പാലാ കണ്‍വന്‍ഷനു ജനപ്രവാഹം
പാലാ കണ്‍വന്‍ഷനു ജനപ്രവാഹം
Sunday, December 21, 2014 11:55 PM IST
പാലാ: മാതൃകാപരമായ ജീവിതം നയിച്ച പഴയ തലമുറയെ ഓര്‍ക്കണമെന്നും അവരുടെ പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും മനോഭാവം പുതിയ തലമുറ കൈവെടിയരുതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാംദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ദൈവത്തിന്റെ അദ്ഭുതം ആദ്യം സംഭവിക്കുന്നതു കുടുംബങ്ങളിലാണെന്നു യേശുവിന്റെ ആദ്യ അദ്ഭുതമായ കാനായിലെ കല്യാണത്തെക്കുറിച്ചു വിവരിക്കവേ ബിഷപ് പറഞ്ഞു. കുടുംബം തകരാറിലാണെങ്കില്‍ എല്ലാം കീഴ്മേല്‍ മറിയും. ഈ കാലഘട്ടത്തില്‍ നല്ല കുടുംബനാഥനോ കുടുംബനാഥയോ ആകുക എന്നത് വലിയ രക്തസാക്ഷിത്വമാണ്. ദൈവവിളിക്യാമ്പുകള്‍ പണ്ടുകാലങ്ങളില്‍ ഇല്ലായിരുന്നുവെന്നും അന്ന് ഓരോ കുടുംബവും ഒരു ദൈവവിളി ക്യാമ്പിന്റെ അനുഭവം പുതുതലമുറയ്ക്കു നല്‍കിയിരുന്നുവെന്നും ബിഷപ് പറഞ്ഞു. ഇനിയും കൂടുതല്‍ വിശുദ്ധര്‍ പാലായില്‍നിന്നുണ്ടാകണമെന്നും ബിഷപ് പറഞ്ഞു.

ഫാ. സെബാസ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ.ജോസ് അഞ്ചേരില്‍, ഫാ.ജോസഫ് കൊല്ലിത്താനത്തുമലയില്‍, ഫാ.ജോണ്‍ കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മോണ്‍. ജോസഫ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സായാഹ്ന കണ്‍വന്‍ഷന്‍ ആരംഭിച്ചു.

ഫാ. ഡൊമിനിക് വാളന്മനാല്‍ വചനസന്ദേശം നല്‍കി. വിശുദ്ധിയുള്ള ജീവിതത്തിലൂടെ മാത്രമേ നമുക്കു ദൈവത്തെ കാണാനും മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കാനും കഴിയൂ. നമുക്കു ചുറ്റും അടയാളങ്ങളും അദ്ഭുതങ്ങളും നടക്കുന്നുണ്െടന്നും അതു കാണാന്‍ കഴിയണമെങ്കില്‍ ജീവിതം നിര്‍മലമായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


മാര്‍ ജേക്കബ് മുരിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

മൂന്നാം ദിവസമായ ഇന്നു രാവിലെ 9.30ന് കണ്‍വന്‍ഷന്‍ തുടങ്ങും. ഫാ. ഡേവിസ് ചിറമ്മല്‍, ഫാ. ഡൊമിനിക് വാളന്മനാല്‍ എന്നിവര്‍ വചനസന്ദേശം നല്‍കും. 11.30 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30 മോണ്‍. ജോസഫ് കുഴിഞ്ഞാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

രാവിലെയും വൈകുന്നേരവുമായി നടക്കുന്ന കണ്‍വന്‍ഷനില്‍ പതിനായിരങ്ങളാണ് വചനം ശ്രവിക്കാനെത്തുന്നത്. ട്രാഫിക് ക്രമീകരണങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെയും വോളന്റിയേഴ്സിന്റെയും സേവനവും സജീവമായുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.