കലാമാമാങ്കത്തിനു മോടികൂട്ടാന്‍ പൂരപ്പന്തല്‍
കലാമാമാങ്കത്തിനു മോടികൂട്ടാന്‍ പൂരപ്പന്തല്‍
Sunday, December 21, 2014 11:57 PM IST
കോഴിക്കോട്: ജനുവരി 15 മുതല്‍ 21വരെ കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിക്കു മോടികൂട്ടാന്‍ പൂരപ്പന്തലൊരുങ്ങും. ഒന്നാംവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്കൂള്‍ ഗ്രൌണ്ടിന്റെ കവാടത്തിലാണു തൃശൂര്‍, നെന്മാറ പൂരങ്ങള്‍ക്കും മറ്റും ഒരുക്കുന്ന മാതൃകയിലുള്ള നിറപ്പകിട്ടാര്‍ന്ന പന്തല്‍ ഒരുങ്ങുക. അമ്പത് അടി ഉയരമുണ്ടാകുമെന്ന് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ചെറുതുരുത്തി സ്വദേശി പി.എം. ഉമ്മര്‍ പറഞ്ഞു. ചെറുതുരുത്തി സ്വദേശി കൃഷ്ണന്റെ നേതൃത്വത്തില്‍ അറുപതോളം തൊഴിലാളികളാണു രാവും പകലുമായി കലോത്സവ പന്തലുകളുടെയും സ്റേജുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആറുനില പന്തലാണു പ്രധാന വേദിയില്‍ ഇത്തവണ ഒരുങ്ങുന്നത്. ജനുവരി പത്തിനു വേദികളുടെയും പന്തലിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.

ഭക്ഷണപ്പുരയടക്കം നാല് പന്തലുകളാണു മേളയ്ക്കായി നിര്‍മിക്കുന്നത്. ക്രിസ്ത്യന്‍കോളജ് ഗ്രൌണ്ടിലെ 45,000 സ്ക്വയര്‍ഫീറ്റുള്ള ആറുനില പന്തലില്‍ പതിനായിരം പേര്‍ക്ക് ഒരേസമയം ഇരിക്കാനുള്ള സൌകര്യമുണ്ടാകും. ഇവിടെ 40 അടി നീളത്തിലും 30 അടി വീതിയിലുമാണ് സ്റ്റേജ് നിര്‍മിക്കുന്നത്. ചുമര്‍ച്ചിത്രങ്ങളാണ് ഇത്തവണത്തെ മുഖ്യപന്തലിലെ മറ്റൊരു ആകര്‍ഷണം. കോഴിക്കോട്ടെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, കലാ, സാംസ്കാരിക മേഖലയിലെ 140 പേരുടെ ചിത്രങ്ങളും പന്തലില്‍ സ്ഥാനം പിടിക്കും.

നാടകം ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ വേദിയായ തളി സാമൂതിരി ഹൈസ്കൂള്‍ ഫുട്ബോള്‍ ഗ്രൌണ്ടിലും നൃത്തമത്സരങ്ങള്‍ക്കു വേദിയാകുന്ന സാമൂതിരി ഹൈസ്കൂള്‍ ഗ്രൌണ്ടിലെയും പന്തലുകള്‍ രണ്ടായിരം സ്ക്വയര്‍ഫീറ്റിലാണ് തയാറാക്കുന്നത്. മൂവായിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ക്രിസ്ത്യന്‍കോളജ് ഊട്ടുപുരയൊരുങ്ങുക.


16 ലക്ഷം രൂപയ്ക്കാണു സ്റേജ്, പന്തല്‍ നിര്‍മാണം കരാര്‍ നല്‍കിയിരിക്കുന്നത്. 1994ലും 2002ലും കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് വേദികള്‍ നിര്‍മിക്കാന്‍ കരാറെടുത്തതും ഉമ്മര്‍ ആയിരുന്നു.

തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തിനാണ് ഇദ്ദേഹം അവസാനമായി കലോത്സവ പന്തലും വേദിയും നിര്‍മിക്കുന്നത്.

പന്തലിനു കാല്‍നാട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന പന്തലിനു കാല്‍നാട്ടി. ഒന്നാം വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടില്‍ മന്ത്രി ഡോ.എം.കെ. മുനീറാണ് കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചത്. സംഘാടകസമിതി ചെയര്‍പേഴ്സണ്‍ മേയര്‍ പ്രഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, സി.കെ. നാണു, പുരുഷന്‍ കടലുണ്ടി, സി. മോയിന്‍കുട്ടി, ജില്ലാ കളക്ടര്‍ സി.എ. ലത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ഷീബ, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മ, ഡിപിഐ ഇന്‍ ചാര്‍ജ് എല്‍. രാജു,സ്റേജ് ആന്‍ഡ് പന്തല്‍കമ്മിറ്റി കണ്‍വീനര്‍ വി.കെ. മൂസ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.