മദ്യനയം: സുധീരന്റേതു പൊറാട്ടു നാടകമെന്നു കോടിയേരി
മദ്യനയം: സുധീരന്റേതു പൊറാട്ടു നാടകമെന്നു കോടിയേരി
Sunday, December 21, 2014 11:55 PM IST
കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നടത്തുന്നതു പൊറാട്ടുനാടകമാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ മുസ്ലിംലീഗാണ് ഏറ്റവും വലിയ തട്ടിപ്പു നടത്തുന്നത്. അഞ്ചു മന്ത്രിമാരുള്ള ലീഗ് മന്ത്രിസഭായോഗത്തില്‍ എതിര്‍ത്തിരുന്നെങ്കില്‍ മദ്യനയം മാറ്റേണ്ടി വരില്ലായിരുന്നു. അവര്‍ക്കു മന്ത്രിസ്ഥാനമാണ് എന്തിനേക്കാളും വലുതെന്നും കോടിയേരി പറഞ്ഞു.

അത്മാര്‍ഥതയില്ലാതെയാണു സുധീരന്‍ പ്രസ്താവന നടത്തുന്നത്. താന്‍ പറഞ്ഞത് അംഗീകരിക്കാത്ത മന്ത്രിസഭയോടു രാജിവയ്ക്കാന്‍ പറയുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സുധീരന്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ആദ്യം സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. പിന്നീടു മദ്യനിരോധനവും മദ്യവര്‍ജനവും സമന്വയിപ്പിക്കുമെന്നായി. ഭരണം നിലനിര്‍ത്തുക എന്ന ഏക അജന്‍ഡ നടപ്പാക്കാന്‍ മദ്യമുതലാളിമാര്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്. ഇരുപതു കോടി രൂപ നാലു മന്ത്രിമാര്‍ക്കു നല്‍കിയെന്നു ബിജുരമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുള്ള പ്രത്യുപകാരമായാണു പൂട്ടിയ ബാറുകള്‍ക്കെല്ലാം ബിയറും വൈനും വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുന്നത്. ഈ ലൈസന്‍സിന്റെ മറവില്‍ വിദേശമദ്യ വില്‍പ്പനയാണു നടക്കാന്‍ പോകുന്നത്. നിയമസഭാ സമ്മേളനം അവസാനിച്ചതിനു പിന്നാലെ സഭയെ നോക്കുകുത്തിയാക്കിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. മദ്യ രാജാക്കന്മാര്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങി - കോടിയേരി കുറ്റപ്പെടുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.