മതപരിവര്‍ത്തന നിയമം: പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കണമെന്ന് അമിത് ഷാ
മതപരിവര്‍ത്തന നിയമം: പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കണമെന്ന് അമിത് ഷാ
Sunday, December 21, 2014 11:54 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ നിയമം കൊണ്ടുവരാന്‍ കേന്ദ്രം മുന്നോട്ടുവന്നാല്‍ മതേതര പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവര്‍ എന്തു നിലപാടെടുക്കുമെന്നു വ്യക്തമാക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരാണ്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടുള്ള ഏക പാര്‍ട്ടി ബിജെപിയാണ്. മറ്റു പാര്‍ട്ടികളുടെ നിലപാടില്‍ വ്യക്തതയില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ച നടക്കേണ്ടതുണ്െടന്നും ആലുവ പാലസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

ഘര്‍ വാപസിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. അതു കോടതിയുടെ പരിഗണനയിലുമാണ്. ഇനി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. പ്രമുഖ നഗരങ്ങളില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ചു തനിക്കോ ബിജെപിക്കോ ഒരറിവുമില്ല. ഹിന്ദു മഹാസഭ ഒരു സ്വതന്ത്ര സംഘടനയാണ്. വിവാദം അവര്‍ തന്നെയാണു വിശദീകരിക്കേണ്ടത്.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ ബിജെപി നിലപാടുകളില്‍ നിന്നു പിന്നോക്കം പോകില്ല. അധികാരത്തില്‍ എത്തിയപ്പോള്‍ ബിജെപി പണ്ടു പറഞ്ഞതൊക്കെ മറക്കുകയാണെന്നു പറയുന്നതു ശരിയല്ല. ആധാര്‍ കാര്‍ഡ് നിരാകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.


കേരള രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണായക ശക്തിയാണെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില ചൂണ്ടിക്കാണിക്കുന്നത് പാര്‍ട്ടിക്കു സിപിഐയേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചുവെന്നാണ്. വരുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കും. സംസ്ഥാനത്തെ പാര്‍ട്ടിയുടെ അംഗസംഖ്യ ലക്ഷ്യം വച്ചതുപോലെ ഉയര്‍ത്താന്‍ ഇവിടത്തെ സംഘടനാ നേതൃത്വത്തിനാവും.

കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് ഏതെങ്കിലും പാര്‍ട്ടി മുന്നോട്ടുവന്നാല്‍ പാര്‍ട്ടി അക്കാര്യം പരിഗണിക്കും. മുന്‍മന്ത്രി ഗണേഷ്കുമാര്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിനു വ്യക്തികളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

പാലക്കാടു നടന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ അമിത് ഷാ വെള്ളിയാഴ്ച തങ്ങിയ ആലുവ പാലസില്‍ ഇന്നലെ രാവിലെയും സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പതിനൊന്നോടെ അദ്ദേഹം ചെന്നൈയ്ക്കു തിരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.