സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ
Monday, December 22, 2014 12:20 AM IST
കൊച്ചി: പ്രഖ്യാപിച്ച മദ്യനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയ സാഹചര്യത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ നാളെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. പാലാരിവട്ടം പിഒസിയില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന കണ്‍വന്‍ഷന്‍ ശക്തമായ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നു മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണിയും മദ്യവിരുദ്ധ ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ചാര്‍ളി പോളും അറിയിച്ചു.


കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും സമ്പൂര്‍ണ മദ്യനിരോധനം ആഗ്രഹിക്കുന്നവരാണ്. ബഹുഭൂരിപക്ഷത്തിന്റെ താത്പര്യത്തെ തമസ്കരിച്ച പശ്ചാത്തലത്തിലാണു സമരപരിപാടികള്‍ ആരംഭിക്കുന്നത്. അടച്ചുപൂട്ടിയ ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളാക്കുന്നതോടെ യുവതലമുറ പൂര്‍ണമായും മദ്യാസക്തരായി മാറും. ഇതു കണ്ടില്ലെന്നു നടിക്കാനാവില്ല. ബിഷപ്പുമാര്‍, വിവിധ മത-സാമൂഹിക-സാംസ്കാരിക നേതാക്കള്‍, മദ്യവിരുദ്ധ സമിതി നേതാക്കള്‍ എന്നിവര്‍ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.