സുധീരന്‍ ആറാംകൂലിയായെന്നു വെള്ളാപ്പള്ളി
സുധീരന്‍ ആറാംകൂലിയായെന്നു വെള്ളാപ്പള്ളി
Monday, December 22, 2014 12:23 AM IST
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മദ്യനയത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയോടെ സുധീരന്‍ ആറാംകൂലിയാണെന്നു തെളിഞ്ഞതായി വെള്ളാപ്പള്ളി പറഞ്ഞു.

സുധീരനെ കെട്ടിയിറക്കിയവര്‍ അതു മനസിലാക്കണം. അദ്ദേഹത്തിനെതിരേ കോണ്‍ഗ്രസിനുള്ളിലെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നായി. മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തി കൈയടി നേടാന്‍ ശ്രമിച്ചവര്‍ കാലഹരണപ്പെട്ട ചരിത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ വിളംബരസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സുധീരന്റെ അഭിപ്രായത്തിനെതിരായാണു യുഡിഎഫ് തീരുമാനമുണ്ടായത്. പാര്‍ട്ടിയില്‍ സുധീരന്റെ നിലപാടുകള്‍ ഏറ്റുപറയാന്‍ ആളില്ല. മുഖ്യമന്ത്രിയുടെ കഴിവുകൊണ്ടല്ല, മറിച്ച് യുഡിഎഫിന്റെ ഉറച്ചതീരുമാനം കൊണ്ടാണു മദ്യത്തില്‍ മാറ്റം വന്നത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിര്‍ണായക നിലപാടെടുത്തു. സര്‍ക്കാര്‍ മദ്യമാഫിയയ്ക്കു വഴങ്ങിയെന്നു പറയുന്നതു ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.