടവിളകളും. കൃഷിയിടത്തിന്റെ നടുവിലാണ് പശു, പന്നി, ആട്, കോഴി എന്നിവയുടെ പാര്‍പ്പിടങ്ങള്‍. ഇവയില്‍നിന്നും അവശിഷ്ടങ്ങള്‍ വളരെ എളുപ്പത്തില്‍ വളമായി വിളകള്‍ക്കെത്തുന്നു.

തെങ്ങുകള്‍ വെസ്റ് കോസ്റ് ടോള്‍ ഇനത്തില്‍പ്പെട്ടവയാണ്. മംഗള, മോഹിത് നഗര്‍, കാസര്‍ഗോഡന്‍ കമുകുകള്‍. കടുകന്‍മാക്കല്‍ ഇനത്തില്‍പ്പെട്ടവയാണ് ജാതികള്‍. വാഴഗവേഷണകേന്ദ്രമായ കണ്ണാറയിലെ പുതിയ ഇനങ്ങള്‍ ആദ്യമെത്തുക ഈ കൃഷിയിടത്തിലായിരിക്കും. തെങ്ങ്, കമുക്, റബര്‍ എന്നിവയുടെ ഇടവിളയായി കൊക്കോ കൃഷി നടത്തുന്ന ഈ കര്‍ഷകന്റെ അനുഭവത്തില്‍ റബറിന് ഇടവിളയായി കൊക്കോ നടുന്നത് ഏറെ ആദായകരമെന്ന് കണ്ടിരിക്കുന്നു.

മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്ന വിധത്തില്‍ വളപ്രയോഗവും, കീടനാശിനിപ്രയോഗവും ജൈവരീതിയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. മണ്ണിര കമ്പോസ്റ്, ബയോഗ്യാസ് സ്ളറി തുടങ്ങിയ ജൈവവളങ്ങള്‍ക്കൊപ്പം പിണ്ണാക്കും ചാണകം പുളിപ്പിച്ചതും വളമാകുന്നു. സ്യൂഡോമോണസ്, ബോര്‍ഡോ മിശ്രിതം ട്രൈക്കോഡേര്‍മ എന്നിവയ്ക്കൊപ്പം വെര്‍മിവാഷും കീടനാശിനിയായി ഉപയോഗിക്കുന്നു. വളവും, കീടനാശിനിയുമായി ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍മിവാഷ് മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുന്നത് കീടനിയന്ത്രണത്തിന് ഫലപ്രദമാണെന്ന് ജയചന്ദ്രന്റെ അനുഭവ സാക്ഷ്യം.

ഉത്പാദനത്തില്‍ വിജയിക്കുന്നവര്‍ വിപണനത്തില്‍ പരാജയപ്പെടുന്ന കഥകള്‍ നിരവധിയാണ്. അതിനാല്‍ വിളകളുടെ മൂല്യവര്‍ധ നവിലും, വിപണനത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നു. നാളികേരം വെളിച്ചെണ്ണയായി നല്‍കുന്നു. ഉപോത്പന്നമായ പിണ്ണാക്ക് കാലിത്തീറ്റയാക്കുന്നു. കൊക്കോ പച്ചക്കായയായി കാഡ്ബറീസിന് നേരിട്ടാണ് നല്‍കുക. അടയ്ക്ക കരാര്‍ നല്‍കിയാണ് വില്‍പന. ഒരു ജാതിയില്‍നിന്ന് പ്രതിവര്‍ഷം രണ്ടായിരം രൂപയോളം വരുമാനമുണ്ട്. കൃഷിയിടത്തിന്റെ അതിരുകളില്‍ നില്‍ക്കുന്ന കുടം പുളികള്‍ പോലും വലിയ വരുമാനമാണ് നല്‍കുന്നത്. മുറ്റത്തും, പറമ്പിലും, ടെറസിലുമൊക്കെ നിറയുന്ന പച്ചക്കറികള്‍ അടുക്കളയിലെ ആവശ്യം കഴിഞ്ഞാല്‍ വിപണിയിലെത്തിക്കുന്നു. കിഴങ്ങു വര്‍ഗങ്ങള്‍ വീട്ടാവശ്യത്തിനുശേഷം ചെറുവരുമാനം നല്‍കുന്നു. നാല്‍പതോളം ഫലവൃക്ഷങ്ങളുടെ അമൂല്യശേഖരം ജയചന്ദ്രനു സ്വന്തം.

പാലും, ചാണകവും നല്‍കാന്‍ രണ്ടു പശുക്കള്‍ ഇവിടെയുണ്ട്. പന്നിവളര്‍ത്തലും, ആടുകളുടെ പരിപാലനവും വലിയ വരുമാന മാര്‍ഗങ്ങള്‍ തന്നെ. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, അതുല്യ കോഴികള്‍ മുട്ടയ്ക്കായി വളര്‍ത്തുന്നു. വിപണിയില്‍ വിലയേറെയുള്ള താറാവിന്‍ മുട്ടകള്‍ക്കായി കുട്ടനാടന്‍ ഇനങ്ങള്‍ ഇവിടെയുണ്ട്. ടാങ്കിലും കുളത്തിലുമായി വാള, തിലാപ്പിയ, കട്ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളും വളര്‍ത്തുന്നു.

ജയചന്ദ്രനും ഭാര്യയുമാണ് ഈ കൃഷിയിടത്തിലെ കര്‍ഷകത്തൊഴിലാളികള്‍.
ഭൂരിഭാഗം പണികളും ഇവരുടെ പ്രയത്നത്താല്‍ തീരുമെന്നതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറംപണിക്കാരെത്തുക. സമയത്ത് ചെയ്യുക, സ്വയം ചെയ്യുക, സ്വന്തം വിപണി കണ്െടത്തുക എന്നതാണ് ജയചന്ദ്രന്റെ പ്രമാണം.

സ്വന്തം മണ്ണും വിളകളും വരുമാന മാര്‍ഗം മാത്രമല്ല ഈ കുടുംബത്തിനൊപ്പം ഏതു പ്രതിസന്ധിയിലും താങ്ങാവുന്ന സാന്ത്വനവുമാണ്. എത്ര വിഷമമുണ്ടായാലും പത്തുമിനിട്ട് കൃഷിയിടത്തില്‍ ഒന്നു നടന്നു വന്നാല്‍ ജയചന്ദ്രന്‍ ഉന്മേഷവാനാകുന്നു. ശുദ്ധമായമണ്ണും പ്രാണവായുവും നല്‍കുന്ന പുതുജീവനാണ് അത്.

ഡോ. സാബിന്‍- 9446203839.
ഫോണ്‍ : ജയചന്ദ്രന്‍- 9846427121 : 04884 282379
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.