കയര്‍ നയം, വിഷന്‍ 2025 ഒരു മാസത്തിനുള്ളില്‍: കേന്ദ്രമന്ത്രി
കയര്‍ നയം, വിഷന്‍ 2025 ഒരു മാസത്തിനുള്ളില്‍: കേന്ദ്രമന്ത്രി
Monday, December 22, 2014 12:14 AM IST
ആലപ്പുഴ: കയര്‍മേഖലയുടെ വികസനത്തിനുള്ള ദേശീയ കയര്‍ നയവും 'വിഷന്‍ 2025' ഉം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കാനായേക്കുമെന്നു കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി കല്‍രാജ് മിശ്ര. കലവൂര്‍ കയര്‍ബോര്‍ഡ് കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ പുതിയ കയര്‍ യന്ത്രങ്ങളുടെയും ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും ഉദ്ഘാടനവും കയര്‍ സാങ്കേതിക വിദ്യകളെക്കുറിച്ചും ഗവേഷണ പദ്ധതികളെക്കുറിച്ചുമുള്ള സംഗ്രഹപുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കയര്‍ബോര്‍ഡ് തയാറാക്കിയ കയര്‍ നയത്തിന്റെ കരട് മന്ത്രിസഭയുടെ പരിഗണനയിലാണ്. സംസ്ഥാന സര്‍ക്കാരുകള്‍, തൊഴിലാളി യൂണിയനുകള്‍, വ്യവസായികള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായും. തൊണ്ടിന്റെ ഫലപ്രദമായ വിനിയോഗം, അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി, ചകിരി, കയര്‍ ഉത്പന്നങ്ങളുടെ വികസനവും വൈവിധ്യവത്കരണവും, തൊഴില്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ ക്ഷേമം, മേഖലയുടെ സുസ്ഥിരമായ നിലനില്‍പ് എന്നിവയൊക്കെ പ്രതിപാദിക്കുന്നതായിരിക്കും കയര്‍ നയം.

കയര്‍ മേഖലയുടെ സര്‍വതോന്മുഖ വികസനമാണു ലക്ഷ്യം. വൈദഗ്ധ്യ നിലവാരമുയര്‍ത്തല്‍, അടിസ്ഥാന സൌകര്യവികസനം, ഉത്പന്ന വൈവിധ്യവത്കരണം എന്നിവയിലൂടെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുള്ള നടപടികളെടുക്കാന്‍ കയര്‍ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കേരളം നേരിടുന്ന പ്രശ്നം. ഇവ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 20 ശതമാനം തൊണ്ടു മാത്രമാണു സംഭരിക്കാന്‍ സാധിക്കുന്നത്. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടു. നാളികേരം കൂടുതലായി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ 60 ശതമാനം തൊണ്ടു സംഭരിച്ചു വിനിയോഗിക്കുകയാണ് ലക്ഷ്യം. കയര്‍ മേഖലയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും. കയറിനു ആഭ്യന്തര വിപണിയൊരുക്കുന്നതിനു പ്രാധാന്യം നല്‍കണം.


പ്രദര്‍ശന-വിപണന മേളകള്‍ സംഘടിപ്പിച്ച് ആഭ്യന്തര കച്ചവടം വര്‍ധിപ്പിക്കാം. രാജ്യത്ത് എല്ലായിടത്തും കയര്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലസ്ഥാനകേന്ദ്രങ്ങളില്‍ കയര്‍ ഷോറൂം ആരംഭിക്കാം. പരിസ്ഥിതി സൌഹൃദ ഉത്പ്പന്നമെന്ന നിലയില്‍ പരിചയപ്പെടുത്തി വിപണിയൊരുക്കാവുന്നതാണ്.

കയര്‍ ഉത്പാദനം വര്‍ധിപ്പിക്കാനും മേഖലയുടെ വളര്‍ച്ചയ്ക്കും യന്ത്രവല്‍ക്കരണവും അവയുടെ നവീകരണവും ആവശ്യമാണ്. നവീനയന്ത്രങ്ങള്‍ വാങ്ങുന്നതിന് രണ്ടു മുതല്‍ അഞ്ചു കോടി രൂപ വരെ റിമോട്ട് സ്കീമിലൂടെ സബ്സിഡി സഹായം നല്‍കുന്നുണ്െടന്നും മന്ത്രി പറഞ്ഞു.

കെ.സി. വേണുഗോപാല്‍ എംപി അധ്യക്ഷത വഹിച്ചു. പരിശീലകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. പൂര്‍ണ യന്ത്രവല്‍കൃത നെയ്ത്തുയന്ത്ര വികസനത്തിനായി കയര്‍ബോര്‍ഡും ഫെഡറേഷന്‍ ഓഫ് കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷനും(എഫ്ഐസിഇഎ) തമ്മിലുണ്ടാക്കിയ കരാറിന്റെ ധാരണാപത്രം കൈമാറി.മന്ത്രി പൂങ്കാവിലെ ചെറുകിട കയര്‍ ഉത്പാദന യൂണിറ്റുകളും കയര്‍ബോര്‍ഡ് കോംപ്ളക്സിലെ കയര്‍ മ്യൂസിയവും സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.