സമ്പൂര്‍ണ മദ്യനിരോധനമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശിവഗിരി മഠം
Monday, December 22, 2014 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. മദ്യം വിഷമാണെന്ന ശ്രീനാരായണ ഗുരുവിന്റെ അഭിപ്രായത്തില്‍ നിന്നു ശിവഗിരി മഠം പിന്നോട്ടുപോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതിന് അനുസരിച്ചു വരുംതലമുറ നാശത്തിലേക്കു പോകുകയാണ്. ഇവരെ രക്ഷിച്ചെടുക്കേണ്ടതു കടമ കൂടിയാണ്. ഇതിനുള്ള മാര്‍ഗം സമ്പൂര്‍ണ മദ്യനിരോധനം തന്നെയാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

82-ാമതു ശിവഗിരി തീര്‍ഥാടന സമ്മേളനം 30 മുതല്‍ ജനുവരി ഒന്നുവരെ നടക്കുമെന്നു ധര്‍മ സംഘം ട്രസ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ അറിയിച്ചു. 31നു രാവിലെ 9.30നു തീര്‍ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് ഉദ്ഘാടനം ചെയ്യും. പുലര്‍ച്ചെ തീര്‍ഥാടന ഘോഷയാത്രയും നടക്കും. 30നു രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗവര്‍ണര്‍ പി. സദാശിവവും വൈകുന്നേരം അഞ്ചിനു നടക്കുന്ന ദൈവദശക രചനാ ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്യും.


മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ദൈവദശക സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ സെമിനാറുകളിലും സമ്മേളനങ്ങളിലുമായി കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ജനപ്രതിനി ധികളും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.