കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനു സര്‍ക്കാര്‍ പ്രതിമാസം 20 കോടി നല്‍കും
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനു സര്‍ക്കാര്‍ പ്രതിമാസം 20 കോടി നല്‍കും
Tuesday, December 23, 2014 1:07 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കുന്നതിന് അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി പ്രതിമാസം 20 കോടി രൂപ കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ഫണ്ടിലേക്കു സര്‍ക്കാര്‍ നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍ കെഎസ്ആര്‍ടിസിയുടെ വിഹിതമായ 20 കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ കുടിശികയുടെ ആദ്യഗഡു നാളെമുതല്‍ വിതരണം ചെയ്യാനും ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ആവശ്യമായ പഠനം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു വിദഗ്ധനെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ പ്രതിമാസം 15,000 രൂപ വരെ തത്കാലം എല്ലാവര്‍ക്കും നല്‍കും. നാളെ മുതല്‍ ആദ്യഗ ഡുവും 15,000 രൂപ വരെ പെന്‍ഷന്‍ ഉള്ളവര്‍ക്കു ബാക്കി ഗഡുക്കള്‍ ഫെബ്രുവരി 15-നകവും നല്‍കും. 15,000 രൂപയ്ക്കു മേല്‍ പെന്‍ഷന്‍ ഉള്ളവര്‍ക്കു ജൂലൈ, ഓഗസ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പെന്‍ഷന്‍ തുക നല്‍കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ അതതു മാസങ്ങളില്‍ 15,000 രൂപ വരെയായി ക്ളിപ്തപ്പെടുത്തി നല്‍കും. ഈ മാസങ്ങളിലെ ബാക്കി തുക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കും.

കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള സര്‍ക്കാര്‍ വിഹിതം മൂലധനമാക്കി മാറ്റും. നിലവിലുള്ള ബാധ്യത തീര്‍ക്കുന്നതിന് 200 കോടിയുടെ അധിക വായ്പയ്ക്കു സര്‍ക്കാര്‍ ഗാരന്റി നല്‍കും.


കോര്‍പറേഷന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. ഇതിന്റെ ഭാഗമായി കെടിഡിഎഫ്സിയില്‍നിന്നും കെഎസ്ആര്‍ടിസി എടുത്ത വായ്പ ദീര്‍ഘകാല ബാങ്ക് വായ്പയാക്കും.

പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ രൂപ കളക്ഷന്‍ വര്‍ധിപ്പിക്കും. നഷ്ടത്തിലോടുന്ന ഷെഡ്യൂളുകള്‍ വഴി പ്രതിദിനം ഒരു കോടി 17 ലക്ഷം രൂപയാണു ബാധ്യത. മാസം ഏകദേശം 35 കോടി രൂപ ഈയി നത്തില്‍ നഷ്ടമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ നഷ്ടത്തിലോടുന്ന 25 ശതമാനം ഷെഡ്യൂളുകള്‍ നിര്‍ത്താനും യോഗത്തില്‍ തീരുമാനമായി.

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇനി മുതല്‍ കൂടുതല്‍ കണ്‍സഷനുകള്‍ അനുവദിക്കില്ല. നിലവിലെ കണ്‍സഷനുകള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. പ്ളാന്‍ ഫണ്ട്, ആസ്തി വികസനത്തിനുള്ള വായ്പ എന്നിവ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വക മാറ്റി ചെലവഴിക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബ ന്ധിച്ച് ഇന്നലെയും തീരുമാനമായി ല്ല.

യോഗത്തില്‍ മ ന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, തമ്പാനൂര്‍ രവി, കെ.കെ. ദിവാകരന്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ആര്‍. ശശിധരന്‍, ആര്‍. അയ്യപ്പന്‍, കെ.ജി. ബാബു, സി.കെ. ഹരികൃഷ്ണന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.